| Friday, 19th March 2021, 10:10 pm

കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ തെമ്മാടിത്തരം കാണിക്കാന്‍ നിനക്കെന്താണ് അവകാശം, തല്ലി നടുവൊടിക്കണം; സന്ദീപ് വചസ്പതിയോട് പൊട്ടിത്തെറിച്ച് എന്‍.എം പിയേഴ്‌സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയോട് ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിത്തെറിച്ച് ഇടത് സഹയാത്രികന്‍ എന്‍.എം പിയേഴ്‌സണ്‍. കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതിയെന്ന് പിയേഴ്‌സണ്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി എന്ന് പിയേഴ്‌സണ്‍ പറഞ്ഞു.

പിയേഴ്‌സണിന്റെ വാക്കുകള്‍:

‘സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി. എന്റെ അടുക്കളയില്‍ എന്റെ മെക്കിട്ട് കേറാന്‍ വരുന്ന തെമ്മാടിയെ എന്താണ് ചെയ്യേണ്ടത്. തല്ലി നടുവൊടിച്ചിടുകയാണ് ചെയ്യേണ്ടത്.

കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതി എന്നാണ് എനിക്ക് പറയാനുള്ളത്. കമ്മ്യൂണിസ്റ്റുകാരന്റെ പൈതൃകത്തില്‍ കയറാന്‍ ഇവനാര്. ഇവനെന്ത് അവകാശം. പുന്നപ്ര വയലാര്‍ സമരം എന്നത് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധമായിരുന്നു.

ഇത്തരം തെമ്മാടിത്തരം കാണിക്കാന്‍ നിനക്കെന്താണ് അവകാശം. തോന്നിവാസങ്ങള്‍ കാണിക്കുന്നതിന് പരിധിയില്ലേ’, എന്നായിരുന്നു പിയേഴ്‌സണ്‍ പറഞ്ഞത്.

നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു വചസ്പതി പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.

കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് തന്റെ കടമയാണെന്നുമാണ് സന്ദീപ് അവകാശപ്പെട്ടത്.


ഈ നാടിന് വേണ്ടി ബലിദാനികളായ സാധരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും സന്ദീപ് വചസ്പതി പ്രതികരിച്ചു.

”കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമാണിത്. പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവെയ്പ്പില്‍ എത്രപേര്‍ മരിച്ചുവീണ് എന്നതിന് സി.പിഐ.എം നേതാക്കളുടെ പക്കല്‍ ഒരു കണക്കുമില്ല. തോക്കിന് മുന്നിലേക്ക് സാധാരണക്കാരെ തള്ളിവിടുകയായിരുന്നു. കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞങ്ങള്‍ എത്തിയത്. ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് എന്റെ കടമയാണ്” സന്ദീപ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sandeep Vachaspathi NM Pierson Punnapra Vayalar

We use cookies to give you the best possible experience. Learn more