അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡിയും സല്‍മാന്‍ ഖാനും ഡാര്‍ക്ക് ആക്ഷന്‍ ക്രൈം ത്രില്ലറിനായി ഒന്നിക്കുന്നു; ചോദ്യവുമായി ആരാധകര്‍
Film News
അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡിയും സല്‍മാന്‍ ഖാനും ഡാര്‍ക്ക് ആക്ഷന്‍ ക്രൈം ത്രില്ലറിനായി ഒന്നിക്കുന്നു; ചോദ്യവുമായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 6:59 pm

അനിമല്‍ സിനിമയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടേതായി അടുത്തതായി പ്രഖ്യാപിക്കപ്പെട്ടത് രണ്ട് സിനിമകളാണ്. അതില്‍ ഒന്ന് പ്രഭാസിനെ നായകനാക്കി വരുന്ന സ്പിരിറ്റും മറ്റൊന്ന് അല്ലു അര്‍ജുനെ നായകനാക്കി വരുന്ന പേരിടാത്ത ചിത്രവുമാണ്. ഒപ്പം അനിമലിന്റെ രണ്ടാം ഭാഗമായ അനിമല്‍ പാര്‍ക്കും.

ഈ ബിഗ് ബജറ്റ് സിനിമകളുടെ അപ്‌ഡേഷന് വേണ്ടി ബോളിവുഡ് കാത്തിരിക്കുമ്പോഴാണ് സന്ദീപ് റെഡ്ഡി സല്‍മാന്‍ ഖാനെ നായകനാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തയെത്തുന്നത്.

ഒരു ഡാര്‍ക്ക് ആക്ഷന്‍ ക്രൈം ത്രില്ലറാകും ഇതെന്നാണ് ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ചിത്രത്തിനായി സല്‍മാന്‍ ഖാനുമായുള്ള ചര്‍ച്ചയിലാണ് സംവിധായകനെന്നും ഫിലിംഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദീപ് റെഡ്ഡി ഇതുവരെ സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍.

വലിയ രീതിയിലുള്ള വയലന്‍സ്, ടോക്‌സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങളും ഇത്തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

അങ്ങനെയുള്ളപ്പോള്‍ തന്റെ ആരാധകര്‍ക്ക് തെറ്റായ സന്ദേശം നല്‍കാതിരിക്കാന്‍ താന്‍ ഒരിക്കലും ഒരു മോശം കഥാപാത്രം ചെയ്യില്ലെന്ന് പറഞ്ഞിട്ടുള്ള സല്‍മാന്‍ ഖാന്‍ സന്ദീപ് റെഡ്ഡിയുടെ സിനിമയില്‍ അഭിനയിക്കുമോയെന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇരുവരും ഒന്നിക്കുന്നത് ഒരു വ്യാജ വാര്‍ത്തയാകുമെന്നാണ് പലരും പറയുന്നത്. ചിരഞ്ജീവിക്കും ഷാരൂഖ് ഖാനുമൊപ്പം പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം ഇടക്ക് സന്ദീപ് റെഡ്ഡി തന്നെ തുറന്ന് പറഞ്ഞിരുന്നു. അതിനായുള്ള കഥ കണ്ടെത്തിയാല്‍ അവരോട് കഥ പറയുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: Sandeep Reddy Vanga and Salman Khan team up for dark action crime thriller