icc world cup
അമ്പയര്‍ പോലും വിരാട് സെഞ്ച്വറിയടിക്കാന്‍ ആഗ്രഹിച്ചിരുന്നോ? അതെ അയാള്‍ ഇന്ത്യയുടെ പുതിയ ദൈവമാണ്!
അമ്പയര്‍ പോലും വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി ആഗ്രഹിച്ചിരുന്നുവോ!? അങ്ങനെയാണെങ്കില്‍ ഒരു ക്രിക്കറ്റര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ് വിരാട് സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിലെ നാല്‍പ്പത്തിരണ്ടാം ഓവര്‍. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് കേവലം രണ്ട് റണ്ണുകള്‍. വിരാട് കോഹ്‌ലി 97 റണ്‍സോടെ ബാറ്റ് ചെയ്യുന്നു.
നാസും അഹമ്മദ് എന്ന ലെഫ്റ്റ് ആം സ്പിന്നറുടെ ആദ്യ പന്ത് ലെഗ്‌സൈഡിലൂടെ വിരാടിന്റെ കാലിനെ സ്പര്‍ശിക്കാതെ വിക്കറ്റ് കീപ്പറുടെ കരങ്ങളില്‍ എത്തിച്ചേര്‍ന്നു. സാധാരണ ഗതിയില്‍ വൈഡ് ആയി മാറേണ്ട ഡെലിവെറി.
പക്ഷേ അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ കരങ്ങള്‍ ചലിച്ചില്ല! അതിനുപകരം അദ്ദേഹത്തിന്റെ മുഖത്ത് സവിശേഷമായ ഒരു ഭാവം വിടര്‍ന്നു!
വൈകാതെ വിരാട് മിഡ്‌വിക്കറ്റിനുമുകളിലൂടെ സിക്‌സര്‍ പറത്തി. ഇന്ത്യയുടെ വിജയവും വിരാടിന്റെ സെഞ്ച്വറിയും ഒരുമിച്ച് ജന്മം കൊണ്ടു. എല്ലാവരും സന്തുഷ്ടരായി മൈതാനം വിട്ടു. പക്ഷേ ഒരു മില്യണ്‍ ഡോളര്‍ ചോദ്യം ബാക്കിയായി,
”വിരാട് മൂന്നക്കം തികയ്ക്കണമെന്ന് കെറ്റില്‍ബറോ ശരിക്കും ആഗ്രഹിച്ചിരുന്നുവോ?’
ചരിത്രത്തിലെ ഏറ്റവും മികച്ച അമ്പയര്‍മാരില്‍ ഒരാളാണ് കെറ്റില്‍ബറോ. ഐ.സി.സിയുടെ എലീറ്റ് പാനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 38 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്ന് ആ പാനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കെറ്റില്‍ബറോ. നിക്ഷ്പക്ഷതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത അമ്പയര്‍.
അങ്ങനെയുള്ള കെറ്റില്‍ബറോയുടെ ഹൃദയം ഒരു നിമിഷത്തേയ്ക്ക് വിരാടിന് അനുകൂലമായി തുടിച്ചുപോയി എന്നു തന്നെ കരുതണം. ഏത് അളവുകോല്‍ വെച്ച് അളന്നാലും നാസും വിരാടിനെതിരെ എറിഞ്ഞ പന്ത് വൈഡ് തന്നെ ആയിരുന്നു.
കര്‍ക്കശക്കാരനായ ആക്റ്റീവ് അമ്പയര്‍ ഒരു കളിക്കാരന്റെ ആരാധകനായി മാറിയ അത്യപൂര്‍വമായ കാഴ്ച്ച ഇതിനേക്കാള്‍ വലിയ ബഹുമതി വിരാടിന് ഇനി ലഭിക്കുമോ?
കേരള ക്രിക്കറ്റിന്റെ അഭിമാന താരവും അന്താരാഷ്ട്ര അമ്പയറും ആയ കെ.എന്‍. അനന്തപത്മനാഭന്‍ ഒരു ലേഖനത്തില്‍ എഴുതിയത് ഓര്‍ക്കുന്നു,
”പണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സച്ചിന്‍ വിക്കറ്റിനുമുമ്പില്‍ കുടുങ്ങി. പക്ഷേ അമ്പയര്‍ എല്‍.ബി.ഡബ്ല്യൂ അനുവദിച്ചുനല്‍കിയില്ല.
പിന്നീട് ആ അമ്പയര്‍ കുറ്റസമ്മതം നടത്തിയെത്രേ. രണ്ട് ദിവസം ട്രെയിനില്‍ യാത്ര ചെയ്ത് പ്രദര്‍ശന മത്സരം നിയന്ത്രിക്കാനെത്തിയത് സച്ചിന്റെ ബാറ്റിങ് ആസ്വദിക്കാമല്ലോ എന്ന് കരുതിയാണ്. പിന്നെ എങ്ങനെയാണ് അത്ര വേഗത്തില്‍ സച്ചിന്‍ ഔട്ട് ആണെന്ന് വിധിക്കുന്നത്,”
ഇതുകൊണ്ടുകൂടിയാണ് ക്രിക്കറ്റ് ലോകം പറയുന്നത്, ‘അന്ന് സച്ചിന്‍; ഇന്ന് വിരാട്.”
വിരാട് വ്യക്തിഗത നേട്ടത്തിനുവേണ്ടി കളിച്ചത് ശരിയായില്ല എന്ന വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പക്ഷേ വിരാടിനെ പഴിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.
വിരാട് സെഞ്ച്വറിയുടെ സമീപത്ത് എത്തിയപ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. മൂന്നക്കത്തിലെത്താന്‍ വിരാട് ഒരുപാട് പന്തുകളൊന്നും പാഴാക്കിയില്ല. എട്ടോളം ഓവറുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ജയിച്ചതിനാല്‍ വിരാടിന്റെ ഇന്നിങ്‌സ് നെറ്റ് റണ്‍റേറ്റിനെയും അത്രകണ്ട് സ്വാധീനിച്ചിട്ടില്ല.
സെഞ്ച്വറി ലക്ഷ്യമിട്ട് കളിക്കുന്നത് ശരിയല്ല എന്നാണ് വിരാട് പോലും ചിന്തിച്ചിരുന്നത്. അടിമുടി ടീം മാന്‍ ആയ അയാള്‍ക്ക് അപ്രകാരമേ ആലോചിക്കാനാകൂ. ഈ പ്രത്യേക മത്സരത്തിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സെഞ്ച്വറിയ്ക്ക് ശ്രമിക്കുന്നതില്‍ തെറ്റില്ല എന്ന് വിരാടിനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയത് കെ.എല്‍. രാഹുലാണ്.
ബംഗ്ലാദേശ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു. വിരാടിന് സെഞ്ച്വറി കിട്ടാതിരിക്കാന്‍ വേണ്ടി നാസും അഹമ്മദ് മാത്രമല്ല ഹസന്‍ മഹ്മൂദും വൈഡ് എറിഞ്ഞിരുന്നു.
1999ലെ ദല്‍ഹി ടെസ്റ്റില്‍ അനില്‍ കുംബ്ലെയ്ക്ക് 10 വിക്കറ്റ് നേട്ടം നിഷേധിക്കുന്നതിന് വേണ്ടി പാക്കിസ്ഥാന്റെ വഖാര്‍ യുനിസ് ശ്രീനാഥിന് വിക്കറ്റ് സമ്മാനിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് വഖാറിനോട് ”അത് ശരിയല്ല”എന്ന് പറയാന്‍ പാക് ടീമില്‍ ഒരു വസീം അക്രം ഉണ്ടായിരുന്നു. ആ മര്യാദ ആരും ബംഗ്ലാദേശില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അറിയപ്പെട്ടിരുന്നത് ക്രിക്കറ്റിന്റെ ദൈവം എന്നാണ്. ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം അരങ്ങേറിയ പൂനെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ഇങ്ങനെ എഴുതിയിരുന്നു, ”വിരാട് ഇന്ത്യയുടെ പുതിയ ദൈവമാണ്”
Content highlight: Sandeep Das writes about Richard Kettleborough and Virat Kohli’s century