സന്ദീപ് വധക്കേസ്: പ്രതികള്‍ക്കെതിരെ പുതിയ കേസ്
Kerala News
സന്ദീപ് വധക്കേസ്: പ്രതികള്‍ക്കെതിരെ പുതിയ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th December 2021, 1:35 pm

തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹരിപ്പാട് പുതിയ കേസ്. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കേസിലെ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ സുഹൃത്തായ രതീഷും അരുണും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രതീഷും അരുണും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അവിടെ വെച്ച് അരുണ്‍ രതീഷിന്റെ ബൈക്ക് കത്തിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് രതീഷിന് വേണ്ടി അരുണിനെ തട്ടികൊണ്ടുപോവുകയും അരുണിന്റെ ബൈക്ക് രതീഷിന്റെ പേരില്‍ എഴുതികൊടുക്കാന്‍ പ്രതികള്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് ഇവര്‍ അരുണിനെ മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിന് ശേഷം ഒരു പ്രതിയെ ഈ ലോഡ്ജില്‍ നിന്നാണ് പിടികൂടിയിരുന്നത്. ആ സമയത്താണ് അരുണിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.

രതീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, സന്ദീപിന്റെ വീട്ടില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. സന്ദീപിന്റെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലാപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പൊലീസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്റെ വാദം സി.പി.ഐ.എം തള്ളിയിരുന്നു. സംഭവത്തില്‍ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍, അഭി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി എട്ടിന് നെടുമ്പ്രം ഭാഗത്ത് വെച്ചാണ് പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്.

ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sandeep murder case: New case against the accused