കോഴിക്കോട്: വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യര്‍. ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടക്കെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തൃക്കാക്കരയിലെ പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ വോട്ടിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാര്യറുടെ പ്രതികരണം.
‘തൃക്കാക്കരയിലെ പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. തീവ്രവാദികള്‍ക്ക് സംരക്ഷണം, പി.സി. ജോര്‍ജിന് കാരാഗൃഹം. ഇതെവിടുത്തെ നീതിയാണ്? ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടക്കെതിരെ പ്രതികരിക്കുക,’ സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം, ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് ജോര്‍ജിന് പിന്തുണയുമായി തെരുവിലിറങ്ങിയത്.
പാലാരിവട്ടം സ്റ്റേഷന് മുന്നില്‍ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എത്തിയ പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അനിവാര്യമെങ്കില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പി.സി. ജോര്‍ജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.