തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കൂടി വരുന്ന പശ്ചാത്തലത്തിലും തൃശൂര്‍ പൂരം നിര്‍ത്തിവെക്കാന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍.
യുക്തിസഹമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കോളൂ. എന്നാല്‍ പൂരം നടത്തിപ്പും ആചാരങ്ങളും അട്ടിമറിക്കാന്‍ വേണ്ടിയുള്ള അപ്രായോഗികമായ കടുംപിടുത്തം അരുത് എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലെഴുതിയത്.
തൃശൂര്‍ പൂരം നടത്തില്ല എന്ന പിടിവാശിയുമായി ഡി.എം.ഒ അടക്കമുള്ള ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് അസഹിഷ്ണുതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഉത്തരാഖണ്ഡില്‍ കുംഭമേള നടത്തിയതിന് പിന്നാലെ നിരവധി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും സമാനമായ സാഹചര്യം ഉണ്ടാവാന്‍ ഇടയുണ്ടെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ സംവിധായകന്‍ ഡോ. ബിജു തുടങ്ങി നിരവധി പേര്‍ പൂരം നടത്താനുള്ള നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തൃശൂര്‍ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡി.എം.ഒ അടക്കമുള്ള ചിലര്‍ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്പില്‍ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുതയാണ്.
സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പൂരം നടത്താന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത്.
അതിനായി പരിഭ്രാന്തി പരത്താനുള്ള വീഡിയോ സന്ദേശങ്ങളടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇലക്ഷന്‍ സമയത്ത് ബഹുമാന്യയായ ഡിഎംഒ എന്തേ മിണ്ടാതിരുന്നൂ ? തൃശൂരില്‍ പൂരത്തിന് മുമ്പ് തന്നെ കോവിഡ് വ്യാപനമുണ്ടായെങ്കില്‍ ഇലക്ഷന്‍ കാലത്ത് ഉത്തരവാദിത്വം മറന്ന മാഡം തന്നെയല്ലേ ഉത്തരവാദി ?
യുക്തിസഹമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കോളൂ . എന്നാല്‍ പൂരം നടത്തിപ്പും ആചാരങ്ങളും അട്ടിമറിക്കാന്‍ വേണ്ടിയുള്ള അപ്രായോഗികമായ കടുംപിടുത്തം അരുത്. പൂരത്തിലെ പ്രധാന ഭാഗമായ ആനകളുടെ എഴുന്നള്ളിപ്പിന് വിഘാതമായേക്കാവുന്ന തരത്തിലുള്ള നിബന്ധനകള്‍ പിന്‍വലിക്കണം. ആനക്കാരില്‍ സിംപ്റ്റമാറ്റിക് ആയവര്‍ക്ക് മാത്രമായി പരിശോധന നടത്താം. എന്നാല്‍ എല്ലാവരെയും പരിശോധിക്കും എന്ന കടുംപിടുത്തം വന്നതോടെ ആനകള്‍ മുടങ്ങുന്ന അവസ്ഥയുണ്ട്. ഇത് പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും.
ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പൂരത്തിനെത്താം എന്ന ആദ്യ ജി.ഒ പ്രകാരം തന്നെ ജനങ്ങളെ പ്രവേശിപ്പിക്കണം. രണ്ടാം ഡോസിന് സമയമായിട്ടില്ലാത്തതിനാല്‍ ഭൂരിഭാഗം പേരെയും തടയുന്ന അവസ്ഥ ഉണ്ടാക്കരുത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍ട്രി പോയന്റുകള്‍ വഴി കടത്തിവിടാനാണ് പോലീസ് തയ്യാറാവേണ്ടത്. ആയിരക്കണക്കിന് പേര്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ജാഗ്രത സൈറ്റില്‍ അപ് ലോഡ് ചെയ്യണം എന്നതൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചുള്ള നിബന്ധനകളാണ്.
അങ്ങേയറ്റം ജാഗ്രതയോടെ, കോവിഡ് നിബന്ധനകള്‍ പാലിച്ച് പൂരം നടത്താന്‍ തയ്യാറായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെയും ഘടകപൂരക്കമ്മിറ്റികളെയും അഭിനന്ദിക്കുന്നു .
തൃശൂര്‍ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകള്‍ കൊണ്ടുവന്ന് പൂരത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുന്നു .
തൃശൂര്‍ പൂരം ടി.വിയിലെങ്കിലും ലോകം മുഴുവന്‍ കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്. കോവിഡ് ടെസ്റ്റ് നടത്തി സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ പൂരം നടക്കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Sandeep Warrier asks to proceed with Thrissur Pooram amid covid surge