| Thursday, 1st August 2024, 10:37 am

സജിന്റെ ഭാര്യ നല്‍കുന്നത് മുലപ്പാലല്ല, സ്‌നേഹമാണ്! അതിരുകളില്ലാതെ പരന്നൊഴുകുന്ന സ്‌നേഹം, കേരളം നിങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കുന്നു...!

സന്ദീപ് ദാസ്

ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ. എന്റെ വൈഫ് റെഡിയാണ്…”

ഈ വരികള്‍ എഴുതിയ സ്‌ക്രീന്‍ഷോട്ട് നമ്മളെല്ലാവരും കണ്ടിട്ടുണ്ടാകും. കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവന്റെ വിലയുള്ള മുലപ്പാല്‍ നല്‍കാന്‍ ഒരു യുവതി തയ്യാറാകുന്നു. അക്കാര്യം അവരുടെ ഭര്‍ത്താവ് പുറംലോകത്തെ അറിയിക്കുന്നു.

ആ യുവതിയും അവരുടെ ഭര്‍ത്താവുമാണ് ഫോട്ടോയിലുള്ളത്. പ്രിയപ്പെട്ട സജിന്‍ പാറേക്കര…പേരറിയാത്ത അദ്ദേഹത്തിന്റെ സഹധര്‍മ്മിണി… കേരളം ആദരവാല്‍ നിങ്ങള്‍ക്കുമുമ്പില്‍ തലകുനിക്കുന്നു…!

മലവെള്ളം കുത്തിയൊലിച്ച് വന്നപ്പോള്‍ ചില വിഷജീവികള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. അവര്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കണം! കേരളത്തിന്റെ ഒരുമ കണ്ടിട്ട് അവര്‍ക്ക് ഒട്ടും സഹിക്കുന്നില്ല!

പണ്ട് പ്രളയം വന്ന നേരത്ത് തന്റെ കടയിലെ മുഴുവന്‍ തുണിത്തരങ്ങളും പാവങ്ങള്‍ക്കുവേണ്ടി സംഭാവന ചെയ്ത നൗഷാദ് എന്ന കൊച്ചിക്കാരനെ ഓര്‍മ്മിക്കുന്നില്ലേ? അദ്ദേഹം ഇത്തവണയും ദുരന്തഭൂമിയിലേയ്ക്ക് വസ്ത്രങ്ങള്‍ കൊടുത്തയച്ചിട്ടുണ്ട്. ആ നൗഷാദിനെപ്പറ്റി ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട കമന്റിന്റെ ഏകദേശ രൂപം ഇങ്ങനെയാണ്-

”ഒരു നൈറ്റി ചോദിച്ചപ്പോള്‍ മുഴുവന്‍ തുണിയും കൊടുത്ത ഒരു ഇക്കയുണ്ടല്ലോ. ഇതുപോലുള്ള കുറേ കഥകള്‍ ഇനി വരും. ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവരുടെ കഥകള്‍…”

‘പ്രത്യേക വിഭാഗം’ എന്ന പ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? കിട്ടിയ പഴുതിലൂടെ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്! ജാതിയും മതവും മറന്ന് മനുഷ്യര്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയത്താണ് ഈ കുത്തിത്തിരിപ്പ്.

നൗഷാദിന്റെ പേരും മുഖവും മലയാളികളുടെ മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞുകഴിഞ്ഞു. അത് അദ്ദേഹത്തിന്റെ മനുഷ്യത്വം കൊണ്ടല്ലേ? അല്ലാതെ നൗഷാദ് മുസ്‌ലിം ആയതുകൊണ്ടാണോ?

യാതൊരു പരിചയവും ഇല്ലാത്തവരുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സജിന്റെ ഭാര്യ തയ്യാറായി നില്‍ക്കുന്നു. അവരെ കേരളം മറക്കുമോ? അതില്‍ അവരുടെ മതത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?

സജിന്‍മാരും നൗഷാദുമാരും ചേര്‍ന്നതാണ് കേരളം. അവരുള്ളപ്പോള്‍ നമ്മള്‍ തോല്‍ക്കില്ല!

മഹാഭാരതത്തിലെ കര്‍ണ്ണന്റെ കഥ വായിച്ചിട്ടില്ലേ? ജന്മം നല്‍കിയ കുന്തി അയാളെ നദിയിലൊഴുക്കി. സൂതന്റെ ഭാര്യയായ രാധ കര്‍ണ്ണനെ എടുത്തുവളര്‍ത്തി. കര്‍ണ്ണനോടുള്ള സ്‌നേഹം നിമിത്തം രാധയുടെ മുലകളില്‍ പാല്‍ ചുരന്നു എന്നാണ് ഇതിഹാസത്തില്‍ പറയുന്നത്!

അതാണ് മുലപ്പാലിന്റെ മഹത്വം! സജിന്റെ ഭാര്യ നല്‍കുന്നത് മുലപ്പാലല്ല ; സ്‌നേഹമാണ്! അതിരുകളില്ലാതെ പരന്നൊഴുകുന്ന സ്‌നേഹം കേരളത്തിന്റെ മുഖമുദ്രയായ കലര്‍പ്പില്ലാത്ത സ്‌നേഹം…!

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more