| Monday, 10th October 2022, 11:03 pm

'അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്, സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം'; ബി.ജെ.പി നേതൃത്വത്തെ ലക്ഷ്യംവെച്ച് സന്ദീപ് വാര്യരുടെ ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയ വാര്‍ത്തകള്‍ക്കിടയില്‍ പാര്‍ട്ടി നേതാക്കളെ പരിഹസിച്ച് സന്ദീപ് ജി. വാര്യര്‍. പാലക്കാട് പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്ത് മൊബൈല്‍ ടവര്‍ സ്ഥാപിച്ച വിവരം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സന്ദീപ് വാര്യരുടെ പരിഹാസം.

‘വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്. സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ടുവന്നു,’ എന്നാണ് ബി.ജെ.പി നേതൃത്വത്തെ ലക്ഷ്യംവെച്ച് പോസ്റ്റിന്റെ അവസാന ഭാഗത്ത് സന്ദീപ് ജി. വാര്യര്‍ എഴുതിയത്.

തിങ്കളാഴ്ച കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സന്ദീപ് വാര്യറെ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ സന്ദീപ് വാര്യര്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ ലക്ഷ്യവെച്ച് സന്ദീപ് വാര്യരുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്ത് മൊബൈല്‍ റേഞ്ച് ഇല്ലാതെ പഠിക്കാന്‍ പോലും കുട്ടികള്‍ കഷ്ടപ്പെട്ടിരുന്നു. ബി.എസ്.എന്‍.എല്‍ അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പരിഗണന നല്‍കുന്നതിനാലും സാങ്കേതിക പ്രശ്‌നങ്ങളാലും ടവര്‍ ഉടന്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നു. ഒടുവില്‍ അവിടത്തെ പഞ്ചായത്ത് മെമ്പര്‍ ബന്ധപ്പെട്ടു. കേരളത്തിലെ മുഴുവന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായും സംസാരിച്ചു.

ആ പ്രദേശത്ത് ടവര്‍ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാല്‍ ആരും തയ്യാറായില്ല. കുട്ടികളുടെ വിദ്യാഭ്യാസം മുതല്‍ ആശുപത്രി ആവശ്യങ്ങള്‍ വരെ നടത്താന്‍ ആ ഗ്രാമം അനുഭവിച്ച പ്രയാസം വളരെ വലുതാണ്. ഒടുവില്‍ മുംബൈയില്‍ ശങ്കരേട്ടനെ ബന്ധപ്പെട്ടു. മുകേഷ് അംബാനിയുടെ ടീമിലെ അദ്ദേഹവുമായി വളരെ അടുത്ത മലയാളി.

അംബാനിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം വന്നു. 80 ലക്ഷം രൂപ ചിലവില്‍ ജിയോ ഇന്നലെ അവിടെ പുതിയ ടവര്‍ തുടങ്ങി. മൊബൈല്‍ റേഞ്ച് വന്നത് ആ ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിച്ചു. വേണേല്‍ അടുത്ത വാര്‍ത്തക്ക് സ്‌കോപ്പുണ്ട്. സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ടുവന്നു.

CONTENT HIGHLIGHTS:  Sandeep G Warrior mocked the party leaders amid the news that he was sacked from the post of BJP state spokesperson. 

We use cookies to give you the best possible experience. Learn more