ടി-20 ലോകകപ്പും ഏകദിന വേള്‍ഡ് കപ്പും കൈവശം വെച്ചിരിക്കുന്ന ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരിക്കുന്നു! ഇപ്പോള്‍ ജയിച്ചിരിക്കുന്നത് ക്രിക്കറ്റ് എന്ന ഗെയിമാണ്. നമ്മള്‍ ഓരോരുത്തരും വിജയിച്ചിരിക്കുന്നു.
ഡേവിഡ് മലന്‍, സാം കറന്‍ എന്നിവരെ വീഴ്ത്തുകയും അഫ്ഗാന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത മുഹമ്മദ് നബി പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്, ”ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകളൊന്നും എനിക്കില്ല. സത്യത്തില്‍ എനിക്കൊരു കുട്ടിക്കാലം പോലും ഉണ്ടായിരുന്നില്ല!”
ഭീകരവാദവും യുദ്ധവും ബോംബ് സ്‌ഫോടനങ്ങളും നിറഞ്ഞുനില്‍ക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്ത ഒരു കുടുംബത്തിലെ സന്താനമായിരുന്നു നബി. രണ്ടാമത്തെ വയസുമുതല്‍ അയാള്‍ വളര്‍ന്നത് പാകിസ്ഥാനിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ്. ആ പശ്ചാത്തലത്തില്‍ നിന്നാണ് നബി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായക പദവിയിലേയ്ക്ക് നടന്നുകയറിയത്!
അഫ്ഗാനിസ്ഥാനിലെ ഒട്ടുമിക്ക ക്രിക്കറ്റര്‍മാരും അഭയാര്‍ത്ഥികളായിരുന്നു. പാകിസ്ഥാന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ അവര്‍ നഗ്‌നപാദരായി ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചു.
ക്രിക്കറ്റ് പിച്ച് എന്താണെന്ന് അഫ്ഗാനികള്‍ക്കറിയില്ലായിരുന്നു. ഗ്ലൗസിനെക്കുറിച്ചോ ഹെല്‍മറ്റിനെക്കുറിച്ചോ അവര്‍ക്ക് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. റോ ടാലന്റും ചങ്കുറപ്പും മാത്രമായിരുന്നു അവരുടെ മൂലധനം!
പകല്‍ സമയത്ത് വയലുകളിലും തീപ്പെട്ടിക്കമ്പനികളിലും അറവുശാലകളിലും പണിയെടുത്ത അഫ്ഗാനികള്‍ വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. പാകിസ്ഥാനിലെ മുന്‍കാല ആഭ്യന്തര ക്രിക്കറ്ററായ ഖാസി ഷഫീഖ് അഫ്ഗാനികളെ വിലയിരുത്തുന്നത് ഇപ്രകാരമാണ്,
”പലപ്പോഴും ഒരു പാക്കറ്റ് ബിസ്‌കറ്റ് മാത്രം കഴിച്ചാണ് അഫ്ഗാന്‍ ക്രിക്കറ്റര്‍മാര്‍ ഒരു ദിവസം തള്ളിനീക്കിയിരുന്നത്. ക്രിക്കറ്റില്‍ സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കുന്നതിനുവേണ്ടി എത്ര വലിയ കഷ്ടപ്പാടുകള്‍ സഹിക്കാനും അവര്‍ക്ക് മടിയില്ലായിരുന്നു.”
അങ്ങനെയുള്ള അഫ്ഗാനികള്‍ ക്രിക്കറ്റ് കണ്ടുപിടിക്കുകയും കോച്ചിങ് മാന്വല്‍ എഴുതുകയും ചെയ്ത ഇംഗ്ലിഷുകാരെ അടിയറവ് പറയിച്ചിരിക്കുന്നു ഈ വിജയം നാം എങ്ങനെ ആഘോഷിക്കാതിരിക്കും?
മത്സരശേഷം അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദും മുജീബും വികാരഭരിതരായി സംസാരിച്ചു, ”അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ ഭൂകമ്പം നാശം വിതയ്ക്കുകയാണ്. ആയിരക്കണക്കിന് സാധുക്കള്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. ഈ ജയം ഞങ്ങള്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു. ദുരിതങ്ങള്‍ മാത്രം അനുഭവിക്കുന്ന ഞങ്ങളുടെ നാട്ടുകാര്‍ക്ക് ആനന്ദം സമ്മാനിക്കുന്ന ഒരേയൊരു സംഗതിയാണ് ക്രിക്കറ്റ്.”
ഇനി പറയൂ. ഈ നീലപ്പടയെ നെഞ്ചോടുചേര്‍ക്കേണ്ടതല്ലേ?
അഫ്ഗാനിസ്ഥാനില്‍ ജനിച്ച ഒരാള്‍ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് സലിം ഡുറാനി എന്നാണ്. ഇന്ത്യയുടെ ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍ അദ്ദേഹത്തെ സലിം അങ്കിള്‍ എന്നാണ് വിളിക്കാറുള്ളത്.
ഗവാസ്‌കര്‍ പറയുന്നു, ”ഒരിക്കല്‍ ഞാനും സലിം അങ്കിളും ഒരു പ്രദര്‍ശന മത്സരം കളിക്കാന്‍ പോയി. സീനിയര്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ അങ്കിളിന് മാത്രമേ ട്രെയ്‌നില്‍ കിടക്കയും പുതപ്പും ഉണ്ടായിരുന്നുള്ളൂ. രാത്രിയില്‍ അതെല്ലാം അദ്ദേഹം എനിക്ക് തന്നു. രാവിലെ ഉറക്കം വിട്ടുണര്‍ന്ന ഞാന്‍ കണ്ടത് ജനുവരിയിലെ തണുപ്പില്‍ വിറയ്ക്കുന്ന അങ്കിളിനെയാണ്. എന്നിട്ടും അദ്ദേഹം എന്റെ ഉറക്കം തടസ്സപ്പെടുത്തിയില്ല.”
സലിം അങ്കിളിന്റെ പാരമ്പര്യം തന്നെയാണ് വര്‍ത്തമാനകാല അഫ്ഗാന്‍ ക്രിക്കറ്റര്‍മാരും പേറുന്നത്. ഇന്ത്യയെ അവര്‍ ജന്മനാടുപോലെ സ്‌നേഹിക്കുന്നു. വിരാട് കോഹ്‌ലിയുടെ ശത്രു എന്ന് മീഡിയ വിലയിരുത്തിയ നവീന്‍ ഉള്‍ ഹഖിന്റെ കാര്യം തന്നെ നോക്കാം. ഇന്ത്യ-അഫ്ഗാന്‍ മത്സരത്തില്‍ നവീന്‍ വിരാടിനെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിക്കുകയാണ് ചെയ്തത്.
ആവര്‍ത്തിക്കട്ടെ. അഫ്ഗാന്‍ മാത്രമല്ല; നമ്മള്‍ കൂടിയാണ് ജയിച്ചത്.
Content highlight: Sandeep Das writes about Afghanistan’s win over England