തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍. സാധാരണ ബി.ജെ.പി പ്രവര്‍ത്തകനാണ് താനിപ്പോഴെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതില്‍ കെ. സുരേന്ദ്രന്‍ വിശദീകരിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു.
‘അച്ചടക്കമുള്ള പ്രവര്‍ത്തകനായ ഞാന്‍ ബി.ജെ.പിക്ക് കുഴപ്പം വരുന്ന ഒരു പ്രതികരണവും നടത്തില്ല. രാജ്യം ആദ്യം, പാര്‍ട്ടി പിന്നീട്, സ്വയം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഗോസിപ്പുകളോട് പ്രതികരിക്കണമെന്ന് തനിക്ക് തോന്നുന്നില്ല. പറയേണ്ടത് പാര്‍ട്ടിയുടെ ഉചിതമായ ഫോറങ്ങളില്‍ പറയും. എവിടെ പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നോ, അവിടെ പ്രവര്‍ത്തിക്കും.
പാര്‍ട്ടിക്ക് വേണ്ടി ഏത് പ്രവര്‍ത്തനം ചെയ്യാനും മടിയില്ല. പൊതുജനങ്ങളെ സേവിക്കാന്‍ ഏതെങ്കിലും പദവി വേണമെന്നു തനിക്ക് നിര്‍ബന്ധമില്ല,’ സന്ദീപ് വാര്യര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആരോപണങ്ങളുണ്ടെങ്കില്‍ തെളിയിക്കാന്‍ ആരായാലും തയ്യാറാകണം. വെറുതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല ചെയ്യേണ്ടതെന്നും സന്ദീപ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപ് വാര്യറെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നത്.
പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങിയിരുന്നു.