സഞ്ജു അത് ചെയ്തു, അതും സ്വന്തം കരിയര്‍ അപകടത്തില്‍ നില്‍ക്കുമ്പോള്‍, അസാമാന്യമായ ചങ്കൂറ്റം വേണമതിന്!
Sports News
സഞ്ജു അത് ചെയ്തു, അതും സ്വന്തം കരിയര്‍ അപകടത്തില്‍ നില്‍ക്കുമ്പോള്‍, അസാമാന്യമായ ചങ്കൂറ്റം വേണമതിന്!
സന്ദീപ് ദാസ്
Monday, 15th July 2024, 10:04 am

സിംബാബ്‌വേയ്‌ക്കെതിരെ സഞ്ജു സാസണ്‍ ഒരു മാച്ച് വിന്നിങ് ഫിഫ്റ്റി നേടിയിട്ടുണ്ട്. ചില മലയാളികള്‍ അതിനോട് പ്രതികരിക്കുന്ന രീതി പ്രത്യേകം ശ്രദ്ധിക്കണം,

”45 പന്തില്‍ 58 റണ്‍സ് അടിച്ചു. ഇതാണോ ഇത്ര വലിയ കാര്യം?’ ‘ടെസ്റ്റ് കളിച്ചതിന് നന്ദി സുഹൃത്തേ…”

ചിലര്‍ക്ക് ‘സഞ്ജു’ എന്ന പേര് ശരിയായി ഉച്ചരിക്കാന്‍ പോലും താത്പര്യമില്ല. അവര്‍ അയാളെ ‘കുഞ്ചു’ എന്ന് മാത്രമേ വിളിക്കുകയുള്ളൂ!

എന്തിനാണ് സഞ്ജുവിനോട് ഇത്രയേറെ പക? അയാള്‍ ഇവരോടെല്ലാം എന്ത് തെറ്റാണ് ചെയ്തത്!?

40/3 എന്ന സ്‌കോറില്‍ ഇന്ത്യ പരുങ്ങിയതാണ്. അവിടെനിന്ന് സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ 167 വരെ എത്തി. 26 റണ്‍സെടുത്ത ശിവം ദുബേയാണ് രണ്ടാമത്തെ മികച്ച ടോപ് സ്‌കോറര്‍. സഞ്ജുവിന്റെ പകുതി റണ്‍സ് പോലും ഒരു സഹ ബാറ്ററും നേടിയിട്ടില്ല.


അത്തരമൊരു ഒറ്റയാള്‍ പോരാട്ടം നടത്തിയ സഞ്ജുവിനെയാണോ ഈ ഓണ്‍ലൈന്‍ പരിശീലകര്‍ പുച്ഛിക്കുന്നത്!?

സിംബാബ്‌വേ മണ്ണില്‍ ഇന്ത്യ അഞ്ച് ടി-20 മാച്ചുകള്‍ കളിച്ചു. എന്നിട്ടും സഞ്ജുവിന് ലഭിച്ചത് ഒരേയൊരു അവസരം മാത്രമാണെന്ന് പറയേണ്ടിവരും. അടുത്ത മത്സരത്തില്‍ അയാള്‍ കളിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല. ഇത്രയേറെ സമ്മര്‍ദത്തില്‍ നില്‍ക്കുന്ന സഞ്ജു 30 പന്തുകളില്‍നിന്ന് സെഞ്ച്വറി അടിക്കുമെന്നാണോ വിമര്‍ശകര്‍ പ്രതീക്ഷിക്കുന്നത്!?

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയുടെ ഒരു ബാറ്റര്‍ പോലും 35 റണ്‍ കടന്നില്ല. അതിനെക്കുറിച്ച് സഞ്ജു വിരോധികള്‍ക്ക് ഒന്നും പറയാനില്ലേ!?

സഞ്ജുവിന്റെ പ്രതിഭ വ്യക്തമായി തെളിഞ്ഞുകണ്ട ഇന്നിങ്‌സാണ് ഹരാരെയില്‍ പിറവികൊണ്ടത്.

സിംബാബ്‌വേ സ്‌കിപ്പറായ സിക്കന്ദര്‍ റാസ ഇന്ത്യക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. ഫോമിലുള്ള യശസ്വി ജയ്‌സ്വാളിന്റെ ലെഗ് സ്റ്റമ്പ് അയാള്‍ ഊരിയെറിഞ്ഞിരുന്നു. ക്ലീന്‍ ഹിറ്ററായ അഭിഷേക് ശര്‍മയും നായകനായ ശുഭ്മന്‍ ഗില്ലും കൂടാരത്തില്‍ മടങ്ങിയെത്തിയിരുന്നു.

റാസ ഒരു തവണ സഞ്ജുവിന്റെ ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജ് കണ്ടെത്തി. ഭാഗ്യത്തിന് അതൊരു ക്യാച്ചായി പരിണമിച്ചില്ല. എന്നാല്‍ റാസയുടെ അടുത്ത പന്തില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്‌ട്രെയിറ്റ് സിക്‌സര്‍ പറത്തുകയാണ് സഞ്ജു ചെയ്തത്!

ഓഫ് ബ്രേക്കുകളും ലെഗ് സ്പിന്നറുകളും കാരം ബോളുകളും ആം ബോളുകളും മിക്‌സ് ചെയ്ത് എറിയുന്ന ഇന്‍ ഫോം ബൗളര്‍ക്കെതിരെ സ്റ്റെപ്പൗട്ട് ചെയ്യുക! അതും സ്വന്തം കരിയര്‍ അപകടാവസ്ഥയില്‍ നില്‍ക്കുമ്പോള്‍. അസാമാന്യമായ ചങ്കൂറ്റം വേണം അതിന്.

എന്‍ഗരാവ എന്ന പേസ് ബോളര്‍ ആദ്യം എറിഞ്ഞ 2 ഓവറുകളില്‍ കേവലം 4 റണ്‍സാണ് വിട്ടുകൊടുത്തിരുന്നത്. ഉയരത്തിന്റെ ആനുകൂല്യത്തില്‍ അധിക ബൗണ്‍സ് സൃഷ്ടിക്കുന്ന പേസറാണ് അയാള്‍. എന്‍ഗരാവയ്‌ക്കെതിരെ എത്ര അനായാസമായിട്ടാണ് സഞ്ജു ലോഫ്റ്റഡ് ഓഫ്‌ഡ്രൈവ് പായിച്ചത്!

ബാക്ക് ഓഫ് എ ലെങ്ത് പന്തുകള്‍ കൊണ്ട് മുസരബാനി ഒരുക്കിയ കെണിയില്‍ അഭിഷേക് ശര്‍മ വീണിരുന്നു. സമാനമായ ലെങ്ത് സഞ്ജുവിനെതിരെ ഉപയോഗിക്കപ്പെട്ടപ്പോള്‍ ഒരു പുള്‍ ഷോട്ടാണ് പിറന്നത്!

ബ്രണ്ടന്‍ മവൂറ്റ എന്ന റിസ്റ്റ് സ്പിന്നര്‍ സ്റ്റംമ്പിന്റെ ലൈനില്‍ ഫുള്‍ലെങ്ത് ബോള്‍ എറിഞ്ഞപ്പോള്‍ സഞ്ജു ഗ്രൗണ്ടിന്റെ പുറത്തേയ്ക്ക് പന്തടിച്ച് തെറിപ്പിച്ചു! 110 മീറ്റര്‍ ഡിസ്റ്റന്‍സ് ടി-20 ക്രിക്കറ്റിലെ സഞ്ജുവിന്റെ മുന്നൂറാമത്തെ സിക്‌സ്!

അമ്പയര്‍മാര്‍ പുതിയ പന്തെടുത്തു. ബ്രണ്ടന്‍ ലൈനും ലെങ്ത്തും മാറ്റി. ഓഫ് സ്റ്റമ്പിന് പുറത്ത് ഗുഡ്‌ലെങ്ത് ഡെലിവെറി! അത് കവറിനുമുകളിലൂടെ അദൃശ്യമായി

ഇതുപോലൊരു കംപ്ലീറ്റ് ബാറ്ററായ സഞ്ജു ടി-20 ലോകകപ്പില്‍ ഒരൊറ്റ മത്സരം പോലും കളിച്ചില്ല! ആര്‍ക്കെങ്കിലും അതിന്റെ കാരണം അറിയാമോ!?

സ്പിന്‍ ബാഷര്‍ മാത്രമായ ശിവം ദുബേയ്ക്ക് ഇന്ത്യ തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കി. ലോകകപ്പിന്റെ സെമിഫൈനലില്‍ ഗോള്‍ഡന്‍ ഡക്ക് ആയിട്ടും ദുബേയ്ക്ക് മാനേജ്‌മെന്റിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

ടി-20 ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളിലെല്ലാം റിഷബ് പന്ത് പരാജയപ്പെട്ടിരുന്നു. അയാളുടെ അന്താരാഷ്ട്ര ടി-20 കരിയര്‍ ‘പരിതാപകരം’ എന്ന വിശേഷണം മാത്രമേ അര്‍ഹിക്കുന്നുള്ളൂ. പക്ഷേ പന്തിന് എന്നും ടീമില്‍ സ്ഥിരം സ്ഥാനമുണ്ട്!

ഇതിന്റെ നാലിലൊന്ന് പിന്തുണ സഞ്ജുവിന് നല്‍കിയിരുന്നുവെങ്കില്‍ ആ പാവം പണ്ടേ രക്ഷപ്പെട്ട് പോവുമായിരുന്നില്ലേ!? അത് പറഞ്ഞാല്‍ ചില മലയാളികള്‍ക്ക് സഹിക്കില്ല. അവര്‍ക്ക് സഞ്ജുവിനെ തെറിവിളിച്ചാലേ സംതൃപ്തി ലഭിക്കുകയുള്ളൂ

തോക്കിന്റെ മുനമ്പില്‍ നിന്നുകൊണ്ടാണ് സഞ്ജു ഹരാരെയില്‍ കളിച്ചത്. ടീം മാനേജ്‌മെന്റ് സഞ്ജുവിന് ഒരു സന്ദേശം നല്‍കുകയായിരുന്നു.

”നിനക്ക് ഒരേയൊരു ചാന്‍സ് തന്നിട്ടുണ്ട്. വേണമെങ്കില്‍ ഇത് ഉപയോഗിക്കാം. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ ഫയര്‍ ചെയ്യും…!”

സഞ്ജുവിന്റെ ഇന്നിങ്‌സ് അവര്‍ക്കുള്ള മറുപടിയാണ്.

”തത്കാലം നിങ്ങള്‍ ആ തോക്കിന്റെ കാഞ്ചി വലിക്കുന്നില്ല. I am here to stay…”

 

Content highlight: Sandeep Das writes about Sanju Samson

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍