ബ്ലഡ് കാന്‍സര്‍ രോഗബാധിതനായ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അൻഷുൽമാൻ ഗെയ്ക്‌വാദിന് സാമ്പത്തിക സഹായം നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സന്ദീപ് പാട്ടീല്‍.
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന താരങ്ങളില്‍ ഒരാളായ ഗെയ്ക്വാദ് കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലഡ് ക്യാന്‍സറിനെതിരെ പോരാടുകയാണ്. നിലവില്‍ ലണ്ടനില്‍ ചികിത്സയിലാണ് അദ്ദേഹം. ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയില്‍ വെച്ച് അന്‍ഷുല്‍മാനുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്ദീപ് ഇന്ത്യന്‍ താരത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവന്നത്.
‘തന്റെ ചികിത്സയ്ക്ക് കൂടുതല്‍ പണം ആവശ്യമാണെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ തന്നെ ഞാനും ദിലീപ് വെങ്‌സര്‍ക്കറും കൂടി ബി.സി.ഐ ട്രഷററായ ആഷിക് ഷെലാറുമായി സംസാരിച്ചു. യഥാര്‍ത്ഥത്തില്‍ ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയില്‍ അന്‍ഷുവിനെ കണ്ടതിനുശേഷമാണ് ഞങ്ങള്‍ ആഷിഖ് ഷെലാറിനെ വിളിച്ചത്.
അദ്ദേഹം സുഖമാകും എന്നും ഭയാനകമായി തോന്നുന്ന അപകടത്തില്‍ അന്‍ഷുവിന്റെ ജീവന്‍ തിരിച്ചു വരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഏതൊരു രാജ്യത്തെ ക്രിക്കറ്റ് കളിക്കാരനെയും അവിടുത്തെ ബോര്‍ഡ് സഹായിക്കണം. ഇപ്പോള്‍ അന്‍ഷുവിന്റെ കാര്യത്തില്‍ വളരെയധികം മുന്‍ഗണന നല്‍കുകയും വളരെ പ്രധാനപ്പെട്ടതായും കണക്കാക്കണം,’ സന്ദീപ് പാട്ടീല്‍ തന്റെ കോളത്തില്‍ എഴുതി.
ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ഒരുപിടി സംഭാവനങ്ങള്‍ ചെയ്ത താരമാണ് ഗെയ്ക്വാദ്. 40 ടെസ്റ്റ് മത്സരങ്ങളിലാണ് താരം ഇന്ത്യക്ക് വേണ്ടി കളിച്ചത്. 32.08 ആവറേജില്‍ 1959 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനുശേഷം അന്‍ഷുല്‍ 2000-2001 കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlight: Sandeep Patil asks BCCI to provide financial assistance to Ansuman Gaikwad, who is suffering from blood cancer