Film News
അനിമലിലൂടെ മുസ്‌ലിമിനെ മോശമായി കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല; ബോബി ഡിയോളിന്റെ കഥാപാത്രത്തെ കുറിച്ച് സന്ദീപ് റെഡ്ഡി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 20, 05:27 pm
Wednesday, 20th December 2023, 10:57 pm

ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു സന്ദീപ് റെഡ്ഡി വംഗയുടെ അനിമല്‍.

ചിത്രത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

ചിത്രത്തില്‍ ബോബി ഡിയോള്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ (അബ്രാര്‍ ഹക്ക്) എന്തുകൊണ്ടാണ് ഒരു മുസ്‌ലിം കഥാപാത്രമാക്കിയതെന്ന് പറയുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആളുകള്‍ ആത്മവിശ്വാസമില്ലാത്ത ഒരവസ്ഥയിലേക്ക് പോകുമ്പോള്‍ പലരും അവരോട് ചര്‍ച്ചിലോ ബാബയുടെ അടുത്തേക്കോ പോകാന്‍ പറയുന്നത് കണ്ടിട്ടുണ്ട്. അവര്‍ ആത്മവിശ്വാസം ഇല്ലാതാകുന്നവരോട് പേര് മാറ്റാനും മറ്റും പറയാറുണ്ട്.

ഇത്തരം ആളുകള്‍ അവരുടെ ജീവിതത്തില്‍ ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ മതം മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. തങ്ങളുടെ മോശം അവസ്ഥയില്‍ അത് ഒരു പുതിയ ജന്മമാണെന്നാണ് അവര്‍ക്ക് തോന്നുക.

ഇത് പൂര്‍ണമായും അവരുടെ ഐഡന്റിറ്റിയുടെ മാറ്റമാണ്. അത്തരത്തില്‍ ഒരുപാടാളുകള്‍ ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മതം മാറുന്നത് നമ്മള്‍ കാണുന്നതാണ്. എന്നാല്‍ ആരും ഹിന്ദുമതത്തിലേക്ക് മാറുന്നത് നമ്മള്‍ കണ്ടിട്ടില്ല.

അതുപോലെ, ഇസ്ലാം മതത്തില്‍ ഒന്നിലധികം ഭാര്യമാരുണ്ടാകും. അത് ഈ സിനിമയില്‍ ഉപയോഗിക്കാമെന്ന് ഞാന്‍ കരുതി. അങ്ങനെ സിനിമയുടെ തീം വലുതാക്കാന്‍ സാധിക്കും. അത് മാത്രമാണ് കാരണം. അല്ലാതെ സിനിമയിലൂടെ ഒരു മുസ്‌ലിമിനെ മോശമായി കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.


Content Highlight: Sandeep Reddy Vanga Talks About Bobby Deol’s Muslim Character In Animal Movie