ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഫിലിംമേക്കിങ് ശൈലി കൊണ്ട് പലരെയും അത്ഭുതപ്പെടുത്തിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. ശിവ എന്ന ഗ്യാങ്സ്റ്റര്‍ ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ആര്‍.ജി.വി. രംഗീല, സത്യ, കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിനെ ഞെട്ടിച്ചു. എന്നാല്‍ 2010ന് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോവുകയായിരുന്നു.
രാം ഗോപാല്‍ വര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. ആര്‍.ജി.വി. ചെയ്ത ഒരു കാര്യം ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സംവിധായകനും ചെയ്യാന്‍ ധൈര്യപ്പെടില്ല എന്ന് സന്ദീപ് പറഞ്ഞു. 1992ല്‍ രംഗീല എന്ന റൊമാന്റിക് സിനിമ ചെയ്യുകയും അത് ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായെന്നും സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രംഗീലക്ക് ശേഷം ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് സത്യ എന്ന പേരില്‍ വെറും രണ്ടുകോടിക്ക് ഒരു സിനിമ ചെയ്തത് സിനിമാലോകത്തെ മുഴുവന്‍ ഞെട്ടിച്ച കാര്യമാണെന്ന് തോന്നിയെന്നും സന്ദീപ് പറഞ്ഞു. വേറൊരു സംവിധായകനും അത്തരമൊരു കാര്യം ചെയ്യാന്‍ ധൈര്യം കാണിക്കില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ക്യാമറ, എഡിറ്റിങ് പോലുള്ള കാര്യങ്ങള്‍ താന്‍ പഠിച്ചുതുടങ്ങിയത് സത്യയില്‍ നിന്നാണെന്ന് സന്ദീപ് പറഞ്ഞു.
അനിമലിന് ശേഷം താന്‍ കുറച്ചു പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ ചെയ്താല്‍ ആരും അതിനെക്കുറിച്ച് സംസാരിക്കില്ലെന്നും തനിക്ക് അതിനുള്ള ധൈര്യമില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ പുകഴ്ത്താന്‍ വേണ്ടിയല്ല താന്‍ ഈ പറഞ്ഞതെന്നും തന്റെ മനസില്‍ വന്ന കാര്യം പറഞ്ഞതാണെന്നും സന്ദീപ് റെഡ്ഡി പറഞ്ഞു. ഹൈദരബാദില്‍ നടന്ന സിനിമാറ്റിക് എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് റെഡ്ഡി.
‘ഇന്ത്യന്‍ സിനിമയില്‍ ആര്‍.ജി.വി. ചെയ്ത ഒരു കാര്യം മറ്റൊരു ഫിലിംമേക്കറിനും ചെയ്യാനുള്ള ധൈര്യമില്ല. 1992ല്‍ അദ്ദേഹത്തിന്റെ രംഗീല ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായി. ആ വര്‍ഷത്തെ വലിയ വിജയവും സ്വന്തമാക്കി. രംഗീലക്ക് ശേഷം ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് വെറും രണ്ടുകോടി ബജറ്റില്‍ അദ്ദേഹം സത്യ എന്ന സിനിമ ചെയ്ത് ഹിറ്റാക്കി. അതിന് മുമ്പോ ശേഷമോ അങ്ങനെയൊരു കാര്യം ഞാന്‍ കണ്ടിട്ടില്ല. വേറെയാരും അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടില്ല.
ഒരു സിനിമാപ്രേമിയെന്ന നിലയില്‍ ക്യാമറയുടെ പൊസിഷനിങ്, എഡിറ്റിങ് എന്നീ കാര്യങ്ങള്‍ ഞാന്‍ പഠിച്ചത് സത്യ കണ്ടതിന് ശേഷമാണ്. ഇപ്പോള്‍ ഞാന്‍ അനിമല്‍ എന്ന സിനിമ ചെയ്തു, അത് വലിയ വിജയമായി. അടുത്ത സിനിമ കുറച്ച് പുതുമുഖങ്ങളെ വെച്ച് ചെയ്താല്‍ ആരും ആ പടത്തെപ്പറ്റി അറിയുകപോലുമില്ല. അദ്ദേഹത്തെ പുകഴ്ത്താന്‍ വേണ്ടിയല്ല ഞാന്‍ ഇത് പറഞ്ഞത്. എന്റെ മനസില്‍ വന്ന കാര്യമാണിത്,’ സന്ദീപ് റെഡ്ഡി പറഞ്ഞു.
Content Highlight: Sandeep Reddy Vanga says only Ram Gopal Varma can do a film like Sathya after Rangeela