ആ കാരണം കൊണ്ടാണ് സഞ്ജു മികച്ച ക്യാപ്റ്റനെന്ന് ഞാന്‍ പറയുന്നത്; വ്യക്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
ആ കാരണം കൊണ്ടാണ് സഞ്ജു മികച്ച ക്യാപ്റ്റനെന്ന് ഞാന്‍ പറയുന്നത്; വ്യക്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th October 2024, 12:31 pm

താന്‍ ഒപ്പം കളിച്ചവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണാണെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദീപ് ശര്‍മ. ഐ.പി.എല്ലില്‍ സഞ്ജുവടക്കമുള്ള 11 ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ച താരമായ സന്ദീപ് ശര്‍മ, മറ്റാര്‍ക്കുമില്ലാത്ത ക്വാളിറ്റി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് നായകനെ മികച്ച ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

2013ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ വിരേന്ദര്‍ സേവാഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് മില്ലര്‍, മുരളി വിജയ്, ആദം ഗില്‍ക്രിസ്റ്റ്, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡേ, മായങ്ക് യാദവ്, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങള്‍ക്ക് കീഴില്‍ സന്ദീപ് പന്തെറിഞ്ഞിട്ടുണ്ട്.

ഇവരില്‍ നിന്നെല്ലാം സഞ്ജു വേറിട്ടുനില്‍ക്കുന്നു എന്നാണ് സന്ദീപ് അഭിപ്രായപ്പെടുന്നത്. അദ്ദേഹം എല്ലായ്‌പ്പോഴും പോസിറ്റീവാണെന്നും തനിക്ക് മേലുള്ള സമ്മര്‍ദം ഒരിക്കലും ബൗളര്‍ക്ക് മേല്‍ ചെലുത്തില്ല എന്നുമാണ് സന്ദീപ് ശര്‍മ പറയുന്നത്.

ടു സ്ലോഗേഴ്‌സ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ പേസര്‍.

‘ഐ.പി.എല്ലില്‍ ഞാന്‍ ഒപ്പം കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജുവാണ്. അതിനുള്ള കാരണം, ഒരു ബൗളര്‍ എന്ന നിലയില്‍ മത്സരത്തിനിടെ എന്റെ മേല്‍ ഒരുപാട് സമ്മര്‍ദമുണ്ടാകുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ രണ്ട് തവണയും ഇത്തരത്തിലുള്ള സമ്മര്‍ദഘട്ടങ്ങളിലൂടെ പലപ്പോഴും ഞാന്‍ കടന്നുപോയിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ നമ്മള്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ ഈ ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊന്നും സഞ്ജു എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഇതൊരു മികച്ച കാര്യമായാണ് എനിക്ക് തോന്നുന്നത്.

ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നോട് ചോദിക്കും നിനക്കെന്ത് തോന്നുന്നു എന്ന്. ഞാന്‍ പറയും ഇങ്ങനെ ചെയ്യാനാണ് (പന്തെറിയാനാണ്) ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍ അദ്ദേഹമതിനെ സപ്പോര്‍ട്ട് ചെയ്യും.

അദ്ദേഹം പോസിറ്റീവാണ്. സാധാരണ സമയങ്ങളില്‍ മത്സരത്തിന്റെ അവസ്ഥയും കാണികളും ബഹളവുമായി അവര്‍ക്ക് (ക്യാപ്റ്റന്‍മാര്‍) മേല്‍ സമ്മര്‍ദമുണ്ടാകും. ചില ക്യാപ്റ്റന്‍മാര്‍ ബൗളര്‍മാര്‍ക്ക് മേലും ആ സമ്മര്‍ദം ചെലുത്തും. പല ക്യാപ്റ്റന്‍മാരും അത് ചെയ്യാറുണ്ട്.

തന്റെ മേലുള്ള സമ്മര്‍ദം ഒരിക്കലും ബൗളറിന്റെ മേല്‍ ചെലുത്തില്ല എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ക്വാളിറ്റി. എന്റെ കാര്യം മാത്രമല്ല, എല്ലാ ബൗളര്‍മാരോടും അദ്ദേഹം ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്,’ സന്ദീപ് ശര്‍മ പറഞ്ഞു.

സഞ്ജുവിന്റെ ഈ ആറ്റിറ്റിയൂഡ് വ്യക്തമാക്കുന്ന ഒരു സംഭവവും 2023 ഐ.പി.എല്ലിലുണ്ടായിരുന്നു. 2023ല്‍ ചെപ്പോക്കിലെത്തി രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ അവസാന ഓവര്‍ പന്തെറിഞ്ഞത് സന്ദീപ് ശര്‍മയായിരുന്നു.

അവസാന ഓവറില്‍ ചെന്നെക്ക് വിജയിക്കാന്‍ 21 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തും വൈഡായി മാറി. ഓവറിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ റണ്ണൊന്നും പിറന്നില്ല.

ഓവറിലെ രണ്ടാം പന്തും മൂന്നാം പന്തും സിക്‌സറടിച്ച് ധോണി ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിച്ചു. അവസാന മൂന്ന് പന്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്.

ഈ സമയം സഞ്ജുവും അശ്വിനും സന്ദീപ് ശര്‍മയുമായി സംസാരിച്ചിരുന്നു. ഓവറിലെ നാലാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് പിറന്നത്. അഞ്ചാം പന്തില്‍ ജഡേജ പ്രതീക്ഷിക്കാത്ത യോര്‍ക്കറും വന്നു. ആ പന്തിലും സിംഗിള്‍.

അവസാന പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് മാത്രം വേണമെന്നിരിക്കെ ഒരു റണ്‍സ് മാത്രമാണ് ധോണിക്ക് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ രാജസ്ഥാന്‍ മൂന്ന് റണ്‍സിന് വിജയിച്ചുകയറുകയായിരുന്നു.

 

Content highlight: Sandeep Sharma praises Sanju Samson