2023ല്‍ തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു അനിമല്‍. ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകനായത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയായിരുന്നു അനിമല്‍ സംവിധാനം ചെയ്തത്.
വലിയ രീതിയിലുള്ള വയലന്‍സ്, ടോക്സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവ കാരണമായിരുന്നു ചിത്രം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടത്. സന്ദീപ് റെഡ്ഡിയുടെ അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും സമാനമായ രീതിയില്‍ ചര്‍ച്ചയായ ചിത്രങ്ങളായിരുന്നു.
അനിമല്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടമായിരുന്നു സ്വന്തമാക്കിയത്. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 900 കോടിയില്‍ അധികം കളക്ഷനാണ് നേടിയത്. നായകനായ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും റെക്കോഡ് വിജയമായിരുന്നു അനിമല്‍.
ചിത്രത്തിന് അടുത്ത ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കി കൊണ്ടായിരുന്നു സംവിധായകന്‍ സിനിമ അവസാനിപ്പിച്ചത്. പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളിലെല്ലാം അനിമലിന്റെ രണ്ടാം ഭാഗമായ അനിമല്‍ പാര്‍ക്കിനെ കുറിച്ച് സന്ദീപ് റെഡ്ഡി സംസാരിച്ചിരുന്നു.
ഇപ്പോള്‍ മുബൈയില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അനിമലിന്റെ അടുത്ത ഭാഗത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. വരാനിരിക്കുന്നത് അനിമലിനേക്കാള്‍ വലുതും വന്യവും ആകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒപ്പം സിനിമയുടെ ഷൂട്ടിങ്ങ് 2026ല്‍ മാത്രമേ ആരംഭിക്കുകയുള്ളു എന്നും സന്ദീപ് റെഡ്ഡി പറഞ്ഞു.
ചിത്രത്തില്‍ നായികയായെത്തിയത് രശ്മിക മന്ദാനയായിരുന്നു. ഒപ്പം അനില്‍ കപൂറും ബോബി ഡിയോളും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. അതേസമയം അനിമല്‍ പാര്‍ക്കില്‍ നെഗറ്റീവ് റോളിലേക്ക് വിക്കി കൗശലിനെ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് ഇന്‍സ്റ്റന്റ് ബോളിവുഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Content Highlight: Sandeep Reddy Vanga Talks About Animal Park]