ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് ദല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ഗുജറാത്ത് ബൗളിങ്ങില്‍ താരങ്ങളെല്ലാം കൂടുതല്‍ റണ്‍സ് വിട്ടു നല്‍കിയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു ദല്‍ഹി താരങ്ങള്‍. ഗുജറാത്ത് ബൗളിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടു നല്‍കിയത് മോഹിത് ശര്‍മ ആയിരുന്നു. നാല് ഓവറില്‍ 73 റണ്‍സാണ് മോഹിത് വഴങ്ങിയത്.
അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ്, നൂര്‍ അഹമ്മദ് എന്നിവരും വന്‍തോതില്‍ റണ്‍സ് വിട്ടുനല്‍കി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 35 റണ്‍സും ഒമര്‍സായ് 33 റണ്‍സും നൂര്‍ മൂന്ന് ഓവറില്‍ 36 റണ്‍സുമാണ് വിട്ടു നല്‍കിയത്.
കഴിഞ്ഞ പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തില്‍ നാലു വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തിയ രവിശ്രീനിവാസന്‍ സായ് കിഷോര്‍ ഒരു ഓവറില്‍ 22 റണ്‍സും വിട്ടുനല്‍കി.
എന്നാല്‍ ഗുജറാത്ത് ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് മലയാളി താരം സന്ദീപ് വാര്യര്‍ മാത്രമായിരുന്നു. ഇമ്പാക്ട് പ്ലെയര്‍ ആയി വന്നുകൊണ്ട് മൂന്ന് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് സന്ദീപ് സ്വന്തമാക്കിയത്. ദല്‍ഹി തരങ്ങളായ പ്രിത്വി ഷാ, ജേസ് ഫ്രാസര്‍ മക്കര്‍ക്ക്, ഷായ് ഹോപ്പ് എന്നീ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടായിരുന്നു മലയാളി താരം കരുത്തുകാട്ടിയത്.
അതേസമയം മത്സരത്തില്‍ ക്യാപ്പിറ്റല്‍ നായകന്‍ റിഷബ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ദല്‍ഹി മികച്ച ടോട്ടല്‍ എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിക്കൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളുടെയും എട്ട് സിക്‌സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.
പന്തിനു പുറമേ അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും നാല് സിക്‌സുകളും ആണ് താരം നേടിയത്.
ഗുജറാത്തിനായി സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും വൃദിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ദല്‍ഹി ബൗളിങ്ങില്‍ റാഷിക്ക് സലാം മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ആന്റിച്ച് നോര്‍ക്കെ, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Sandeep Warrier great performance against Delhi Capitals