Advertisement
Cricket
ഒറ്റ വിക്കറ്റിൽ മലയാളി പയ്യന് മുന്നിൽ വീണ് റാഷിദ് ഖാൻ; ഗുജറാത്തിലെ രണ്ടാമൻ, ഇവന് മുന്നിൽ ഷമി മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 11, 07:06 am
Saturday, 11th May 2024, 12:36 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ 35 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 55 പന്തില്‍ 104 റണ്‍സാണ് ഗില്‍ നേടിയത്. ഒമ്പത് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും ആണ് ഗുജറാത്ത് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

51 പന്തില്‍ 103 റണ്‍സ് നേടിയായിരുന്നു സായിയുടെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളുടെയും ഏഴ് സിക്സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.

ഗുജറാത്ത് ബൗളിങ്ങില്‍ മോഹിത് ശര്‍മ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. മലയാളി താരം സന്ദീപ് വാര്യര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിലെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അജിങ്ക്യ രഹാനയെ പുറത്താക്കി കൊണ്ടാണ് സന്ദീപ് വാര്യര്‍ കരുത്തുകാട്ടിയത്. സന്ദീപിന്റെ പന്തില്‍ രാഹുല്‍ തിവാട്ടിയക്ക് ക്യാച്ച് നല്‍കിയാണ് രഹാനെ പവലിയനിലേക്ക് മടങ്ങിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സന്ദീപ് സ്വന്തമാക്കിയത്. 2023 മുതലുള്ള കണക്കുകള്‍ പ്രകാരം ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് സന്ദീപിന് സാധിച്ചത്. ആറ് വിക്കറ്റുകളാണ് പവര്‍ പ്ലേയില്‍ സന്ദീപ് വീഴ്ത്തിയത്.

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അഫ്ഗാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ മറികടന്നു കൊണ്ടായിരുന്നു മലയാളി താരത്തിന്റെ മുന്നേറ്റം. 17 വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത്.

ചെന്നൈക്കായി 34 പന്തില്‍ 63 റണ്‍സ് നേടി ഡാറില്‍ മിച്ചലും 36 പന്തില്‍ 56 റണ്‍സ് നേടി മോയിന്‍ അലിയും മികച്ച പ്രകടനം നടത്തിയെങ്കിലും ചെന്നൈ പരാജയപ്പെടുകയായിരുന്നു.

Content Highlight: Sandeep Warrier great performance for Gujarath Titans