| Sunday, 5th November 2023, 11:10 pm

ഭാവി തലമുറ വിരാടിനെ സെല്‍ഫിഷ് എന്ന് വിളിച്ചേക്കാം, എന്നാല്‍ അത് തിരുത്താനുള്ള ബാധ്യത നമുക്കുണ്ട്

സന്ദീപ് ദാസ്

കൊല്‍ക്കത്തയിലെ വിരാട് കോഹ്‌ലിയുടെ മാസ്റ്റര്‍ക്ലാസ് ഇന്നിങ്‌സിനെ ഭാവി തലമുറയിലെ ചിലര്‍ ‘സെല്‍ഫിഷ്’ എന്ന് വിശേഷിപ്പിച്ചേക്കാം. ആ കളി തത്സമയം കണ്ട നമുക്ക് അവരെ തിരുത്താനുള്ള ബാധ്യതയുണ്ട്!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ 326/5 എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയ സമയത്ത് വിരാട് കോഹ്‌ലിയ്‌ക്കെതിരെ ശാപവാക്കുകള്‍ പ്രവഹിക്കുകയായിരുന്നു. 49ാം സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സ്വാര്‍ത്ഥനായ വിരാട് സ്ലോ ആയി കളിച്ചു എന്ന കടുപ്പമേറിയ വിമര്‍ശനം ഒരുപാട് ആളുകള്‍ ഉന്നയിച്ചിരുന്നു.

ചേസിനിറങ്ങിയ പ്രോട്ടിയാസ് 83 റണ്‍സിന് ഓള്‍ ഔട്ടായതോടെ വിരാടിനെതിരായ ആരോപണങ്ങളുടെ മുനയൊടിഞ്ഞു. പക്ഷേ ആ ഒരൊറ്റക്കാര്യം വെച്ച് ന്യായീകരിക്കപ്പെടേണ്ട ഇന്നിങ്‌സല്ല വിരാട് കളിച്ചത്. ആ സെഞ്ച്വറി സമഗ്രമായ ഒരു വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയും ഇന്ത്യയും കൊമ്പുകോര്‍ക്കുന്നതിന് മുമ്പ് കൊല്‍ക്കത്തയില്‍ രണ്ട് ലോകകപ്പ് മത്സരങ്ങളാണ് അരങ്ങേറിയത്. ആ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീം 230 എന്ന കടമ്പ പോലും കടന്നില്ല.

ആ ഗ്രൗണ്ടില്‍ ഇപ്പോള്‍ ബാറ്റിങ് എളുപ്പമല്ല എന്ന കാര്യം അതില്‍നിന്ന് തന്നെ വ്യക്തമാണല്ലോ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് വേണ്ടി ഒരുക്കപ്പെട്ടത് സ്ലോ ആയ, ലോ ബൗണ്‍സുള്ള പിച്ചാണ്. അതില്‍ സ്പിന്നര്‍മാരെ സഹായിക്കുന്ന ഒരുപാട് സ്‌പോട്ടുകള്‍ കാണാമായിരുന്നു.

ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിങ്ങ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, ”ഇന്ത്യ 300 റണ്‍സ് അടിച്ചാല്‍ ഈ കളി അതോടെ തീര്‍ന്നു. ഈ പിച്ചില്‍ ഇന്ത്യയുടെ ബൗളിങ്ങിനെതിരെ ദക്ഷിണാഫ്രിക്ക ഒരിക്കലും അത്രയും റണ്ണുകള്‍ പിന്തുടരാന്‍ പോകുന്നില്ല,”

ഇക്കാര്യം വിരാടും തിരിച്ചറിഞ്ഞിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു പുതിയ ബാറ്റര്‍ക്ക് നിലയുറപ്പിക്കാന്‍ എളുപ്പമായിരുന്നില്ല. വിരാട് വമ്പന്‍ ഷോട്ടിന് ശ്രമിച്ച് ആദ്യമേ പുറത്തായിരുന്നുവെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ 210-220 റണ്‍സില്‍ ഒതുങ്ങുമായിരുന്നു. ഒരുപക്ഷേ ആ ലക്ഷ്യം ഭേദിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമായിരുന്നു.

പക്ഷേ വിരാട് 300 എന്ന ടാര്‍ഗറ്റ് മനസ്സില്‍ വെച്ച് കളിച്ചു. ഇന്ത്യ അതിനേക്കാള്‍ 26 റണ്‍സ് അധികം നേടി. അപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക മാനസികമായി പരാജയം സമ്മതിച്ചിരുന്നു. വിരാട് പത്ത് തലയുള്ള രാവണനാണെന്ന് ബോധ്യമായ നിമിഷം.

ആ പിച്ചില്‍ ഏറ്റവും കൂടുതല്‍ അപകടം വിതയ്ക്കാന്‍ സാധ്യതയുള്ള ബോളര്‍ കേശവ് മഹാരാജ് എന്ന ലെഫ്റ്റ് ആം സ്പിന്നറായിരുന്നു. അയാള്‍ക്കെതിരെ ഒരു ബൗണ്ടറി പോലും അടിക്കാന്‍ ശ്രമിക്കാതെ വിരാട് ആ ഭീഷണി സൗകര്യപൂര്‍വം ഒഴിവാക്കി.

പ്രോട്ടിയാസിന്റെ പേസ് ബൗളര്‍മാര്‍ ആ പ്രതലത്തില്‍ പതറിയിരുന്നു. പക്ഷേ കൗശലക്കാരനായ കഗീസോ റബാദ പിച്ചിന്റെ സ്വഭാവം മനസിലാക്കി മികച്ച രീതിയില്‍ പന്തെറിഞ്ഞു. ആ റബാദയ്‌ക്കെതിരെ വിരാട് കളിച്ച കവര്‍ഡ്രൈവും ഓണ്‍ഡ്രൈവും എത്ര മനോഹരമായിരുന്നു.

ദക്ഷിണാഫ്രിക്ക ഏകപക്ഷീയമായ രീതിയില്‍ കീഴടങ്ങി എന്ന് അവസാന ഫലം കാണുമ്പോള്‍ തോന്നും. പക്ഷേ വിരാട് അവരെ വരച്ച വരയില്‍ നിര്‍ത്തിയത് കൊണ്ടാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ സുഗമമായത്.

ഒരു ചെറിയ പഴുത് കിട്ടിയാല്‍ പ്രോട്ടിയാസ് ഇന്ത്യയെ പൊളിച്ചടക്കുമായിരുന്നു. കാലിന് പരിക്കേറ്റതിന് പിന്നാലെ വിരാടിനെതിരെ കിടിലന്‍ യോര്‍ക്കര്‍ എറിഞ്ഞ ലുന്‍ഗി എന്‍ഗിഡി ദക്ഷിണാഫ്രിക്കന്‍ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്നു.

പക്ഷേ വിരാട് അവര്‍ക്ക് മുടിനാരിഴയുടെ സ്‌പേസ് പോലും അനുവദിച്ചില്ല. 119 പന്തുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ വിരാട് ആകെ 10 ബൗണ്ടറികളേ നേടിയിരുന്നുള്ളൂ. 60 റണ്ണുകളും വന്നത് ഓട്ടത്തിലൂടെ!

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ബാവുമ പോലും വിരാടിന്റെ ഓട്ടത്തിന് മുമ്പില്‍ നിഷ്പ്രഭനായി! ആകെ മൊത്തം റിസ്‌ക്-ഫ്രീ ക്രിക്കറ്റ്!

ടി-20 യുഗത്തില്‍ കളിക്കപ്പെട്ട ഒരു ഏകദിന മത്സരമായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കുശേഷം സ്‌കോര്‍കാര്‍ഡ് പരിശോധിക്കുന്ന ആളുകള്‍ വിരാട് സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ചു എന്ന് തെറ്റിദ്ധരിച്ചേക്കാം. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ് വിരാട് നേടിയത് എന്ന തിരുത്തല്‍ അവര്‍ക്ക് നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്!

പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വീകരിച്ചതിനുശേഷം വിരാട് പറഞ്ഞു,

”എന്നെ സച്ചിന്‍ അഭിനന്ദിക്കുകയുണ്ടായി. സച്ചിന്റെ കളി ടി.വിയില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹമാണ് ബാറ്റിങ്ങിന്റെ പൂര്‍ണത, അല്ലാതെ ഞാനല്ല,”

49ാം സെഞ്ച്വറി എന്ന എവറസ്റ്റ് കീഴടക്കിയപ്പോള്‍ വിരാട് നടത്തിയ ആഹ്ലാദപ്രകടനം ശ്രദ്ധിച്ചിരുന്നില്ലേ? അയാള്‍ ഹെല്‍മറ്റ് അഴിച്ച് കാണികളെ ചെറുതായി അഭിവാദ്യം അര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. പുരപ്പുറത്ത് കയറിയുള്ള ആഘോഷങ്ങള്‍ നാം കണ്ടില്ല.

ഈ മനുഷ്യനെ തെറ്റിദ്ധരിച്ചവര്‍ക്ക് ഇനിയും തെറ്റ് മായ്ക്കാനുള്ള അവസരമുണ്ട്. ഉറക്കെപ്പറയാം. വിരാട് നമുക്ക് ലഭിച്ച നിധിയാണ്! കോഹിനൂരിനേക്കാള്‍ മൂല്യമേറിയ നിധി

Content Highlight: Sandeep Das writes about Virat Kohli’s 49th ODI century

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more