| Wednesday, 8th December 2021, 9:37 am

സന്ദീപ് വധക്കേസ്: ഫോണ്‍ സംഭാഷണം തന്റേതാണെന്ന് സമ്മതിച്ച് പ്രതി വിഷ്ണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

പൊലീസ് കണ്ടെത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തന്റേത് തന്നെയെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. കൈവശമുള്ള തെളിവുകളില്‍ വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു.

ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും സംഭാഷണത്തില്‍ പറയുന്നുണ്ട്.  സന്ദീപിനെ വെട്ടിയത് താനാണെന്നും സന്ദീപും ജിഷ്ണുവുമായി മുന്പും പ്രശ്നങ്ങള് ഉണ്ടായിരുന്നുവെന്നും വിഷ്ണു പറയുന്ന തരത്തിലുള്ള ഓഡിയോ ആയിരുന്നു പുറത്തുവന്നിരുന്നത്. കൂടാതെ ഡമ്മി പ്രതികളെ അവതരിപ്പിക്കാന് നീക്കം നടന്നതായും സംഭാഷണത്തില് പറഞ്ഞിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ക്ക് കൊലപാതകത്തിന് ശേഷവും മറ്റ് പലകേസുകളുമായി ബന്ധപ്പെട്ടും സഹായങ്ങള്‍ നല്‍കിയത് മിഥുനായിരുന്നു.

ഏറ്റുമാനൂരില്‍ പിടിച്ചുപറി കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സന്ദീപിനെ വധിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധഫലം കിട്ടാനുണ്ട്. വിഷ്ണുവിന്റെ വീട്ടില്‍ നിന്നും വടിവാളടക്കമുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച നാലാം പ്രതി മന്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് കാസര്‍കോട്ടേക്ക് പോവുന്നത്.

പ്രതികളെ കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചത് രതീഷ് എന്ന സുഹൃത്താണ്. ഇയാളെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രതീഷിനേയും കൊലപാതക കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. രതീഷിന് വേണ്ടി ഹരിപ്പാട് സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പ്രതികള്‍ക്കെതിരെ മറ്റൊരു കേസുകൂടെ രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച്ച നെടുമ്പ്രം ഭാഗത്ത് വെച്ചാണ് പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്.

ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: sandeep murder case defendant Vishnu admitted that the phone conversation was his

Latest Stories

We use cookies to give you the best possible experience. Learn more