മറഡോണ ആവേശിച്ച മെസിയാണ് ഖത്തറിലുള്ളത്, ഡീഗോ എന്തിനായിരുന്നു ഇത്ര വേഗത്തിലൊരു മടക്കം
Sports
മറഡോണ ആവേശിച്ച മെസിയാണ് ഖത്തറിലുള്ളത്, ഡീഗോ എന്തിനായിരുന്നു ഇത്ര വേഗത്തിലൊരു മടക്കം
സന്ദീപ് ദാസ്
Wednesday, 14th December 2022, 3:53 am

രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകനായ ലൂക്ക മോഡ്രിച്ച് ഗാര്‍ഡിയന്‍ ദിനപത്രത്തിന് ഒരു അഭിമുഖം അനുവദിച്ചിരുന്നു. മോഡ്രിച്ച് നേരിട്ട ഒരു ചോദ്യം ഇതായിരുന്നു-

‘താങ്കളുടെ ബാല്യത്തെക്കുറിച്ച് താങ്കളുടെ മക്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ?’
ഒരു നെടുവീര്‍പ്പിനുശേഷം മോഡ്രിച്ച് മറുപടി പറഞ്ഞു.

‘എന്റെ കുഞ്ഞുങ്ങള്‍ക്ക് അതിനെപ്പറ്റി യാതൊന്നുമറിയില്ല. അവര്‍ക്ക് അത് കേള്‍ക്കാനുള്ള കരുത്തുണ്ടാകുമെന്ന് തോന്നുന്നില്ല”

കനല്‍വഴികളിലൂടെ നടന്നുവന്നവനാണ് മോഡ്രിച്ച്. ആറാം വയസില്‍ സ്വന്തം മുത്തച്ഛന്റെ മൃതശരീരം കണ്ടുകൊണ്ടാണ് മോഡ്രിച്ചിന്റെ ജീവിതം ആരംഭിച്ചത്. ചില ക്രിമിനലുകള്‍ മുത്തച്ഛനെ വെടിവെച്ച് വീഴ്ത്തുകയാണ് ചെയ്തത്. വൈകാതെ ക്രൊയേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. കുഞ്ഞു മോഡ്രിച്ചും കുടുംബവും അഭയാര്‍ത്ഥികളായി മാറി.

വൈദ്യുതിയും ആവശ്യത്തിനുള്ള കുടിവെള്ളവും ലഭ്യമല്ലാതിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് മോഡ്രിച്ച് ആദ്യമായി പന്തുതട്ടിയത്. ഗ്രനേഡുകളുടെയും മിസൈലുകളുടെയും ശബ്ദം കേട്ടാണ് അയാള്‍ വളര്‍ന്നത്. ബോംബ് പൊട്ടുമ്പോള്‍ ഫുട്‌ബോളും വാരിയെടുത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കുമായിരുന്നു എന്ന് മോഡ്രിച്ച് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്!
മുപ്പത്തിയേഴാം വയസിലും മോഡ്രിച്ച് കത്തിജ്വലിച്ച് നില്‍ക്കുന്നതില്‍ ഒട്ടും അസ്വാഭാവികതയില്ലായിരുന്നു. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ പ്രമാണം!

പക്ഷേ ലോകകപ്പിന്റെ സെമിഫൈനല്‍ അവസാനിച്ചപ്പോള്‍ മോഡ്രിച്ച് പരാജിതനായി മാറിയിരിക്കുന്നു. അത് അയാളുടെ തെറ്റായിരുന്നില്ല. ചങ്കുറപ്പിലും കരളുറപ്പിലും തന്നേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ലയണല്‍ മെസിയോട് മത്സരിച്ചു എന്നത് മാത്രമായിരുന്നു അയാളുടെ പോരായ്മ കംപ്ലീറ്റ് മെസ്സി ഷോ ആണ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഒരു പെനാല്‍റ്റി വഴങ്ങേണ്ടിവന്നപ്പോഴും ക്രൊയേഷ്യ പ്രതീക്ഷ കൈവിട്ടിട്ടുണ്ടാവില്ല.

അവരുടെ ഗോള്‍ കീപ്പറായ ലിവാക്കോവിച്ച് പെനാല്‍റ്റികള്‍ തടുത്തിടുന്ന കാര്യത്തില്‍ കെങ്കേമനായിരുന്നു. പക്ഷേ മെസ്സിയെ അമര്‍ച്ച ചെയ്യാനുള്ള അസ്ത്രങ്ങളൊന്നും അയാളുടെ ആവനാഴിയില്‍ ഉണ്ടായിരുന്നില്ല!

വളരെ കാഷ്വല്‍ ആയ രീതിയില്‍ പെനാല്‍റ്റി കിക്കുകള്‍ എടുക്കുന്ന മെസിയേയാണ് ലോകകപ്പിലുടനീളം കണ്ടിരുന്നത്. ഇത്തവണ അയാള്‍ അടവൊന്ന് മാറ്റി. വെടിയുണ്ട പോലൊരു ഷോട്ട്! പ്രവചനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ തന്നെക്കിട്ടില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു മെസ്സി! സ്‌കോര്‍ 1-0
തുടര്‍ന്ന് അല്‍വാരസ് രണ്ടുതവണ ഗോള്‍വലയുടെ ഉള്‍ഭാഗം കണ്ടെത്തി. രണ്ടാമത്തെ ഗോളിന്റെ നല്ലൊരു പങ്ക് ക്രെഡിറ്റും മെസ്സിയ്ക്ക് അവകാശപ്പെട്ടതായിരുന്നു.

ഏതാണ്ട് മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നാണ് അര്‍ജന്റീനയുടെ കപ്പിത്താന്‍ ഓട്ടം ആരംഭിച്ചത്. ക്രൊയേഷ്യയുടെ കളിക്കാരന്‍ മെസിയെ സദാസമയവും പിന്തുടര്‍ന്നിരുന്നു. അയാള്‍ മെസ്സിയുടെ ജഴ്‌സിയില്‍ പിടിച്ച് വലിച്ചു, തള്ളിയിടാന്‍ ശ്രമിച്ചു! എന്നിട്ടും മെസ്സി ഒറ്റയ്ക്ക് പന്ത് പെനാല്‍റ്റി ബോക്‌സിലെത്തിച്ചു! അതിനുപിന്നാലെ അളന്നുമുറിച്ച ഒരു പാസ്! ബാക്കി ജോലി അല്‍വാരസ് ചെയ്തു!
അര്‍ജന്റ്‌നയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍സ്‌കോറര്‍ എന്ന പട്ടവും മെസ്സിയ്ക്ക് സ്വന്തമായി. ഇങ്ങനെയൊരാളോട് തോറ്റുപോയതിന്റെ പേരില്‍ മോഡ്രിച്ച് ദുഃഖിക്കേണ്ട ആവശ്യമേയില്ല!

എങ്ങനെയാണ് മെസി മോഡ്രിച്ചിന്റെ വെല്ലുവിളിയെ മറികടന്നത്? കേവലം പ്രതിഭ മാത്രമാണോ മെസിയുടെ വിജയരഹസ്യം? അതിനേക്കാള്‍ വലിയ ശക്തികള്‍ അയാള്‍ക്കുള്ളതായി അനുഭവപ്പെടുന്നില്ലേ? ഡീഗോ മറഡോണയുടെ സാന്നിദ്ധ്യം മെസിക്കൊപ്പമുള്ളത് പോലെ തോന്നുന്നില്ലേ!?

ഒരു സ്ട്രീറ്റ് ഫൈറ്ററുടെ ജനിതകമാണ് മറഡോണക്ക് ഉണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെയും മയക്കുമരുന്ന് മാഫിയയുടെയും നടുവില്‍ ജനിച്ച മറഡോണ തികഞ്ഞ കലാപകാരിയായിരുന്നു. ‘ദൈവത്തിന്റെ കൈ’ എന്ന പേരില്‍ പ്രസിദ്ധമായ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മറഡോണ പറയുകയുണ്ടായി-
”അത്രയും ഉയരത്തില്‍ ചാടുമ്പോള്‍ കൈ രണ്ടും കെട്ടിവെച്ചുകൊണ്ട് ചാടാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ!?’

ഈ ധിക്കാരം തന്നെയായിരുന്നു മറഡോണയുടെ ശക്തി! പക്ഷേ മെസിക്ക് ‘ഗുഡ് ബോയ് ‘ ഇമേജാണ് എന്നും ഉണ്ടായിരുന്നത്. എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് വാങ്ങുന്ന, ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായ വിദ്യാര്‍ത്ഥിയുടെ മുഖമാണ് മെസ്സിയില്‍ കണ്ടിരുന്നത്.

എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്നത് മറ്റൊരു മെസിയാണ്
‘എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന് ആക്രോശിച്ച് എതിരാളിയുടെ നെഞ്ചകം ചവിട്ടിപ്പൊളിക്കുന്ന മെസി! മഞ്ഞക്കാര്‍ഡുകള്‍ വാരിവിതറിയ റഫറിയെ പുലഭ്യം പറയുന്ന ധിക്കാരിയായ മെസി!
ചൊറിയുന്ന വര്‍ത്തമാനം പറഞ്ഞ ഹോളണ്ട് കോച്ചിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ കലാപകാരിയായ മെസി!
ചുരുക്കിപ്പറഞ്ഞാല്‍ മറഡോണ ആവേശിച്ച മെസി
മറഡോണയോട് ഒരേയൊരു ചോദ്യമേയുള്ളൂ-

‘എന്തിനായിരുന്നു ഇത്ര വേഗത്തിലൊരു മടക്കം? മെസിയുടെ ഈ രൂപാന്തരം കാണാന്‍ നില്‍ക്കാതെ നിങ്ങള്‍ എവിടേയ്ക്കാണ് പോയത് ഡീഗോ? അതോ അകലങ്ങളിലിരുന്ന് നിങ്ങള്‍ ഇതെല്ലാം കണ്ട് ചിരിക്കുകയാണോ!? അങ്ങനെ ആശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം…!”

Content Highlight: Sandeep das write up about Messi Argentina Maradona

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍