ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്.
രാജസ്ഥാന്റെ ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകള്‍ വീട്ടി മികച്ച പ്രകടനമാണ് സന്ദീപ് ശര്‍മ നടത്തിയത്. മറ്റെല്ലാ ബൗളര്‍മാരും കൂടുതല്‍ റണ്‍സ് വഴങ്ങിയപ്പോള്‍ സന്ദീപ് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട ബൗളിങ് നടത്തിയത്. നാല് ഓവറില്‍ 31 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.
മാര്‍ക്കസ് സ്റ്റോണിസ്, നിക്കോളാസ് പൂരന്‍ എന്നിവരെ പുറത്താക്കിയാണ് സന്ദീപ് കരുത്ത് കാട്ടിയത്. മത്സരം തുടങ്ങി രണ്ടാം ഓവറില്‍ തന്നെ മാര്‍ക്കസ് സ്റ്റോണിസിനെ ക്ലീന്‍ ബൗള്‍ഡ് ആക്കികൊണ്ടായിരുന്നു സന്ദീപ് ആദ്യ വിക്കറ്റ് നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ പുറത്താവാതെ 124 റണ്‍സ് നേടിക്കൊണ്ട് ലഖ്നൗവിനെ വിജയത്തിലെത്തിച്ച സ്റ്റോണിസിനെ പൂജ്യം റണ്‍സിന് പുറത്താക്കുകയായിരുന്നു സന്ദീപ്.
മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ നിക്കോളാസിനെയും താരം പുറത്താക്കി. 11 പന്തില്‍ 11 റണ്‍സ് നേടിയ വേസ്റ്റ് ഇന്‍ഡീസ് താരം ട്രെന്റ് ബോള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഒരു പുതിയ നാഴികക്കല്ലിലേക്കാണ് സന്ദീപ് ശര്‍മ നടന്നു കയറിയത്. ടി-20യില്‍ 200 വിക്കറ്റുകള്‍ എന്ന അവിസ്മരണീയമായ നേട്ടമാണ് സന്ദീപ് സ്വന്തമാക്കിയത്.
സന്ദീപിനു പുറമേ ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, ആര്‍.അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ലഖ്നൗ ബൗളിങ്ങില്‍ 48 പന്തില്‍ 76 റണ്‍സ് നേടി നായകന്‍ കെ.എല്‍. രാഹുല്‍ കരുത്തുകാട്ടി. എട്ട് ഫോറുകളും രണ്ട് സിക്സുകളും ആണ് ലഖ്നൗ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ദീപക് ഹൂഡ 31 പന്തില്‍ 50 റണ്‍സും നേടി നിര്‍ണായകമായി. ഏഴ് ഫോറുകളാണ് ഹൂഡ അടിച്ചെടുത്തത്.
Content Highlight: Sandeep Sharma completed 200 t20 wickets