| Tuesday, 30th May 2023, 4:06 pm

'ധോണി ഹേറ്റേഴ്‌സ് എപ്പോഴും നാലുകാലിലേ വീഴൂ'; ഒന്നിനും പൂര്‍ണതയില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ ഗോള്‍ഡന്‍ ഡക്ക്

സന്ദീപ് ദാസ്

2023ലെ ഐ.പി.എല്ലിന്റെ സമ്മാനദാനച്ചടങ്ങ് അവസാനിച്ചു. അവതാരകനായ ഹര്‍ഷ ഭോഗ്ലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ മഹേന്ദ്രസിങ് ധോണിയെ കിരീടം ഏറ്റുവാങ്ങുന്നതിനുവേണ്ടി ക്ഷണിച്ചു. ധോണിക്കൊപ്പം അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി! തനിച്ച് കപ്പ് സ്വീകരിക്കുക എന്ന എക്കാലത്തെയും വലിയ പ്രിവിലേജ് ധോനി വേണ്ടെന്ന് വെച്ചു!

അപ്പോഴും ചില ധോണി ഹേറ്റേഴ്‌സ് മുറുമുറുക്കുന്നുണ്ടായിരുന്നു-”ധോനി ക്രെഡിറ്റ് തട്ടിയെടുക്കുന്നവനാണ്…!”
ചെന്നൈ അഞ്ചാമത്തെ ഐ.പി.എല്‍ കിരീടം ഉയര്‍ത്തിക്കഴിഞ്ഞു. ഇത് ധോണി എന്ന നായകന്റെ വിജയം തന്നെയാണ്. ധോണി വിരോധികള്‍ക്ക് ഈ വസ്തുത അംഗീകരിക്കാന്‍ പ്രയാസം കാണും. ഫൈനലില്‍ ധോണി നേടിയ ഡക്കിന്റെ അടിസ്ഥാനത്തില്‍ ഹേറ്റേഴ്‌സ് പരിഹാസം ചൊരിയുമായിരിക്കും. പക്ഷേ അതുകൊണ്ടൊന്നും ധോണിയുടെ മികവിനെ മറച്ചുപിടിക്കാന്‍ സാധിക്കില്ല.

ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയം സമ്മതിച്ചുകൊണ്ടാണ് ചെന്നൈയുടെ 2023ലെ സീസണ്‍ ആരംഭിച്ചത്. കടുത്ത ധോണി ആരാധകര്‍ക്കുപോലും ഇക്കുറി വലിയ പ്രതീക്ഷകള്‍ ഇല്ലായിരുന്നു. ഒരു ദുര്‍ബല സംഘം പോലെയാണ് സി.എസ്.കെ കാണപ്പെട്ടിരുന്നത്.

ചെന്നൈയുടെ ബോളിങ്ങ് വിഭാഗം അതീവ ദയനീയമായിരുന്നു. മഗാല, പ്രിട്ടോറിയസ്, ആകാശ് സിങ്ങ് തുടങ്ങിയ എത്ര പേരെയാണ് ധോണി പരീക്ഷിച്ചുനോക്കിയത്! വന്‍വില കൊടുത്ത് വാങ്ങിയ ബെന്‍ സ്റ്റോക്‌സിന്റെയും ദീപക് ചാഹറിന്റെയും സേവനങ്ങള്‍ ടീമിന് വേണ്ടവിധം ലഭിച്ചതുമില്ല.

അവിടെയാണ് ധോണി ഒരു വജ്രായുധം കണ്ടെടുത്തത്. മതീഷ പതിരന എന്ന ശ്രീലങ്കക്കാരന്‍ ചെന്നൈയുടെ ബോളിങ്ങ് ആക്രമണത്തിന്റെ ലീഡറായി മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പറയത്തക്ക മേല്‍വിലാസം പോലുമില്ലാത്ത ഒരു കൊച്ചുപയ്യനെയാണ് ധോനി ഇപ്രകാരം തുടച്ചുമിനുക്കിയെടുത്തത്! കൊല്‍ക്കത്തയുടെ താരമായ വെങ്കിടേഷ് അയ്യര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-

‘പതിരനയുടെ ബോളിങ്ങ് ആക്ഷന്‍ മനസിലാക്കുന്നത് പ്രയാസമേറിയ കാര്യമാണ്. അയാളെക്കൊണ്ട് എപ്പോള്‍ പന്തെറിയിക്കണം എന്ന് ധോണിക്ക് കൃത്യമായി അറിയാമായിരുന്നു. ഒരു നല്ല നായകന്റെ ലക്ഷണമാണ് അത്”

ചെന്നൈയുടെ മധ്യനിര ബാറ്റിങ്ങിന്റെ കരുത്തായത് അജിന്‍ക്യ രഹാനെയും ശിവം ദുബേയും ആയിരുന്നു. ഫൈനലില്‍ അടക്കം അവര്‍ തിളങ്ങുന്നത് കണ്ടു. ആരെങ്കിലും പ്രതീക്ഷിച്ചിരുന്ന കാര്യമാണോ അത്!?

ദേശീയ ടീമില്‍നിന്ന് പുറന്തള്ളപ്പെട്ട കളിക്കാരനായിരുന്നു രഹാനെ. മികച്ച കുറേ പ്രകടനങ്ങള്‍ ടി-20 ക്രിക്കറ്റില്‍ നടത്തിയിട്ടുണ്ടെങ്കിലും രഹാനെ ആത്യന്തികമായി ഒരു ടെസ്റ്റ് താരമായിരുന്നു. ശരിയായ ഫുട് വര്‍ക്ക് പോലും ഇല്ലാത്ത ഓവര്‍റേറ്റഡ് ബിഗ് ഹിറ്റര്‍ എന്ന വിമര്‍ശനം ദുബേ ഒരുപാട് കേട്ടതാണ്. പക്ഷേ ചെന്നൈയില്‍ എത്തിയപ്പോള്‍ രഹാനെയും ദുബെയും വജ്രം പോലെ തിളങ്ങി! അതിന്റെ ക്രെഡിറ്റ് അവര്‍ക്കുള്ളത് തന്നെയാണ്. പക്ഷേ ഒരു കളിക്കാരന്റെ ഏറ്റവും മികച്ച വശം പുറത്തുകൊണ്ടുവരേണ്ടത് എങ്ങനെയാണെന്ന് ധോണിക്ക് നന്നായി അറിയാം എന്നൊരു അര്‍ത്ഥം കൂടി അതിനുണ്ട്.

ബെംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍വെച്ച് നടന്ന ലീഗ് മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഫാഫ് ഡ്യു പ്ലെസിസും ചേര്‍ന്ന് ചെന്നൈ ബോളര്‍മാരെ മൃഗീയമായി തല്ലിച്ചതച്ചത് മറന്നിട്ടില്ല. പക്ഷേ ആ സംഹാരതാണ്ഡവം നടക്കുമ്പോഴും ധോണി ശാന്തനായിരുന്നു! കളി തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസം അയാള്‍ക്ക് സദാസമയവും ഉണ്ടായിരുന്നു! അവസാനം ചെന്നൈ എട്ട് റണ്‍സിന് ആര്‍.സി.ബിയെ പരാജയപ്പെടുത്തുകയും ചെയ്തു!
ഇങ്ങനെയൊരു നായകന്‍ കൂടെയുള്ളപ്പോള്‍ ഏത് ടീമാണ് മുന്നേറാതിരിക്കുക!?

ഫൈനല്‍ നടന്ന അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് ഒരു ലക്ഷത്തിലേറെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. അത്രയേറെ മനുഷ്യര്‍ ഒരുമിച്ച് ഗുജറാത്തിനുവേണ്ടി ആര്‍പ്പുവിളിച്ചിരുന്നുവെങ്കില്‍ ചെന്നൈക്ക് കാര്യങ്ങള്‍ അതീവ ദുഷ്‌കരമാകുമായിരുന്നു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചതുമാണ്.

എന്നാല്‍ ഫൈനലില്‍ കാണികളുടെ സപ്പോര്‍ട്ട് കൂടുതല്‍ കിട്ടിയത് ചെന്നൈക്കാണ്. മഞ്ഞക്കടലായി മാറിയ സ്റ്റേഡിയം കണ്ടപ്പോള്‍ ഹോം ഗ്രൗണ്ടില്‍ എവേ മാച്ച് കളിക്കുന്നത് പോലെ ഗുജറാത്തിന് അനുഭവപ്പെട്ടിട്ടുണ്ടാവണം! ആ പ്രതിഭാസത്തെ നമുക്ക് ‘ധോണി ഇഫക്റ്റ് ‘ എന്ന് വിശേഷിപ്പിക്കാം.

ധോണിയ്ക്ക് 42 വയസ് പ്രായമായി. എന്നിട്ടും ബാറ്റുകൊണ്ട് അയാള്‍ പല തവണ വിസ്മയിപ്പിച്ചു. ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്ന പല ബോളര്‍മാരെയും നിലംതൊടാതെ പറത്തി. ഫൈനലില്‍ ധോണി നടത്തിയ ശുഭ്മാന്‍ ഗില്ലിന്റെ സ്റ്റംമ്പിങ്ങ് നോക്കുക. അതിനേക്കാള്‍ വേഗതയേറിയ സ്റ്റംമ്പിങ്ങ് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നുപോലും സംശയമാണ്! ടൂര്‍ണമെന്റിലെ സ്റ്റാര്‍ ബാറ്ററായിരുന്നു ഗില്‍ എന്നതുകൂടി പരിഗണിക്കണം. ഇതിനെയെല്ലാം ധോനി വിരോധികള്‍ പ്രതിരോധിക്കാന്‍ പോകുന്നത് ഒരേയൊരു പ്രസ്താവന ഉപയോഗിച്ചിട്ടായിരിക്കും-

‘ഫൈനലില്‍ ധോണി മുട്ടയിട്ടു. അയ്യേ അണ്ണന്‍ ചമ്മിപ്പോയേ…!”

ധോണി വിരോധികള്‍ ഒരിക്കലും ധോണിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോകുന്നില്ല. ഫൈനലില്‍ ധോണി നന്നായി ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ധോണി ക്രെഡിറ്റ് തട്ടിയെടുത്തു എന്ന വിലാപം കേള്‍ക്കേണ്ടിവരുമായിരുന്നു. ധോണി ഡക്ക് ആയപ്പോള്‍ അതും ആഘോഷിക്കപ്പെടുന്നു. ധോണി ഹേറ്റേഴ്‌സ് എപ്പോഴും നാലുകാലിലേ വീഴുകയുള്ളൂ!
28 വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് എത്തിയത് ധോണിയുടെ ഇന്നിങ്‌സിലൂടെയാണ്. ആ വിലമതിക്കാനാവാത്ത 91 റണ്ണുകളെ ‘ക്രെഡിറ്റ് മോഷണം’ എന്ന് വിശേഷിപ്പിക്കുന്ന ധിഷണാശാലികളാണ് ധോനി ഹേറ്റേഴ്‌സ്! അവരോട് നമ്മള്‍ എന്ത് പറയാനാണ്!

സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ അവസാന ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് പുറത്തായത്. അതിന്റെ പേരില്‍ ആരും ബ്രാഡ്മാനെ പരിഹസിക്കാറില്ല. 100 എന്ന മാന്ത്രിക ബാറ്റിങ്ങ് ശരാശരി ബ്രാഡ്മാന് കൈമോശം വന്നുവല്ലോ എന്ന് നാം ദുഃഖിക്കാറാണ് പതിവ്. പൂര്‍ണത മനുഷ്യര്‍ക്ക് പറഞ്ഞിട്ടില്ല എന്നാണ് ബ്രാഡ്മാന്‍ പറയാതെ പറഞ്ഞത്.
നാല്‍പ്പത്തിരണ്ടാം വയസില്‍ അഞ്ചാമത്തെ ഐ.പി.എല്‍ കിരീടം ജയിച്ച ഒരാള്‍ ശരിക്കും പൂര്‍ണനാകേണ്ടതാണ്. അവിടെയാണ് ധോണിയുടെ ആ ഡക്ക് വരുന്നത്. ഒന്നിനും പൂര്‍ണതയില്ല എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നതിനുവേണ്ടി ഒരു ഡക്ക്…! അതിനുവേണ്ടി മാത്രം ഒരു ഗോള്‍ഡന്‍ ഡക്ക്…!

Content Highlights: Sandeep Das write up about MS Dhoni, IPL 2023

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more