2023ലെ ഏറ്റവും മികച്ച സിനിമയാണ് സന്ദീപ് റെഡ്ഡി വങ്കാ സംവിധാനം ചെയ്ത അനിമലെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. ഇത് തുറന്ന് പറയാന്‍ ഒരുപാട് സമയമെടുത്തുവെന്നും കാരണം ആളുകള്‍ തന്നെ ജഡ്ജ് ചെയ്യുമെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. അനിമല്‍ പോലെ ഒരു സിനിമക്കുള്ള വാക്‌സിനേഷനാണ് താന്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി എന്നും ചിലര്‍ വന്ന് പറഞ്ഞുവെന്നും കരണ്‍ പറഞ്ഞു. ഗലാട്ട പ്ലസ് ചാനല്‍ നടത്തിയ മെഗാ പാന്‍ ഇന്ത്യന്‍ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു കരണ്‍. സന്ദീപ് റെഡ്ഡിയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
‘എനിക്ക് അനിമല്‍ ഇഷ്ടപ്പെട്ടിരുന്നു. നിങ്ങള്‍ റോക്കി ഓര്‍ റാണി ചെയ്തു, ആനിമല്‍ പോലെ ഒരു സിനമക്ക് പറ്റിയ വാക്‌സിനേഷനാണ് നിങ്ങളുടെ സിനിമ എന്ന് കുറച്ച് പേര്‍ എന്നോട് പറഞ്ഞു. അനിമലിന്റെ നേരെ എതിരാണ് റോക്കി ഓര്‍ റാണി. എനിക്ക് അവരോട് തര്‍ക്കിക്കാനാവില്ല, കാരണം എന്നെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയാണ് അനിമല്‍.
ഒരുപാട് ധൈര്യം സംഭരിച്ചാണ് ഞാന്‍ അത് പറഞ്ഞത്. കാരണം ആളുകള്‍ ചുറ്റുമുള്ളപ്പോള്‍ അവര്‍ നമ്മെ വിലയിരുത്തും എന്ന ഭയമാണ്. കബീര്‍ സിങ് എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എന്നാല്‍ അത് പറഞ്ഞാല്‍ ചിലര്‍ വല്ലാത്ത രീതിയില്‍ എന്നെ നോക്കും. പക്ഷേ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല,’ കരണ്‍ പറഞ്ഞു.
റോക്കി ഓര്‍ റാണിയുടെ റിലീസ് ദിനത്തില്‍ അനുഭവിച്ച ആശങ്കയെ പറ്റിയും അദ്ദേഹം സംസാരിച്ചു. ‘പ്രണയ കഥകള്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് ഇല്ല. ഓവര്‍സീസിലോ ഇന്ത്യയിലോ അതിന് മാര്‍ക്കറ്റ് ഇല്ല. 90കളില്‍ കുച്ച് കുച്ച് ഹോത്താ ഹേ യോ കഭി ഖുഷി കഭി ഹം സിനിമയോ ഉണ്ടാക്കിയത് പോലെ ഒരു സ്വാധീനം ഇന്നുണ്ടാവില്ല എന്ന് പലരും പറഞ്ഞു.
റോക്കി ഓര്‍ റാണിയുടെ റിലീസിന് തലേന്നാള്‍ എനിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമെന്ന് തോന്നി. എന്റെ ശരീരമാകെ വിറക്കാന്‍ തുടങ്ങി. സിനിമയുടെ സ്‌ക്രീനിങ് നടക്കുന്ന ദിവസം പലരും എന്നോട് വന്ന് ഞാന്‍ ഓക്കെയാണോ എന്ന് ചോദിച്ചു. കാരണം ശരീരമാകെ വിറക്കുകയാണ്. ഇതുപോലെയുള്ള സിനിമ പ്രേക്ഷകരമായി കണക്ടാവില്ല എന്ന് തോന്നി. എന്നാല്‍ ഷോ തുടങ്ങി അല്‍പസമയത്തിനുള്ളില്‍ ആളുകള്‍ കയ്യടിക്കാന്‍ തുടങ്ങി. തിയേറ്ററില്‍ ചിരി കേള്‍ക്കാന്‍ തുടങ്ങി. ഞാന്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം ഇന്ത്യയിലും വിദേശത്തും ഉണ്ടായി,’ കരണ്‍ പറഞ്ഞു.
Content Highlight: Sandeep Vanka Reddy’s Animal is the best film of 2023, says director Karan Johar