'മലപ്പുറവുമായുള്ളത് പൊക്കിള്‍കൊടി ബന്ധം'; പാണക്കാടെത്തി സന്ദീപ് വാര്യര്‍
Kerala News
'മലപ്പുറവുമായുള്ളത് പൊക്കിള്‍കൊടി ബന്ധം'; പാണക്കാടെത്തി സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2024, 9:52 am

മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാടെത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗ് നേതാക്കളുമായി സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തി.

മുസ്‌ലിം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്ന് പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപ് വാര്യര്‍ പറഞ്ഞു.

തുടര്‍ന്ന് എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തിയത്.

കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരമാണ് സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനം. സന്ദര്‍ശത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സന്ദീപ് വാര്യര്‍, ബി.ജെ.പിയെ തല്ലിയാലും അവര്‍ നന്നാവില്ലെന്നും പറഞ്ഞു.

തന്നെ കൊല്ലാന്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും ചേര്‍ന്നായിരിക്കും ഇന്നോവ അയക്കുന്നതെന്നും തന്റെ മുന്‍കാല നിലപാടുകള്‍ ബി.ജെ.പിയുടെ ഭാഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണെന്നും സന്ദീപ് പ്രതികരിച്ചു. മുന്നണിയില്‍ നില്‍ക്കുമ്പോള്‍ മുസ്‌ലിം ലീഗിനെ ബഹുമാനിക്കേണ്ടതുണ്ടെന്നും സന്ദീപ് പറഞ്ഞു.

ഇന്നലെ (ശനിയാഴ്ച)യാണ് ബി.ജെ.പി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സന്ദീപിന്റെ പാര്‍ട്ടിമാറ്റം പ്രഖ്യാപിച്ചത്.

നേരത്തെ സന്ദീപ് വാര്യരും ബി.ജെ.പിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം സി.പി.ഐ.എമ്മിലേക്ക് പോവുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം.

കെ. സുരേന്ദ്രനും സംഘവും കാരണമാണ് താന്‍ കോണ്‍ഗ്രസില്‍ വന്നിരിക്കുന്നതെന്നും അതിനാലാണ് സ്നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പെടുത്തതെന്നും സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബലിദാനിയുടെ ഫോട്ടോ വെച്ച് വോട്ട് തേടുന്ന സംഘടനയായി ബി.ജെ.പി മാറിയെന്നും സംഘടനയെ വിശ്വസിക്കുന്നവരെല്ലാം തെറ്റിദ്ധാരണയിലാക്കപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Sandeep varier visited in Panakkad