|

മുംബൈയെ എറിഞ്ഞ് വീഴ്ത്തി, സഞ്ജുവിന്റെ വിശ്വസ്തന്‍ സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്‍ ബൗളിങ്ങില്‍ സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി. നാല് ഓവറില്‍ 18 റണ്‍സ് വിട്ടുനല്‍കിയാണ് താരം വിക്കറ്റ് വീഴ്ത്തിയത്. മുംബൈ താരങ്ങളായ ഇഷാന്‍ കിഷന്‍ (0), സൂര്യകുമാര്‍ യാദവ് (10), തിലക് വര്‍മ (65), ടിം ടേവിഡ് (3), ജെറാള്‍ഡ് കേട്സി (0) എന്നിവരെ വ പുറത്താക്കിയാണ് സന്ദീപ് ശര്‍മ കരുത്തുകാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സന്ദീപ് സ്വന്തമാക്കി.

ഐ.പി.എല്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം എന്ന തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്.

പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

ഭുവനേശ്വര്‍ കുമാര്‍ – 68

സന്ദീപ് ശര്‍മ – 59*

ദീപക് ചാഹര്‍ – 59

ഉമേഷ് യാധവ് – 59

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു തോല്‍വിയുമായി 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 27ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് സഞ്ജുവിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.

Content Highlight: Sandeep Sharma In New Record Achievement