| Monday, 15th November 2021, 9:40 am

'കാര്‍ട്ടൂണ്‍ അനുമോദനം അര്‍ഹിക്കുന്നു'; നാടിന്റെ നട്ടെല്ല് പശുവും കാവിയുമാണെന്ന് സന്ദീപ് വാചസ്പതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണിനെ ‘അഭിനന്ദിച്ച്’ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

കാര്‍ട്ടൂണ്‍ വരച്ചയാള്‍ അനുമോദനം അര്‍ഹിക്കുന്നെന്നും ചൈനാ തലയന്മാര്‍ക്ക് തുല്യം നില്‍ക്കാന്‍ രാജ്യത്തെ നയിക്കാന്‍ പശു മതിയെന്ന കണ്ടെത്തലിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിന് ശാന്തി മന്ത്രം ഓതി കൊടുത്തവരും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് ഉപദേശിച്ചതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ സംഭാവന ചെയ്തതും സൂപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചതും ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതും എല്ലാം ഇതേ കാവി പശുക്കള്‍ തന്നെയാണ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പശുവിനെ ആരാധിക്കുന്ന കാഷായം ധരിക്കുന്ന ഈ പ്രാകൃതന്മാര്‍ തന്നെയാണ് അറിവിന്റെ ഭണ്ഡാരമായ വേദങ്ങള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെ വിടുമെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

‘മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല.

നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരും,’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  BJP state spokesperson Sandeep Wachaspathy ‘congratulates’ Kerala Lalithakala Academy award winning cartoon

We use cookies to give you the best possible experience. Learn more