| Monday, 3rd April 2023, 10:34 pm

'അമ്പതാം വയസില്‍ ഐ.പി.എല്‍ കളിച്ചാലും ധോണി ടീമിന്റെ നായകനായിരിക്കും'

സന്ദീപ് ദാസ്

ഓസ്‌ട്രേലിയയുടെ മുന്‍കാല ഓപ്പണറായ മാത്യു ഹെയ്ഡന്‍ പണ്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്- ‘എക്‌സ്പ്രസ് പേസ് ഒരു ബാറ്റര്‍ക്ക് വലിയ തലവേദനയാണ്. ഷോയബ് അക്തര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ ബോണ്ട് തുടങ്ങിയവരുടെ ഡെലിവെറികള്‍ എതിരാളികളുടെ ഡ്രെസ്സിങ്ങ് റൂമില്‍ പോലും ഭയം വാരിവിതറും! അവരുടെ മിന്നല്‍ വേഗത കാണുന്നതിനുവേണ്ടി മാത്രം കാണികള്‍ സ്റ്റേഡിയങ്ങളിലെത്തും…!’

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മാര്‍ക്ക് വുഡ് അതുപോലൊരു ബോളറാണ്. വേഗത കൊണ്ട് ഭയപ്പെടുത്തുന്ന ഇംഗ്ലണ്ട് സ്വദേശി! ദല്‍ഹിയുടെ ബാറ്റര്‍മാര്‍ വുഡിന്റെ തീയുണ്ടകളുടെ ചൂട് നല്ലതുപോലെ അനുഭവിച്ചതാണ്!

വുഡ് ലഖ്‌നൗവില്‍ നിന്ന് ചെന്നൈയിലെത്തി. അവിടെ അയാള്‍ക്ക് നേരിടാനുണ്ടായിരുന്നത് ഒരു പഴയ സിംഹത്തെയായിരുന്നു-മഹേന്ദ്രസിങ് ധോണി!

ആകെ മൂന്ന് പന്തുകളാണ് വുഡ് ധോനിയ്‌ക്കെതിരെ എറിഞ്ഞത്. അവയില്‍ രണ്ടും നിലംതൊടാതെ ഗാലറിയില്‍ പതിച്ചു! വെല്‍-ഡിറക്‌റ്റെഡ് ആയി വന്ന വുഡിന്റെ ബൗണ്‍സര്‍ കൂസലില്ലാതെ പുള്‍ ചെയ്ത എം.എസ്.ഡി കരളുറപ്പിന്റെ പ്രതീകമായിരുന്നു!
കരിയറിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന താരമാണ് വുഡ്.

യുവതാരങ്ങള്‍ക്കുപോലും അയാളുടെ മുമ്പില്‍ മുട്ടിടിക്കുന്നു. പക്ഷേ 42 വയസ് പ്രായമുള്ള ധോണി വുഡിനെ ജയിച്ചടക്കുന്നു! ഇത് എങ്ങനെയാണ് സംഭവിക്കുന്നത്! ഇന്ത്യയുടെ ഇതിഹാസതാരമായ വി.വി.എസ് ലക്ഷ്മണ്‍ നിരന്തരം പറയുന്ന ഒരു കാര്യമുണ്ട്-

‘നന്നായി പെര്‍ഫോം ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റര്‍മാര്‍ സ്ഥിരമായി പ്രൊഫഷണല്‍ മാച്ചുകള്‍ കളിച്ചുകൊണ്ടിരിക്കണം. നിങ്ങള്‍ക്ക് നെറ്റ്‌സില്‍ എത്ര വേണമെങ്കിലും പരിശീലിക്കാം. പക്ഷേ അതൊന്നും ഗെയിം കളിക്കുന്നതിന് പകരമാവില്ല…!’

ആ യുക്തി അനുസരിച്ച് ധോണി ഈ ഐ.പി.എല്ലില്‍ അമ്പേ പരാജയപ്പെടേണ്ടതാണ്. അയാള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ആഭ്യന്തര മത്സരങ്ങള്‍ പോലും കളിക്കാറില്ല. മുട്ടിനേറ്റ പരിക്കുമൂലം ധോനി കളിക്കുമോ എന്നുതന്നെ സംശയമായിരുന്നു. പ്രായം ധോനിയുടെ റിഫ്‌ലക്‌സുകളുടെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. കണ്ണും കയ്യും തമ്മിലുള്ള ഏകീകരണവും കുറഞ്ഞിട്ടുണ്ട്.

പക്ഷേ ബാറ്റിങ്ങിനിറങ്ങിയ രണ്ട് കളികളിലും ധോണി ഒന്നാന്തരമായി ഫിനിഷ് ചെയ്തു! എങ്ങനെയാണിത് സംഭവിക്കുന്നത്!?
മനസാന്നിദ്ധ്യം, പ്രതിഭ, ഭാഗ്യം തുടങ്ങിയ വാക്കുകളെല്ലാം നമുക്ക് ഉപയോഗിക്കാം. പക്ഷേ ധോണി എന്ന മനുഷ്യന് ഇതിനേക്കാള്‍ വലിയ എന്തോ ഒരു സിദ്ധിയുണ്ട്. അതെന്താണെന്ന് എതിരാളികള്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇനി ആര്‍ക്കും അത് മനസ്സിലാകാനും പോവുന്നില്ല. ഈ മനുഷ്യന്‍ ഒരു പ്രത്യേക ജനുസ്സാണ്!

രണ്ട് കളികളില്‍ നിന്ന് 26 റണ്‍സ് മാത്രം നേടിയ ഒരു ബാറ്ററെക്കുറിച്ചാണ് ഈ തള്ളുന്നത് എന്ന് ധോണി വിരോധികള്‍ വാദിക്കുമായിരിക്കും. അവസാന ഓവറുകളില്‍ ബാറ്റിങ്ങിനിറങ്ങിയ, 10 പന്തുകള്‍ മാത്രം നേരിട്ട ഒരു ബാറ്റര്‍ പിന്നെ എത്ര റണ്‍ സ്‌കോര്‍ ചെയ്യണം എന്നൊരു മറുചോദ്യം ഉന്നയിച്ചാല്‍ അവര്‍ എന്ത് പറയുമെന്നറിയില്ല!

ധോണിയെ നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും പരിഹസിക്കാം. പക്ഷേ അയാള്‍ ബാക്കിവെയ്ക്കുന്ന ലെഗസ്സിയെ നിഷേധിക്കാനോ തള്ളിപ്പറയാനോ നിങ്ങള്‍ക്ക് സാധിക്കില്ല.
അമ്പതാം വയസ്സില്‍ ഐ.പി.എല്‍ കളിച്ചാലും ധോണി ടീമിന്റെ നായകനായിരിക്കും. അയാളുടെ ടീം ഐ.പി.എല്‍ കിരീടം ഉയര്‍ത്താനുള്ള ഫേവറിറ്റ്‌സ് ആയി വിലയിരുത്തപ്പെടുകയും ചെയ്യും. പക തോന്നിയിട്ട് പ്രയോജനമില്ല. പകരംവെക്കാന്‍ ആളില്ല!

Content Highlight: sandeep das write up about mahendra singh dhoni- chennai super kings

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more