അനിമല്‍ സിനിമക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ. പത്തോ പതിനഞ്ചോ കോമാളികളാണ് തന്റെ ചിത്രം സ്ത്രീവിരുദ്ധമാണെന്ന് പറയുന്നതെന്നും നല്ല കണ്ടന്റുകളാണ് തന്റെ പ്രൊഡക്ഷന്‍ ഹൗസ് പുറത്തിറക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
‘ഈ പത്തോ പതിനഞ്ചോ കോമാളികള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല. അവര്‍ക്ക് മാത്രമാണ് എന്റെ സിനിമ സ്ത്രീ വിരുദ്ധമായി തോന്നുന്നത്. സ്ത്രീ വിരുദ്ധത എന്നാല്‍ സ്ത്രീകളെ ബഹുമാനിക്കാതിരിക്കലാണ്. അതാണ് നിര്‍വചനം. എന്റെ പ്രൊഡക്ഷന്‍ ഹൗസ് നല്ല കണ്ടന്റുകളാണ് നിര്‍മിക്കുന്നത്,’ സന്ദീപ് പറഞ്ഞു. നിലവിലെ നിരൂപകരുടെ വിശകലനം വളരെ ടോക്‌സിക്കാണെന്നും സന്ദീപ് പറഞ്ഞു.
അനിമലില്‍ വയലന്‍സിന്റെ അതിപ്രസരമാണെന്നും സ്ത്രീ വിരുദ്ധമായാണ് ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളോട് പെരുമാറുന്നതെന്നും റിലീസ് ദിനം മുതല്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സന്ദീപിന്റെ തന്നെ മുന്‍ ചിത്രമായ അര്‍ജുന്‍ റെഡ്ഡിക്കെതിരെയും ഇതേ വിമര്‍ശനമുണ്ടായിരുന്നു. നടി പാര്‍വതി തിരുവോത്തടക്കമുള്ളവര്‍ അര്‍ജുന്‍ റെഡ്ഡിക്കെതിരെ വന്നത് വലിയ ചര്‍ച്ചയായിരുന്നു.
ഡിസംബര്‍ ഒന്നിനാണ് അനിമല്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്ത സിനിമയാണ് അനിമല്‍. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
Content Highlight: Sandeep reddy wanga said that 10 to 15 clowns are saying that his film is misogynistic