ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് 155 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണെടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കൈല്‍ മായേഴ്സാണ് ലഖ്നൗവിനായി ബാറ്റിങ്ങില്‍ തിളങ്ങിയത്.
രാജസ്ഥാന്‍ ബൗളിങ്ങ് നിരയും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. സുപ്പര്‍ സ്പിന്നര്‍
രവിചന്ദ്രന്‍ അശ്വിന്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് നേടിയപ്പോള്‍, യുസ്വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
ഇതുകൂടാതെ കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ സന്ദീപ് ശര്‍മക്ക് ഈ മത്സരത്തിലും വിക്കറ്റ് നേടാനായി. സന്ദീപ് ശര്‍മ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.
ലഖ്‌നൗവിന്റെ ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റാണ് സന്ദീപ് ശര്‍മ നേടിയത്. ഐ.പി.എല്‍ ലേലത്തില്‍ വിറ്റുപോകാതെ പകരക്കാരനായി വന്ന സന്ദീപ് ശര്‍മ രാജസ്ഥാന് വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിക്കാന്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പന്ത് നല്‍കിയിരുന്നത് സന്ദിപ് ശര്‍മക്കായിരുന്നു. ധോണിയും ജഡേജയും ക്രീസില്‍ ഉണ്ടായിട്ടും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ് ചെന്നൈയെ വിജയിക്കാന്‍ സന്ദീപ് ശര്‍മ സമ്മതിച്ചിരുന്നില്ല. ഗുജറാത്തിനെതിരെ നാല് ഓവര്‍ എറിഞ്ഞ സന്ദീപ് 25 റണ്‍സ് വഴങ്ങി രണ്ട് വക്കറ്റ് നേടിയും താരമായിരുന്നു.
അതേസമയം, ലഖ്നൗവിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഒരു വക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്.
Content Highlight: Sandeep Sharma’s performance so far IPL 2023