| Friday, 28th August 2020, 3:43 pm

ജനം ടി.വി ബി.ജെ.പി ചാനല്‍ അല്ല, അനില്‍ നമ്പ്യാര്‍ക്ക് ബന്ധം കോടിയേരിയുമായി:സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനം ടി.വിയുടെ ബി.ജെ.പി ബന്ധം നിഷേധിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ചാനലിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായ അനില്‍ നമ്പ്യാര്‍ ബി.ജെ.പിക്കാരനല്ലെന്നും സന്ദീപ് പറഞ്ഞു. ന്യൂസ് 18 മലയാളത്തോടാണ് സന്ദീപിന്റെ ഈ പ്രതികരണം.

‘അനില്‍ നമ്പ്യാര്‍ക്ക് ബി.ജെ.പിയുമായി എന്ത് ബന്ധമാണുള്ളത്. അയാള്‍ എങ്ങനെ ബി.ജെ.പി ക്കാരനാകും. എനിക്കറിയാവുന്നിടത്തോളം അനില്‍ നമ്പ്യാര്‍ക്ക് കൂടുതല്‍ ബന്ധം സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനോടാണ്. അനിലിന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചു നോക്കു… കൂടുതല്‍ കോളുകളും പോയിരിക്കുന്നത് കോടിയേരിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ്’- സന്ദീപ് പറഞ്ഞു.

സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചതിനു പിന്നാലെ ചാനലിന് ബിജെപിയുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ജനം ടി.വി ബി.ജെ.പിയുടെ ചാനല്‍ അല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.

‘ജനം ബി.ജെ.പി ചാനല്‍ അല്ല, ബി.ജെ.പി നിയന്ത്രിക്കുന്നതല്ല, ഒരുകൂട്ടം ദേശ സ്നേഹികളാണ് ചാനല്‍ നടത്തുന്നത്. അനില്‍ നമ്പ്യാരെ കസ്റ്റംസ് വിളിച്ചത് താന്‍ അറിഞ്ഞില്ലെന്നും ഇന്നാണോ പോയിരിക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പോയിട്ട് വരട്ടെ അത് ബി.ജെ.പിയുമായി കൂട്ടി കുഴയ്ക്കരുതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കേരളത്തില്‍ സംഘപരിവാറിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ചാനലുകളിലൊന്നാണ് ജനം ടിവി. എന്നാല്‍ ചാനലിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പുറത്ത് വന്ന ശേഷമാണ് നേതാക്കള്‍ ചാനലിന് ബിജെപിയുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞ് രംഗത്തെത്താന്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം അനില്‍ നമ്പ്യാര്‍ കസ്റ്റംസിന് മുന്‍പില്‍ ഹാജരായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരില്‍ നിന്ന് ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോണ്‍സുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാന്‍ സ്വപ്നയോട് പറഞ്ഞത് അനില്‍ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാര്‍ത്ത ശേഖരിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നാണ് അനില്‍ നമ്പ്യാര്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി ബി.ജെ.പിയുടെ നേതാക്കാളെ അടുപ്പിച്ചത് താന്‍ പറഞ്ഞത് പ്രകാരമാണെന്ന് സ്വപ്നയുടെ മൊഴി അനില്‍ നമ്പ്യാര്‍ ശരിവെച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സ്വപ്ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയതിരുന്നു.

സ്വപ്ന സുരേഷടക്കം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബി.ജെ.പി നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതു സംബന്ധച്ച വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായും സൂചനയുണ്ട്.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കില്‍ സരിത്തിനോട് കുറ്റം ഏല്‍ക്കാന്‍ പറയണമെന്നും ബാക്കിയെല്ലാം തങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞതായി സ്വപ്ന മൊഴിനല്‍കിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

സംസ്ഥാന ബി.ജെ.പി നേതാക്കളില്‍ ചിലരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണ സംഘത്തോട് അനില്‍ നമ്പ്യാര്‍ വിവരങ്ങള്‍ പങ്കുവെച്ചതായി സൂചനയുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: sandeep varrier denies bjp allegation about janam tv

We use cookies to give you the best possible experience. Learn more