| Monday, 6th December 2021, 3:58 pm

സന്ദീപിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു, ഒരുപാര്‍ട്ടിക്കും വേണ്ടിയല്ല കൊലപാതകം നടത്തിയത്; സന്ദീപ് വധകേസിലെ പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്ന് പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പ്രതികരണമുണ്ടായിരിക്കുന്നത്.

ഒരുതരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞു.

സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അല്ല കൊല നടത്തിയതെന്നും ജിഷ്ണു പറഞ്ഞു.

താന്‍ ഒരുവര്‍ഷം മുമ്പ് പാര്‍ട്ടിവിട്ടുവെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും ജിഷ്ണു കോടതിയില്‍ പറഞ്ഞു.

കേസിലെ അഞ്ച് പ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതികളെ എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത. കേസിലെ നാലാം പ്രതിയായ മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു തിരിച്ചറിയല്‍ രേഖകളും കൈയ്യിലില്ലാത്ത ഇയാള്‍ കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. നിലവിലെ പ്രതികളെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവരെ ഒളിവില്‍ പോവാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് രതീഷ് എന്ന സുഹൃത്താണ്. ഇയാളെ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രതീഷിനേയും കൊലപാതക കേസില്‍ പ്രതി ചേര്‍ക്കാനാണ് സാധ്യത. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

കേസിലെ അഞ്ചാം പ്രതി അജി കൊലപാതകത്തിന് ശേഷം മറ്റൊരാളുമായി സംസാരിച്ചുവെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകം നടത്തിയത് നിലവില്‍ അറസ്റ്റിലായവര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശം ശാസ്ത്രീയ പരിശോധനകളിലൂടെ ഉറപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

കസ്റ്റഡിയിലുള്ള പ്രതികളുടെയും കഴിഞ്ഞകാലങ്ങളിലെ ഫോണ്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.

അതേസമയം, കേസിലെ പ്രതികള്‍ക്കെതിരെ മറ്റൊരു കേസുകൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: sandeep murder case, jishnu

We use cookies to give you the best possible experience. Learn more