”അച്ഛനമ്മമാരുടെ ഏക മകനാണ് വിഘ്‌നേഷ്. ഒരുപാട് വാത്സല്യം കൊടുത്തിട്ടാണ് അവര്‍ വിഘ്‌നേഷിനെ വളര്‍ത്തിയത്. അവന് കൂട്ടുകാര്‍ വളരെ കുറവായിരുന്നു. പക്ഷേ ആ അച്ഛനും അമ്മയ്ക്കും എന്നെ വിശ്വാസമായിരുന്നു. നീ അവനെ കൊണ്ടുപൊയ്‌ക്കോളൂ എന്ന് പറഞ്ഞിട്ടാണ് വിഘ്‌നേഷിന്റെ അച്ഛനും അമ്മയും അവനെ എനിക്ക് തന്നത്…”
ഷെരീഫ് ഉസ്താദ് വിഘ്‌നേഷ് പുത്തൂരിനെക്കുറിച്ച് പറഞ്ഞ ഈ വാചകങ്ങള്‍ കേട്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി. ”വിഘ്‌നേഷിന്റെ അച്ഛനും അമ്മയും അവനെ എനിക്ക് തന്നു” എന്ന പ്രയോഗം ശ്രദ്ധിക്കണം. താന്‍ ഒരു കുഞ്ഞനിയനെ സ്വന്തമാക്കി എന്നല്ലേ ഷെരീഫ് പറയാതെ പറഞ്ഞത്!?
വിഘ്‌നേഷിന് പത്ത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സമയത്ത് ഷെരീഫ് അവനെ കളിക്കാന്‍ കൂടെക്കൂട്ടി. സ്വന്തം ക്രിക്കറ്റ് കിറ്റ് വിഘ്‌നേഷിന് കൊടുത്തു. വിഘ്‌നേഷിനെ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോയി. ചൈനാമാന്‍ ബോളിങ്ങിലേയ്ക്ക് വഴിതിരിച്ചുവിട്ടു.
പള്ളിയില്‍ പോയപ്പോഴെല്ലാം ഷെരീഫ് തന്റെ കുഞ്ഞനിയനുവേണ്ടി പ്രാര്‍ത്ഥിച്ചു. മുസ്‌ലിം മതവിശ്വാസിയായ ഷെരീഫിനെ വിഘ്‌നേഷ് സ്‌നേഹപൂര്‍വ്വം ”ഷെരീഫ് ചേട്ടാ” എന്ന് വിളിച്ചു.
വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് ഏതാനും മാസങ്ങള്‍ക്കുമുമ്പായിരുന്നു. അന്ന് സകല ചാനലുകളോടും വിഘ്‌നേഷ് പറഞ്ഞിരുന്നു,
”എന്നെ കളിയിലേക്ക് കൊണ്ടുവന്നത് ഷെരീഫ് ചേട്ടനാണ്,”
പക്ഷേ ഷെരീഫ് ചേട്ടനെ ആരും കണ്ടില്ല. വിഘ്‌നേഷ് അരങ്ങേറ്റ മത്സരത്തില്‍ ഒരു ഡ്രീം സ്‌പെല്‍ എറിഞ്ഞു. അതിനുപിന്നാലെ വിഘ്‌നേഷിന് പ്രിയപ്പെട്ട എല്ലാവരും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു.
വിഘ്‌നേഷിന്റെ മാതാപിതാക്കളെയും പരിശീലകരെയും സുഹൃത്തുക്കളെയും നാം കണ്ടു. പക്ഷേ ഷെരീഫ് മാത്രം മറഞ്ഞിരിക്കുകയായിരുന്നു. വിഘ്‌നേഷിന്റെ അയല്‍ക്കാരനായ ഷെരീഫിന് അഞ്ചോ ആറോ ചുവടുകള്‍ വെച്ചാല്‍ ക്യാമറകളുടെ മുമ്പില്‍ എത്താമായിരുന്നു. പക്ഷേ ആ മനുഷ്യന്‍ ആര്‍ക്കും മുഖംകൊടുത്തില്ല!
അവസാനം പത്രപ്രവര്‍ത്തകര്‍ ഷെരീഫിനെ തേടിച്ചെന്നു. അപ്പോള്‍ അദ്ദേഹം മടിച്ചു മടിച്ചു പറഞ്ഞു,
”അവന് വലിയ മനസ്സുള്ളതുകൊണ്ട് അവന്‍ എന്നെക്കുറിച്ച് സംസാരിച്ചു. അവനെ സഹായിച്ച കാര്യമൊക്കെ ഞാന്‍ പോലും മറന്നുപോയിരുന്നു!”
ആ വാക്കുകള്‍ കേട്ടപ്പോള്‍ അത്ഭുതം തോന്നി. ഇത്രയേറെ നിസ്വാര്‍ത്ഥമായ മനോഭാവം വെച്ചുപുലര്‍ത്തുന്നത് മനുഷ്യസാധ്യമാണോ!?
വിഘ്‌നേഷ് ഇനി ഒരുപാട് ഉയരങ്ങള്‍ കീഴടക്കും. പക്ഷേ ഷെരീഫിനെപ്പോലൊരു ജ്യേഷ്ഠസഹോദരനെ സമ്പാദിച്ചതാണ് വിഘ്‌നേഷിന്റെ ഏറ്റവും വലിയ വിജയം.
ഷെരീഫ് ഉസ്താദുമാരുടെ മണ്ണാണ് കേരളം. ഇവിടെ അമ്പലമുറ്റത്ത് ഇഫ്താര്‍ വിരുന്ന് നടക്കും. പള്ളിയുടെ മുമ്പില്‍ ആറ്റുകാല്‍ പൊങ്കാലയും അരങ്ങേറും.
മമ്മൂട്ടി എന്ന ഇച്ചാക്കയ്ക്കുവേണ്ടി മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തും. ക്രിസ്തുമത വിശ്വാസിയായ ഇയാന്‍ ഹ്യൂമിനെ നാം വിളിച്ച് ശീലിച്ചത് ഹ്യൂമേട്ടന്‍ എന്നാണ്.
‘ദേവദൂതന്‍’ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രം അലീനയോട് പറയുന്ന ഹൃദയസ്പര്‍ശിയായ ഡയലോഗ്. അത് ഷെരീഫിനും നന്നായി ഇണങ്ങും,
”ബഹുമാനിക്കപ്പെടേണ്ട എന്തോ ഒന്ന് നിങ്ങളിലുണ്ട്. എത്ര ഭംഗിയായിട്ടാണ് നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നത്…’
Content Highlight: Sandeep Das writes about Sherif Ustad and Vignesh Puthur