ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പ് 2023ന്റെ ഉദ്ഘാടന മത്സരം മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ജയന്റ്‌സായ പാകിസ്ഥാന്‍ കുഞ്ഞന്‍മാരായ നേപ്പാളിനെ നേരിടുകയാണ്.
നേപ്പാളിനെ തൂത്തെറിഞ്ഞ് വിജയത്തോടുകൂടി ഏഷ്യാ കപ്പ് ക്യാംപെയ്ന്‍ ആംഭിക്കാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറിക്കാണ് നേപ്പാള്‍ ഒരുങ്ങുന്നത്.
ഈ മത്സരത്തിനിടെ പുറത്തുവരുന്ന ചില കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. 2019ലെ ഐ.സി.സി ലോകകപ്പ് മുതല്‍ ഈ ഏഷ്യാ കപ്പ് വരെ ഏകദിന മത്സരങ്ങളില്‍ നാഷണല്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമാകുന്നത്.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബൗളേഴ്‌സിനാല്‍ സമ്പന്നമാണ് ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ്. കാറ്റിനെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ പന്തെറിയുന്ന പേസര്‍മാരും ബാറ്ററെ കെണിയില്‍ വീഴ്ത്താന്‍ പോന്ന സ്പിന്നര്‍മാരും ഉള്‍പ്പെടെ ഓരോ ടീമിന്റെയും ബൗളിങ് ഓപ്ഷനുകള്‍ അനവധിയാണ്.
ഇന്ത്യയും പാകിസ്ഥാനും ലങ്കയും ബംഗ്ലാദേശുമെല്ലാം ഈ കോമ്പിനേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരുമാണ്. എന്നിട്ടും ഈ നാല് വര്‍ഷത്തിനിടെ ഏറ്റവും വിക്കറ്റ് വീഴ്ത്തിയത് ഐ.സി.സിയിലെ അസോസിയേറ്റ് രാജ്യമായ നേപ്പാളില്‍ നിന്നുള്ള ഒരു ബൗളറാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചെന്ന് വരില്ല.
ജഡേജയും സിറാജും ഷമിയും അടങ്ങുന്ന ഇന്ത്യന്‍ നിരയെയും വഖാന്‍ യൂനിസിന്റെയും വസീം അക്രമിന്റെയും പിന്‍മുറക്കാരായ പാക് പേസര്‍മാരും ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ ഷാകിബ് അല്‍ ഹസന്റെ കടുവകളെയും മോഡേണ്‍ ഡേ ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികനായ ഹസരങ്കയുടെ ലങ്കയെയും കവച്ചുവെച്ച് നേപ്പാളിന്റെ സന്ദീപ് ലാമിഷനാണ് പട്ടികയില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്.
2019 ലോകകപ്പിന് ശേഷം ഇതുവരെ കളിച്ച 43 മത്സരത്തില്‍ നിന്നും 86 വിക്കറ്റ് നേടിയാണ് ലാമിഷാന്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. 17.25 എന്ന ശരാശരിയിലും 4.27 എന്ന എക്കോണമിയിലുമാണ് താരം പന്തെറിയുന്നത്.
2019 ലോകകപ്പിന് ശേഷം ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഏഷ്യന്‍ താരങ്ങള്‍
(താരം – രാജ്യം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
സന്ദീപ് ലാമിഷാന്‍ – നേപ്പാള്‍ – 43 – 86
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 39 – 58
മെഹ്ദി ഹസന്‍ – ബംഗ്ലാദേശ് – 42 – 53
ഷര്‍ദുല്‍ താക്കൂര്‍ – ഇന്ത്യ – 33 – 52
ഹാരിസ് റൗഫ് – പാകിസ്ഥാന്‍ – 24 – 44
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 24 – 39
അതേസമയം, ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 20 ഓവര്‍ അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ 91 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 20 പന്തില്‍ 14 റണ്‍സ് നേടിയ ഫഖര്‍ സമാനും 14 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖുമാണ് പുറത്തായത്.
Content Highlight: Sandeep Lamichane becomes highest wicket taker after World Cup 2019