ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്‌സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് അനിമല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തിയത് രശ്മിക മന്ദാനയായിരുന്നു.
ഇപ്പോള്‍ കോമള്‍ നഹ്തയുമായുള്ള അഭിമുഖത്തില്‍ താന്‍ രശ്മിക മന്ദാന അവതരിപ്പിച്ച ഗീതാഞ്ജലി എന്ന കഥാപാത്രത്തിലേക്ക് മറ്റൊരാളെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത് എന്ന് തുറന്നു പറയുകയണ് സന്ദീപ് റെഡ്ഡി വംഗ. ആദ്യം കാസ്റ്റ് ചെയ്തിരുന്നത് പരിനീതി ചോപ്രയെയായിരുന്നു എന്നാണ് സന്ദീപ് റെഡ്ഡി പറയുന്നത്.
‘അനിമലിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ ഒന്നര വര്‍ഷം മുമ്പ് ഞാന്‍ പരിനീതിയെ കാസ്റ്റ് ചെയ്ത് സൈന്‍ ചെയ്തിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ എനിക്ക് അവളില്‍ ഗീതാഞ്ജലിയെ കാണാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ അത് എന്റെ തെറ്റാണ്. ഞാന്‍ പരിനീതിയോട് എന്നോട് ക്ഷമിക്കാന്‍ പറഞ്ഞു.
ഞാന്‍ ഒരിക്കലും ഒഡീഷനുകളില്‍ വിശ്വസിക്കുന്ന ആളല്ല. ഞാന്‍ എന്റെ ഇന്‍സ്റ്റിങ്റ്റുമായി മുന്നോട്ട് പോകുന്നയാളാണ്. എനിക്ക് ആദ്യം മുതല്‍ തന്നെ പരിനീതിയുടെ അഭിനയം ഇഷ്ടമായിരുന്നു. കബീര്‍ സിങ്ങില്‍ അവളെ പ്രീതിയായി കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നടന്നില്ല.
ഞാന്‍ എപ്പോഴും പരിനീതിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഞാന്‍ ഈ കാര്യം അവളോട് പറഞ്ഞതാണ്. പക്ഷെ അനിമലിന്റെ കാര്യം വന്നപ്പോള്‍ ഞാന്‍ അവളോട്, സോറി. സിനിമയേക്കാള്‍ വലുതായി ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ മറ്റൊരു ആര്‍ട്ടിസ്റ്റുമായി മുന്നോട്ട് പോവുകയാണ് എന്ന് പറഞ്ഞു. അന്ന് പരിനീതിക്ക് അതില്‍ വിഷമം തോന്നിയിരുന്നു. പക്ഷേ ഞാന്‍ എന്തിനാണ് അങ്ങനെ പറയുന്നതെന്ന് അവള്‍ക്ക് മനസിലായിരുന്നു,’ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.
Content Highlight: Sandeep Reddy Vanga Talks About Parineeti Chopra And Animal Movie