രാജസ്ഥാന് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ തന്റെ ഐ.പി.എല്‍ കരിയര്‍ വീണ്ടെടുക്കാന്‍ സഹായിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദീപ് ശര്‍മ. 2023 താരലേലത്തില്‍ ഒരു ടീം പോലും തന്നെ സ്വന്തമാക്കിയില്ലെന്നും ആ സമയത്ത് സഞ്ജു സാംസണാണ് തന്നെ സഹായിച്ചതെന്നും സന്ദീപ് ശര്‍മ പറയുന്നു. ശേഷം ആ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സന്ദീപ് ശര്‍മയെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും ലേലത്തില്‍ ആരും തന്നെ സ്വന്തമാക്കാത്തത് വിഷമമുണ്ടാക്കിയെന്ന് പറഞ്ഞ സന്ദീപ്, സഞ്ജു തന്നെ ടീമിന്റെ ഭാഗമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരക്കാരനായാണ് സന്ദീപ് ശര്‍മ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിയത്. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച സീസണുകളായിരുന്നു രാജസ്ഥാന്‍ റോയല്‍സിലേത്.
‘സഞ്ജുവില്‍ നിന്നും എനിക്കൊരു കോള്‍ ലഭിച്ചു. ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ അദ്ദേഹമെന്നോട് സംസാരിച്ചു. എന്നെ ഒരു ടീമും സ്വന്തമാക്കാത്തത് വ്യക്തിപരമായി സഞ്ജുവിന് എത്രത്തോളം സങ്കടമുണ്ടാക്കിയെന്നും അദ്ദേഹം എന്നോട് തുറന്നുപറഞ്ഞു.
അദ്ദേഹം എന്നെ വിശ്വസിച്ചിരുന്നു, ഈ ആ സീസണില്‍ എനിക്ക് അവസരം ലഭിക്കുമെന്നും ഉറപ്പുനല്‍കി. രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള എല്ലാ ടീമുകളിലും പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹമെന്നോട് പറഞ്ഞു. ആ സീസണില്‍ ഞാന്‍ ഐ.പി.എല്‍ കളിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു,’ സന്ദീപ് ശര്‍മയുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
‘ആ സമയത്ത് സഞ്ജു സാംസണ്‍ മാത്രമാണ് എന്നെ പോസിറ്റീവായി ഇരിക്കാന്‍ സഹായിച്ചത്. അത് എന്നെ ഒരുപാട് സഹായിച്ചു. ആ സമയത്ത് അദ്ദേഹം മാത്രമായിരുന്നു സംസാരിച്ചിരുന്നത്.
ശേഷം അദ്ദേഹമെന്നെ രാജസ്ഥാന്‍ ക്യാമ്പിലേക്ക് വിളിച്ചു. പ്രസിദ്ധിന് പരിക്കേറ്റതിനാല്‍ ഞാന്‍ ടീമിന്റെ ഭാഗമായി. അന്നുമുതല്‍ എന്റെ ഓരോ മത്സരവും അവസാനത്തേതാണ് എന്ന രീതിയില്‍ ഞാന്‍ ആസ്വദിച്ചുതുടങ്ങി,’ സന്ദീപ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ടീമിലെത്തിയ ആദ്യ സീസണില്‍ 12 മത്സരത്തില്‍ രാജസ്ഥാന് വേണ്ടി പന്തെറിഞ്ഞ താരം പത്ത് വിക്കറ്റുകളും നേടി. 39.60 ശരാശരിയിലും 8.61 എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. 27.60 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.
തൊട്ടടുത്ത സീസണില്‍ ഇതിലും മികച്ച പ്രകടനം നടത്താനും താരത്തിനായി. 27.07 ശരാശരിയിലും 7.89 എക്കോണമിയിലും പന്തെറിഞ്ഞ താരം 13 വിക്കറ്റുകള്‍ നേടി. ഒരു ഫൈഫറും ഇതില്‍ ഉള്‍പ്പെടും. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാമത് മാത്രം ഫൈഫര്‍ നേട്ടമായിരുന്നു അത്.
വരാനിരിക്കുന്ന മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സന്ദീപിനെ വീണ്ടും ടീമിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content highlight: Sandeep Sharma says how Sanju Samson revived his IPL career