രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ തന്റെ ഐ.പി.എല്‍ കരിയര്‍ വീണ്ടെടുക്കാന്‍ സഹായിച്ചതിനെ കുറിച്ചുള്ള സന്ദീപ് ശര്‍മയുടെ വാക്കുകള്‍ ഏറെ ആവേശത്തോടെയും അതിലധികം സന്തോഷത്തോടെയുമാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്.
2023 താരലേലത്തില്‍ ഒരു ടീം പോലും തന്നെ സ്വന്തമാക്കിയില്ലെന്നും ആ സമയത്ത് സഞ്ജു സാംസണാണ് തന്നെ സഹായിച്ചതെന്നും സന്ദീപ് ശര്‍മ പറഞ്ഞു. ശേഷം ആ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സന്ദീപ് ശര്‍മയെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണുകളിലെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ലേലത്തില്‍ ആരും തന്നെ സ്വന്തമാക്കാത്തത് വിഷമമുണ്ടാക്കിയെന്ന് പറഞ്ഞ സന്ദീപ്, സഞ്ജു തന്നെ ടീമിന്റെ ഭാഗമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് മുംബൈ ഇന്ത്യന്‍സുമായും ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും സന്ദീപ് ശര്‍മ പറയുന്നു. മുംബൈയുടെ പ്രാക്ടീസ് സെഷനില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ സഞ്ജുവാണ് തനിക്ക് കരാര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടു സ്ലോഗേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് ശര്‍മ.
‘ആ സമയത്ത് മുംബൈ ഇന്ത്യന്‍സുമായും ഞാന്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരുടെ പ്രാക്ടീസ് സെഷനിലും പങ്കെടുത്തിരുന്നു. രാജസ്ഥാനുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
എന്നാല്‍ രാജസ്ഥാന്‍ റോയല്‍സാണ് തനിക്ക് ആദ്യം കോണ്‍ട്രാക്ട് നല്‍കിയത്. ഇതുകൊണ്ട് തന്നെ ഞാന്‍ രാജസ്ഥാനുമായി കരാറിലെത്തി. സാധാരണയായി അത് അങ്ങനെ തന്നെയാകുമല്ലോ, ആരും ടീമിലെടുക്കാത്ത സാഹചര്യത്തില്‍ ഏത് ടീമാണ് ആദ്യം കരാര്‍ വാഗ്ദാനം ചെയ്യുന്നത്, അവര്‍ക്കൊപ്പമല്ലേ നമ്മള്‍ പോവുക.
ഏത് സാഹചര്യത്തിലും പന്തെറിയാന്‍ സാധിക്കുന്ന, അനുഭവസമ്പത്തുള്ള ഒരു താരത്തെയാണ് സഞ്ജു സാംസണ്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ അവന്‍ എന്നെ തെരഞ്ഞെടുത്തു.
U19 ക്യാമ്പ് മുതല്‍ക്കുതന്നെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അവന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. എന്നാല്‍ കേവലം ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ ഒരാളെ ടീമിലെത്തിക്കാന്‍ സഞ്ജു ശ്രമിക്കില്ല, അക്കാര്യത്തില്‍ അവന്‍ തീര്‍ത്തും പ്രൊഫഷണലാണ്,’ സന്ദീപ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
സവായ് മാന്‍ സിങ് സ്റ്റേഡിയത്തിലെത്തിയ ആദ്യ സീസണില്‍ 12 മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. പത്ത് വിക്കറ്റുകളും നേടി. 39.60 ശരാശരിയിലും 8.61 എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. 27.60 എന്ന സ്ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.
അടുത്ത സീസണില്‍ ഇതിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 27.07 ശരാശരിയിലും 7.89 എക്കോണമിയിലും പന്തെറിഞ്ഞ താരം 13 വിക്കറ്റുകള്‍ നേടി. ഒരു ഫൈഫറും ഇതില്‍ ഉള്‍പ്പെടും. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാമത് മാത്രം ഫൈഫര്‍ നേട്ടമായിരുന്നു അത്.
വരാനിരിക്കുന്ന മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സന്ദീപിനെ വീണ്ടും ടീമിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Sandeep Sharma says he has been offered a contract along with Rajasthan and Mumbai Indians