| Monday, 5th August 2024, 7:40 am

ശ്രീജേഷ് ആരാണെന്ന ഭയം ഗ്രേറ്റ് ബ്രിട്ടണിന്റെ മുഖത്തുണ്ടായിരുന്നു; ഒരു കൈ പോയാല്‍ പകരം ആയിരം ചിറകുകള്‍ വിടര്‍ത്തുന്നവന്‍

സന്ദീപ് ദാസ്

ഇന്ത്യയുമായിട്ടുള്ള ഒളിമ്പിക്‌സ് ഹോക്കി മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടപ്പോള്‍ ഗ്രേറ്റ് ബ്രിട്ടണിന്റെ താരങ്ങളുടെ മുഖത്ത് ഭയം പ്രകടമായിരുന്നു. അവരുടെ ചുമലുകള്‍ കുനിഞ്ഞുതുടങ്ങിയിരുന്നു. പി.ആര്‍. ശ്രീജേഷ് ആരാണെന്ന ആ ഭയം വിളിച്ചുപറയുന്നുണ്ടായിരുന്നു!

ഷൂട്ടൗട്ടില്‍ ബ്രിട്ടനെ കീഴടക്കി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ശ്രീജേഷ് എന്ന വെറ്ററന്‍ മലയാളി അത്‌ലീറ്റ് ഒരു പാറ പോലെ ഗോള്‍പോസ്റ്റ് സംരക്ഷിച്ചുനിന്നു!

അമിത് രോഹിദാസിന് കിട്ടിയ ചുവപ്പ് കാര്‍ഡ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെയായിരുന്നു. പക്ഷേ ശ്രീജേഷിന്റെ സംഘത്തിന് പൊരുതി ജയിക്കാന്‍ 10 പേര്‍ തന്നെ ധാരാളമായിരുന്നു! ഒരു കൈ പോയാല്‍ പകരം ആയിരം ചിറകുകള്‍ വിടര്‍ത്തുന്ന ശ്രീജേഷിന്റെ ടീം.

കുട്ടിയായിരുന്ന ശ്രീജേഷിനോട് ചില പരിശീലകര്‍ പറഞ്ഞുവെത്രേ,

”നിനക്ക് സ്‌പോര്‍ട്‌സ് ചേരില്ല. നിന്റെ പാദങ്ങളുടെ ആകൃതി നോക്കൂ. അവ ഫ്‌ളാറ്റ് ആണ്. അത്‌ലീറ്റുകള്‍ക്ക് അത് നല്ലതല്ല…!”

ശ്രീജേഷ് ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലായിരുന്നില്ല. ശ്രീജേഷിന് ആദ്യത്തെ കിറ്റ് വാങ്ങിക്കൊടുക്കുന്നതിനുവേണ്ടി അയാളുടെ അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.

അങ്ങനെ ആരംഭിച്ച ശ്രീജേഷ് ഇന്ന് എവിടം വരെ എത്തി എന്ന് നോക്കൂ!

2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നാല് പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടി. അതിന് ചുക്കാന്‍ പിടിച്ചത് ശ്രീജേഷായിരുന്നു!

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ഹോക്കി ടീം ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചിരുന്നു. 52 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ കംഗാരുപ്പടയെ അടിയറവ് പറയിച്ചത്! അന്നും ശ്രീജേഷ് വന്മതിലായി നിലകൊണ്ടു.

ഇപ്പോള്‍ ഇന്ത്യ മറ്റൊരു ഒളിമ്പിക്‌സ് മെഡലിന്റെ വക്കില്‍ നില്‍ക്കുന്നു! പക്ഷേ ശ്രീജേഷിന് അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടുണ്ടോ?

ഒരിക്കല്‍ ശ്രീജേഷ് പറഞ്ഞു,

”ഒരര്‍ത്ഥത്തില്‍ ഗോള്‍ കീപ്പിങ്ങ് നന്ദിയില്ലാത്ത ജോലിയാണ്. ഞാന്‍ 10 സേവുകള്‍ നടത്തിയാല്‍ അത് ആളുകള്‍ ശ്രദ്ധിക്കണമെന്നില്ല. പക്ഷേ ഒരു പിഴവ് എന്റെ ഭാഗത്തുനിന്ന് സംഭവിച്ചാല്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തും…!”

ഐ.പി.എല്ലില്‍ തീപ്പൊരി ഇന്നിങ്‌സ് കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം മുന്നൂറിലധികം മാച്ചുകളില്‍ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ ശ്രീജേഷിന് ലഭിക്കില്ല. അതാണ് ഇന്ത്യന്‍ ഹോക്കിയുടെ ദയനീയാവസ്ഥ!

അധികം വൈകാതെ ശ്രീജേഷ് കളിയോട് വിട പറയും. ദേശീയതലത്തില്‍ ആഘോഷിക്കപ്പെടാന്‍ അര്‍ഹതയുള്ള റിട്ടയര്‍മെന്റാണ് ശ്രീജേഷിന്റേത്. പക്ഷേ എത്ര പേര്‍ അയാളെ വാഴ്ത്തും? വലിയ ബഹളങ്ങളൊന്നുമില്ലാതെ അതും കടന്നുപോകാനാണ് സാധ്യത. പക്ഷേ ശ്രീജേഷിന് പരാതിയുണ്ടാവില്ല.

രാഹുല്‍ ദ്രാവിഡിന്റെ വിരമിക്കല്‍ സമയത്ത് മുഴങ്ങിക്കേട്ട ഒരു വരി ശ്രീജേഷിനും ബാധകമാണെന്ന് തോന്നുന്നു,

”രാജ്യത്തിനുവേണ്ടി കുപ്പിച്ചില്ലുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ ആവശ്യപ്പെടൂ. അയാളത് ചെയ്തിരിക്കും…!”

Content highlight: Sandeep Das writes about PR Sreejesh

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more