| Saturday, 12th October 2024, 4:05 pm

ആ ദിവസം ഇന്നും ഓര്‍മയുണ്ട്, പരിക്കേറ്റ കയ്യുമായി 15 ഓവര്‍ മാച്ചിലാണ് സെഞ്ച്വറി നേടിയത്! പുകഴ്ത്തി സന്ദീപ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനാണ് വിരാട് കോഹ്‌ലി. ഐ.പി.എല്ലില്‍ ഒരു ബാറ്ററെന്ന നിലയില്‍ റെക്കോഡുകള്‍ പലത് നേടിയെങ്കിലും കിരീടമെന്നത് മാത്രം കിങ്ങിന് അന്യമായി തുടരുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും വിരാട് കോഹ്‌ലി തന്നെയാണ്. എട്ട് തവണയാണ് ആര്‍.സി.ബി ലെജന്‍ഡ് ഐ.പി.എല്ലില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതില്‍ പകുതിയും ഫോമിന്റെ പാരമ്യത്തില്‍ നിന്ന 2016ലാണ് താരം നേടിയത്.

വിരാടിന്റെ സെഞ്ച്വറികളില്‍ 2016ല്‍ പഞ്ചാബ് കിങ്‌സിനെതിരെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) നേടിയ ടണ്‍ നേട്ടം എന്നും സ്‌പെഷ്യലായി നില്‍ക്കും. മോശം കാലാവസ്ഥ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ പരിക്കേറ്റ കയ്യുമായാണ് വിരാട് ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.

ഇപ്പോള്‍ വിരാടിന്റെ ആ സെഞ്ച്വറി നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം സന്ദീപ് ശര്‍മ. മത്സരത്തില്‍ പഞ്ചാബിന്റെ താരമായിരുന്ന സന്ദീപാണ് വിരാടിന്റെ വെടിക്കെട്ടിന് വിരാമമിട്ടത്.

വിരാട് സെഞ്ച്വറി നേടിയ ആ ദിവസം ഇന്നും തനിക്ക് ഓര്‍മയുണ്ടെന്നാണ് സന്ദീപ് ശര്‍മ പറയുന്നത്. ടു സ്ലോഗേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഴ മൂലം മത്സരം 15 ഓവറായി ചുരുക്കിയത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. പക്ഷേ അങ്ങനെയൊരു സാഹചര്യത്തിലും പരിക്കേറ്റ കയ്യുമായി വിരാട് സെഞ്ച്വറി നേടി. 15 ഓവര്‍ മാത്രമുള്ള ഒരു മത്സരത്തില്‍ സെഞ്ച്വറി നേടുക! വേറെ ലെവല്‍ പ്രകടനമാണത്,’ സന്ദീപ് ശര്‍മ പറഞ്ഞു.

2016 മെയ് 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം അരങ്ങേറിയത്. മോശം കാലാവസ്ഥ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആര്‍.സി.ബിയാണ് ആദ്യം ബാറ്റ് ചെയത്.

വിരാട് കോഹ്‌ലിക്കൊപ്പം ഗെയ്ല്‍ സ്റ്റോമും ചിന്നസ്വാമിയില്‍ ആഞ്ഞടിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 147 റണ്‍സാണ് പിറന്നത്. 32 പന്തില്‍ 73 റണ്‍സുമായി വെടിക്കെട്ട് നടത്തിയ ഗെയ്‌ലിനെ അക്‌സര്‍ പട്ടേല്‍ മടക്കി.

പിന്നാലെയെത്തിയ ഡി വില്ലിയേഴ്‌സ് സില്‍വര്‍ ഡക്കായെങ്കിലും മറുവശത്ത് നിന്ന് വിരാട് റണ്ണടിച്ചുകൊണ്ടേയിരുന്നു. പരിക്കറ്റേ കൈ പലപ്പോഴും വിരാടിനെ അസ്വസ്ഥനാക്കിയെങ്കിലും താരം ബാറ്റിങ് തുടര്‍ന്നു.

ഒടുവില്‍ 14ാം ഓവറിലെ അവസാന പന്തില്‍ സന്ദീപ് ശര്‍മക്ക് വിക്കറ്റ് നല്‍കി വിരാട് തിരിച്ചുനടന്നു.

50 പന്തില്‍ 113 റണ്‍സടിച്ചാണ് വിരാട് മടങ്ങിയത്. 12 ഫോറും ആകാശം തൊട്ട എട്ട് പടുകൂറ്റന്‍ സിക്‌സറുമായിരുന്നു വിരാടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 226.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാട് സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ആര്‍.സി.ബി നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 എന്ന നിലയിവല്‍ തുടരവെ വീണ്ടും കളി മുടങ്ങി. ഡക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം ആര്‍.സി.ബി 82 റണ്‍സിന്റെ ജയം സ്വന്തമാക്കി.

മത്സരത്തിലെ താരം വിരാട് തന്നെയായിരുന്നു.

Content Highlight: Sandeep Sharma praises Virat Kohli

We use cookies to give you the best possible experience. Learn more