| Sunday, 9th April 2023, 8:09 pm

'നല്ലൊരു സിക്‌സര്‍, പക്ഷേ കൊല്‍ക്കത്ത ഈ കളി ജയിക്കില്ല എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും' കളി തീരും മുമ്പ് വിധിയെഴുതിയ കമന്റേറ്റര്‍ക്ക് വാക്കുകള്‍ വിഴുങ്ങേണ്ടി വന്ന നിമിഷം

സന്ദീപ് ദാസ്

കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 5 പന്തുകളില്‍ 28 റണ്‍സ് വേണ്ട സമയം. യാഷ് ദയാലിന്റെ ഒരു പന്ത് റിങ്കു സിങ് ഗാലറിയില്‍ എത്തിക്കുമ്പോള്‍ കമന്റേറ്റര്‍ പറയുന്നുണ്ട്:

”നല്ലൊരു സിക്‌സര്‍. പക്ഷേ ഈ കളി കെ.കെ.ആര്‍ ജയിക്കില്ല എന്ന് ഉറപ്പിച്ചുപറയാനാകും….”

സാധാരണ ഗതിയില്‍ കളി തീരുന്നതിനുമുമ്പ് കളിപറച്ചിലുകാര്‍ വിധി പറയാറില്ല. ആ പതിവ് പോലും തെറ്റിയെങ്കില്‍ കൊല്‍ക്കത്തയുടെ സ്ഥിതി എത്രമാത്രം പരിതാപകരമായിരുന്നിരിക്കണം…!

പക്ഷേ തുടര്‍ന്നുള്ള നാല് പന്തുകളും റിങ്കു സിക്‌സറുകളാക്കി മാറ്റി! ക്രിക്കറ്റ് ലോകം തരിച്ചുനിന്നു. കമന്റേറ്റര്‍ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു!

റിങ്കുവിന്റെ പുറകില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുണ്ട്. ട്രോഫികള്‍ നിരത്തിവെക്കാന്‍ പോലും സ്ഥലമില്ലാത്ത ഒരു കൊച്ചുവീട്ടില്‍ നിന്നാണ് അയാള്‍ വരുന്നത് എന്ന് വായിച്ചിട്ടുണ്ട്.

ഒരിക്കല്‍ സ്വീപ്പറുടെ ജോലി ഏറ്റെടുക്കുന്നതിന്റെ വക്ക് വരെ റിങ്കു സിങ് എത്തിയതാണ്. പക്ഷേ വിധിയും പ്രതിഭയും അയാളെ ഒരു ക്രിക്കറ്ററാക്കി മാറ്റി.

ഒരു റാഷിദ് ഖാന്‍ ഹാട്രിക് എതിരാളികളില്‍ സൃഷ്ടിക്കുന്ന മാനസിക ആഘാതം വളരെ വലുതാണ്. അതിനെ അതിജീവിച്ച് ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ഫിനിഷ് ചെയ്യണമെങ്കില്‍ റിങ്കുവിന്റെ റേഞ്ച് എന്തായിരിക്കണം! അതും നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തിനെതിരെ അവരുടെ മടയില്‍വെച്ച്!

പണ്ട് രാഹുല്‍ തെവാട്ടിയ ഇതുപോലൊരു പ്രകടനം നടത്തിയിട്ടുണ്ട്. ആ തെവാട്ടിയയുടെ ടീമിനുതന്നെ അത് തിരിച്ചുകിട്ടി എന്നതാണ് ഏറ്റവും കൗതുകകരം.

റിങ്കുവിന്റെ ക്രിക്കറ്റ് യാത്രയെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് അവന്റെ അച്ഛനാണ്. ഒരിക്കല്‍ റിങ്കുവിന് പരിക്കേറ്റപ്പോള്‍ റിങ്കുവിന്റെ അച്ഛന്‍ ഭക്ഷണം പോലും കഴിക്കാതെ വിഷമിച്ചിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് അച്ഛനെ സമാധാനിപ്പിച്ചതെന്നും റിങ്കു പറഞ്ഞിട്ടുണ്ട്.

ഈ നിമിഷത്തില്‍ ലോകത്തിലെ ഏറ്റവും അഭിമാനിയായ പിതാവ് റിങ്കുവിന്റെ അച്ഛനായിരിക്കും. തീര്‍ച്ച…

Content highlight: Sandeep Das writes about Rinku Singh

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more