| Thursday, 16th November 2023, 12:02 am

രാജ്യദ്രോഹിയാക്കാന്‍ കാത്തിരുന്നവരെ സാക്ഷിയാക്കി പിഴുതെറിഞ്ഞ ഏഴ് വിക്കറ്റുകള്‍; അതെ, അവന്റെ പേര് പോലും ഹിന്ദുത്വവാദികള്‍ക്ക് അലര്‍ജിയാണ്

സന്ദീപ് ദാസ്

കെയ്ന്‍ വില്യംസണിന്റെ ക്യാച്ച് പാഴാക്കിയ മുഹമ്മദ് ഷമിയെ രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ഒരു പറ്റം ആളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ സാക്ഷികളാക്കി ഷമി 7 വിക്കറ്റുകള്‍ പിഴുതു! ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് കൈ പിടിച്ച് കയറ്റി! സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങള്‍.

സെമി ഫൈനല്‍ കാണാന്‍ സാക്ഷാല്‍ രജനികാന്ത് സന്നിഹിതനായിരുന്നു. ഷമി കാണിച്ചത് പോലുള്ള ഹീറോയിസം രജനികാന്തിന്റെ സിനിമകളില്‍ പോലും കാണാന്‍ പ്രയാസമായിരിക്കും.

398 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യത്തെ തെല്ലും ഭയക്കാതെ ഡാരില്‍ മിച്ചലും കെയ്ന്‍ വില്യംസണും ബാറ്റ് വീശിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ വില്യംസണ്‍ നല്‍കിയ ക്യാച്ച് ഷമി പാഴാക്കി.

സിറ്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിമ്പിള്‍ ചാന്‍സാണ് ഷമി കൈവിട്ടത്. വാംഖഡെ സ്റ്റേഡിയത്തില്‍ ശ്മശാന മൂകത പരന്നു. അവിടത്തെ ആള്‍ക്കൂട്ടം ഒരു കുറ്റവാളിയെപ്പോലെ ഷമിയെ തുറിച്ചുനോക്കി!

മറ്റ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും പിഴവുകള്‍ വരുത്തിയിരുന്നു.

വില്യംസണെ റണ്ണൗട്ടാക്കാനുള്ള അവസരം കെ.എല്‍. രാഹുല്‍ മുതലെടുത്തിരുന്നില്ല. മോശം ഫീല്‍ഡിങ്ങിലൂടെ ബുംറ കിവീസിന് ഒരു ബൗണ്ടറി സമ്മാനിച്ചിരുന്നു. മിച്ചലിനെതിരെ അനാവശ്യമായി ത്രോ ചെയ്ത രവീന്ദ്ര ജഡേജ നാല് റണ്‍സ് എതിരാളികള്‍ക്ക് ദാനമായി നല്‍കിയിരുന്നു.

ഇന്ത്യ കളി തോറ്റിരുന്നുവെങ്കില്‍ മറ്റ് ഫീല്‍ഡര്‍മാരുടെ പോരായ്മകളെല്ലാം മനുഷ്യസഹജമായ പിഴവുകളായി അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഷമിയുടെ സ്ഥിതി അതാകുമായിരുന്നില്ല. അയാള്‍ കൈവിട്ട ക്യാച്ച് രാജ്യദ്രോഹക്കുറ്റമായി വ്യഖ്യാനിക്കപ്പെടുമായിരുന്നു.

മുഹമ്മദ് ഷമി എന്ന പേര് പോലും ഹിന്ദുത്വവാദികള്‍ക്ക് അലര്‍ജിയാണ്!

പക്ഷേ തന്നെ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ഷമി അനുവദിച്ചില്ല. പുതിയ സ്‌പെല്ലിന് എത്തിയ അയാള്‍ കേവലം മൂന്ന് പന്തുകള്‍ കൊണ്ട് വില്യംസണിന്റെയും ടോം ലാഥമിന്റെയും കഥ കഴിച്ചു!

അതോടെ കിവീസിന്റെ ചെയ്‌സ് പാളം തെറ്റിയ തീവണ്ടിയുടെ അവസ്ഥയിലായി. മൂര്‍ധാവില്‍ ഷമി കൊടുത്ത അടിയില്‍ നിന്ന് അവര്‍ പിന്നീട് മോചിതരായില്ല!

വാലറ്റക്കാരായ സൗത്തി, ഫെര്‍ഗൂസന്‍ എന്നിവരെ വീഴ്ത്തി ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത് ഷമി ആയിരുന്നു. പ്രീമിയം ബോളര്‍മാരായ ബുംറയും സിറാജും അടിവാങ്ങിയ സമയത്ത് കോണ്‍വേയും രചിന്‍ രവീന്ദ്രയും അടങ്ങിയ ടാസ്മാനിയന്‍ ടോപ് ഓര്‍ഡറിനെ തുടച്ചുനീക്കിയതും ഷമി ആയിരുന്നു! ആകെമൊത്തം ഒരു ഷമി ഷോ!

ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഷമിയുടെ പിതാവായ തൗസീഫ് അഹമ്മദ് ഒരു പരസ്യപ്രസ്താവന നടത്തിയിരുന്നു, ”പശുവിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ഞങ്ങളെ ആക്രമിക്കുകയാണ്. എന്റെ കുടുംബത്തിന് വര്‍ഗീയതയുടെ പ്രതിച്ഛായ നല്‍കാന്‍ അവര്‍ നുണകള്‍ പറയുകയാണ്,”

പിന്നീട് ഷമി പലതവണ മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഷമിയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചതിന്റെ പേരില്‍ വിരാട് കോഹ്‌ലിയുടെ പിഞ്ചുകുഞ്ഞിന് നേരെ റേപ് ഭീഷണി മുഴക്കാന്‍ പോലും ആളുകളുണ്ടായി!

മനുഷ്യരൂപികളായ അത്തരം മൃഗങ്ങളോട് ഷമി ഇപ്പോള്‍ പറയുകയാണ്,

”എന്റെ രാജ്യസ്‌നേഹം അളക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല. അടിമുടി ഇന്ത്യയാണ് ഞാന്‍!”

രാജ്യത്തോടുള്ള ഷമിയുടെ വിശ്വസ്തതയെ സംശയിച്ചവര്‍ക്കുവേണ്ടി പഴയൊരു കഥ പറയാം,

ഷമി ഉത്തര്‍പ്രദേശിലാണ് ജനിച്ചുവളര്‍ന്നത്. അവിടത്തെ അണ്ടര്‍ 19 തലത്തിലുള്ള സെലക്ടര്‍മാരുടെ അവഗണന മൂലം ഷമി കൊല്‍ക്കത്തയിലേയ്ക്ക് ചേക്കേറി.

കൊല്‍ക്കത്തയിലെ ഷമിയുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ലോക്കല്‍ മാച്ച് കളിച്ചാല്‍ 500 രൂപ കിട്ടും. ടെന്റുകളിലും സഹതാരങ്ങളുടെ ഹോട്ടല്‍ മുറികളിലുമാണ് ഷമി അന്ന് താമസിച്ചിരുന്നത്.

ആ സമയത്താണ് ദേവവ്രത ദാസ് എന്ന മനുഷ്യന്‍ ഷമിയുടെ രക്ഷകനാകുന്നത്. അദ്ദേഹം ഷമിയെ ടൗണ്‍ ക്ലബ്ബില്‍ ചേര്‍ത്തു. അതോടെ ഷമിയുടെ ജീവിതത്തില്‍ പണവും പ്രശസ്തിയും ഒഴുകാന്‍ തുടങ്ങി.

വൈകാതെ വിഖ്യാതമായ മോഹന്‍ ബഗാന്‍ ക്ലബ്ബില്‍ നിന്ന് ഷമിയ്ക്ക് വിളി വന്നു. ഷമി ആ ഓഫര്‍ നിര്‍ദയം നിരസിച്ചു! അയാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു,

”എനിക്കൊരു ജീവിതം തന്ന ദാസിനെയും ടൗണ്‍ ക്ലബ്ബിനെയും വഞ്ചിക്കാന്‍ എനിക്ക് സാധ്യമല്ല,”

പിന്നീട് ദാസ് മുന്‍കൈ എടുത്ത് ഷമിയെ മോഹന്‍ ബഗാനില്‍ കളിപ്പിച്ചു. ആ യാത്ര ഇപ്പോള്‍ ലോകകപ്പ് ഫൈനല്‍ വരെ എത്തിനില്‍ക്കുന്നു.

അന്ന് ഏതാനും നോട്ടുകെട്ടുകള്‍ക്കുവേണ്ടി ദാസിനെ ഒറ്റിക്കൊടുക്കാതിരുന്ന ഷമി മാതൃരാജ്യമായ ഇന്ത്യയെ വഞ്ചിക്കുമെന്ന് ചിന്തിച്ചവര്‍ എത്ര വലിയ വിഡ്ഢികളായിരിക്കണം.

വര്‍ഗീയതയ്ക്കും വെറുപ്പിനും പ്രധാന സ്ഥാനമുള്ള സമകാലീന ഇന്ത്യയില്‍ ഷമി കീഴടങ്ങാതെ നില്‍ക്കുകയാണ്! പൊരുതാനുള്ള തീപ്പൊരി നമ്മളിലേയ്ക്ക് പകര്‍ന്നുകൊണ്ട്.

Content highlight: Sandeep Das writes about Mohammed Shami’s performance in Semi Finals

സന്ദീപ് ദാസ്

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more