പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബി.ജെ.പിക്കുള്ളില്‍ ഭിന്നത. മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍ ഒഴിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തനിക്ക് സീറ്റ് നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചിട്ടും തന്നെ അവഗണിച്ചുവെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അനുനയ നീക്കത്തോട് സന്ദീപ് വാര്യര്‍ മുഖം തിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായുള്ള അഭിപ്രായ വ്യത്യാസവും അനുനയ നീക്കത്തിന് വെല്ലുവിളിയാകുന്നുണ്ട്.
സന്ദീപ് വാര്യര്‍ ചുമതലതയില്‍ നിന്ന് മാറിനില്‍ക്കുന്നത് പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്.
മൂത്താന്തറയിലെ പ്രശ്നപരിഹാരത്തിനായി സന്ദീപ് വാര്യര്‍ ഇടപെട്ടത് നേതൃനിരയിലെ മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയെന്നും പറയുന്നു. പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയപ്പോര് തുടങ്ങിവെച്ച ബി.ജെ.പി നേതാവ് കൂടിയായിരുന്നു സന്ദീപ് വാര്യര്‍.
1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന എം.എസ്. ഗോപാലകൃഷ്ണന്‍ അന്നത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് പിന്തുണ തേടി കത്തയച്ചതിന്റെ തെളിവുകള്‍ സന്ദീപ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
ചാനല്‍ ചര്‍ച്ചയിലെ വെല്ലുവിളികള്‍ക്ക് മറുപടിയായാണ് സന്ദീപ് വാര്യര്‍ അന്നത്തെ കത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദീപ് വാര്യര്‍ പ്രചരണ ചുമതലകളില്‍ നിന്ന് പിന്മാറിയിരിക്കുന്നത്.
Content Highlight: Sandeep Warrier resigned from Palakkad campaign duties