ലക്‌നൗ: തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയ്ക്കുവേണ്ടി ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്നാരോപിച്ച് യു.പി സ്വദേശി അറസ്റ്റില്‍. സന്ദീപ് ശര്‍മ്മ എന്ന അദിലിനെയാണ് യു.പിയിലെ മുസാഫിര്‍ നഗറില്‍ നിന്നും ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ ബാഷിര്‍ അഹമ്മദ് വാനി എന്ന ബാഷിര്‍ ലഷ്‌കരിയുടെ അടുത്ത അനുയായിയാണ് അറസ്റ്റിലായ സന്ദീപ് ശര്‍മ്മയെന്ന് കശ്മീര്‍ പൊലീസ് പറയുന്നു. അച്ബാല്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഫെറോസ് അഹമ്മദ് ദാര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ കൊലപ്പെടുത്തിയ ലഷ്‌കര്‍ സംഘത്തിന്റെ ഭാഗമായിരുന്നു സന്ദീപ് എന്നും പൊലീസ് പറയുന്നു. ജൂണ്‍ 16നാണ് ഇവര്‍ കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം നടത്താനും എ.ടി.എമ്മുകള്‍ കൊള്ളയടിക്കാനുമാണ് ലഷ്‌കര്‍ സന്ദീപിന്റെ സഹായം തേടിയിരുന്നത്. കൂടാതെ ഇവര്‍ ജമ്മു കശ്മീരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്നും കശ്മീര്‍ ഐ.ജി.പി മുനിര്‍ ഖാനെ ഉദ്ധരിച്ച് ഇന്ത്യാ.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.
2012ലാണ് സന്ദീപ് കശ്മീരിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വേനല്‍ക്കാലത്ത് വെല്‍ഡറായി ജോലി ചെയ്തിരുന്ന ഇയാള്‍ മഞ്ഞുകാലങ്ങളില്‍ താഴ്‌വരയ്ക്കു പുറ്േത്തക്കു പോകും. ഇതിന്റെ ഭാഗമായി അദ്ദേഹം കുല്‍ഗും എന്ന സ്ഥലത്ത് ഒരു ഇടംവാടകയ്ക്ക് എടുക്കുകയും ചെയ്തു.
അവിടെവെച്ച് പ്രദേശവാസികളായ ഷാഹിദ് അഹമ്മദ്, മുനീബ് ഷാ, മുസഫര്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം കശ്മീരിലെ എ.ടി.എമ്മുകള്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു. ഇവിടെവെച്ചാണ് അദ്ദേഹം ലഷ്‌കര്‍ ഭീകരന്‍ ഷാക്കൂര്‍ അഹമ്മദുമായി ബന്ധം സ്ഥാപിച്ചതെന്നും മുനിര്‍ ഖാന്‍ പറയുന്നു.