| Tuesday, 30th April 2024, 6:32 pm

ഇത്ര വലിയ അപരാധം സഞ്ജുവിനോട് ചെയ്തിട്ടും ബി.സി.സി.ഐക്ക് അതിന്റെ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍...

സന്ദീപ് ദാസ്

എന്റെ കണ്ണും മനസും ആനന്ദത്താല്‍ നിറയുന്നുണ്ട്. നമ്മുടെ സ്വന്തം സഞ്ജു സാംസണ്‍ ടി-20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടിയിരിക്കുന്നു. സഞ്ജുവിന്റെ സ്ഥാനം സെലക്ടര്‍മാര്‍ കനിഞ്ഞു നല്‍കിയ സമ്മാനമല്ല. ആ കസേര സഞ്ജു പിടിച്ചുവാങ്ങുക തന്നെയാണ് ചെയ്തത്.

ഐ.പി.എല്ലില്‍ ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സഞ്ജുവിനെ തഴയാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ലായിരുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന സംഭവങ്ങള്‍ ഓര്‍ക്കുന്നില്ലേ?

ഒ.ഡി.ഐ ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന സഞ്ജു ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടു. അതേ ഫോര്‍മാറ്റില്‍ ദയനീയമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചുകൊണ്ടിരുന്ന സൂര്യകുമാര്‍ യാദവ് ലോകകപ്പ് കളിച്ചു!

ലോകകപ്പ് ഫൈനലില്‍ സൂര്യ പരാജയപ്പെടുകയും ഇന്ത്യ ട്രോഫി അടിയറവ് വെക്കുകയും ചെയ്തു. സൂര്യക്ക് പകരം സഞ്ജു കളിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷേ സൂര്യയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം സഞ്ജുവില്‍ നിന്ന് കിട്ടുമായിരുന്നു എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഇത്ര വലിയ അപരാധം സഞ്ജുവിനോട് ചെയ്തിട്ടും ബി.സി.സി.ഐക്ക് അതിന്റെ പേരില്‍ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല.

2024ലെ ടി-20 ലോകകപ്പില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ ബി.സി.സി.ഐ ഉദ്ദേശിച്ചിരുന്നില്ല. റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ജിതേഷ് ശര്‍മ തുടങ്ങിയ വിക്കറ്റ് കീപ്പര്‍മാരെ ടൂര്‍ണമെന്റിന് കൊണ്ടുപോകാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നത്.

പക്ഷേ ഇത്തവണത്തെ ഐ.പി.എല്ലില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് നല്ലതുപോലെ റണ്ണൊഴുകി. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തി. അതോടെ സെലക്ടര്‍മാരുടെ പദ്ധതികള്‍ മാറി. സഞ്ജു മാറ്റി!

സഞ്ജു വലിയൊരു പ്രചോദനമാണ്. എത്രയെത്ര അവഗണനകളോട് പൊരുതിയിട്ടാണ് അയാള്‍ ജയം വരിച്ചിട്ടുള്ളത്!

ഐ.പി.എല്ലില്‍ ആദ്യമായി അങ്കത്തിനിറങ്ങുമ്പോള്‍ സഞ്ജു ഒരു ടീനേജറായിരുന്നു. അയാളുടെ പ്രതിഭാധാരാളിത്തം അന്നുതന്നെ ചര്‍ച്ചയായതാണ്. വേറെ ഏതെങ്കിലും രാജ്യത്ത് ജനിച്ചിരുന്നുവെങ്കില്‍ സഞ്ജു ദേശീയ ടീമിലെ സ്ഥിരം അംഗമായി മാറുമായിരുന്നു.

എന്നാല്‍ ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

അയാളുടെ അന്താരാഷ്ട്ര അരങ്ങേറ്റം പരമാവധി വൈകിപ്പിച്ചു. ഒരിക്കലും തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കിയില്ല. സ്ഥിരമായ ബാറ്റിങ്ങ് പൊസിഷന്‍ പോലും അനുവദിച്ചില്ല.

അതൊന്നും സഞ്ജുവിനെ തളര്‍ത്തിയില്ല. ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മുന്നോട്ടുപോയി. ഇപ്പോള്‍ ലോകകപ്പ് ടീമിലും എത്തിയിരിക്കുന്നു.

ക്രിക്ഇന്‍ഫോയില്‍ സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശമുണ്ട്,
”ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ സ്പിന്‍ ബോളിങ്ങിനെതിരെ പതറുന്നുണ്ട്. ആ പോരായ്മ സഞ്ജുവിന് ഇല്ല,”

ഏറ്റവും നന്നായി ഫാസ്റ്റ് ബോളിങ്ങിനെ കൈകാര്യം ചെയ്യുന്ന ഒരാള്‍ കൂടിയാണ് സഞ്ജു. പേസര്‍മാരെ നേരിടുന്ന സമയത്ത് സഞ്ജുവിന് കിട്ടുന്ന അധിക സമയത്തെക്കുറിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പലതവണ വിശദീകരിച്ചിട്ടുള്ളതാണ്. അങ്ങനെ സഞ്ജു ഒരു കംപ്ലീറ്റ് ബാറ്ററായി മാറുന്നു!

ഒരു മലയാളി ബാറ്റര്‍ ലോകകപ്പ് കളിക്കും എന്ന പ്രവചനം പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ നടത്തിയിരുന്നുവെങ്കില്‍ നാം അയാളെ പുച്ഛിക്കുമായിരുന്നില്ലേ? ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു! നമ്മുടെ ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍ സഞ്ജുവല്ലാതെ മറ്റാരാണ്!?

വെസ്റ്റ് ഇന്‍ഡീസിലെ വിഖ്യാതമായ ബാര്‍ബഡോസ് മൈതാനത്തിലാണ് ടി-20 ലോകകപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്. ഒരുകാലത്ത് പേസര്‍മാരുടെ പറുദീസയായിരുന്നു ആ മണ്ണ്.

ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. ബാര്‍ബഡോസില്‍ ഒരു പേസര്‍ തീപ്പൊരി ഡെലിവെറി പായിക്കുന്നു. കവറിനുമുകളിലൂടെ സഞ്ജുവിന്റെ ഫിനിഷിങ്ങ് സിക്‌സര്‍! ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം! അങ്ങനെ സംഭവിച്ചാലോ?

മേല്‍പ്പറഞ്ഞത് അതിമോഹമാണെന്ന് നന്നായി അറിയാം. എങ്കിലും സ്വപ്നം കാണുമ്പോള്‍ എന്തിനാണ് പിശുക്ക് കാട്ടുന്നത്!?

സഞ്ജുവിന്റെ ജീവിതം നമ്മളോട് പറയുന്നതും അതല്ലേ!?
സ്വപ്നം കാണൂ! ആകാശത്തോളം! പരിധികളില്ലാതെ!

Content Highlight: Sandeep Das writes about Sanju Samson

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more