| Tuesday, 23rd April 2024, 11:54 am

2022 ലേലത്തിൽ ഒരു ടീമും വാങ്ങിയില്ല, ഒടുവിൽ രാജസ്ഥാനിൽ എത്തി: സഞ്ജുവിന്റെ രക്ഷകൻ പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്‍ ബൗളിങ്ങില്‍ സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി. നാല് ഓവറില്‍ 18 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മുംബൈ താരങ്ങളായ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ജെറാള്‍ഡ് കൊട്സീ എന്നിവരെ പുറത്താക്കിയാണ് സന്ദീപ് ശര്‍മ കരുത്തുകാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സന്ദീപ് സ്വന്തമാക്കി.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ തന്റെ വെല്ലുവിളികള്‍ നിറഞ്ഞ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് സന്ദീപ് ശര്‍മ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് നടന്ന ഐ.പി.എല്‍ ലേലത്തില്‍ തന്നെ ഒരു ടീമും വാങ്ങിയില്ലെന്നും അവിടെനിന്നും തന്റെ ക്രിക്കറ്റ് ജീവിതം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്നുമാണ് സന്ദീപ് ശര്‍മ പറഞ്ഞത്.

‘മത്സരത്തിലെ പിച്ച് സ്ലോവും പതുക്കെയും ഉള്ളതായിരുന്നു. അതുകൊണ്ടുതന്നെ മത്സരത്തില്‍ ബൗളിങ്ങില്‍ വ്യത്യാസം വരുത്താന്‍ എനിക്ക് സാധിച്ചു. മത്സരത്തില്‍ അവസാനം വരെ ബൗള്‍ ചെയ്യണമെങ്കില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം മുമ്പ് ലേലത്തില്‍ എന്നെ ആരും എടുത്തില്ല. ആ സമയങ്ങളില്‍ പോലും ഞാന്‍ ക്രിക്കറ്റിലെ എല്ലാ കളികളും നന്നായി ആസ്വദിച്ചിരുന്നു,’ സന്ദീപ് ശര്‍മ മത്സരശേഷം പറഞ്ഞു.

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു തോല്‍വിയുമായി 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 27ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.

Content Highlight: Sandeep Sharma talks about his cricket Life

We use cookies to give you the best possible experience. Learn more