| Monday, 20th November 2023, 10:16 am

രോഹിത്തുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിലോ? അതുകൊണ്ട് അവരുടെ മഹത്വം കുറയുമോ?

സന്ദീപ് ദാസ്

ബഹുഭൂരിപക്ഷം ഇന്ത്യന്‍ ആരാധകരും ഇപ്പോള്‍ കടുത്ത നിരാശയിലായിരിക്കും. ലോകകപ്പിലെ പരാജയത്തെ ലോകാവസാനമായി കാണേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. സ്‌പോര്‍ട്‌സില്‍ നാം ആഗ്രഹിച്ച റിസല്‍ട്ട് എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചാല്‍ നമ്മുടെ വേദന കുറയും. ഇന്ത്യ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും.

അഹമ്മദാബാദില്‍ ഒരു ലക്ഷത്തിലേറെ വരുന്ന കാണികളുടെ മുമ്പില്‍ വെച്ചാണ് ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടത്. ഇതിന് സമാനമായ ഒരു ദുരന്തം സ്‌പോര്‍ട്‌സില്‍ പണ്ട് ഉണ്ടായിട്ടുണ്ട്. ബ്രസീല്‍ ആതിഥേയത്വം വഹിച്ച 1950-ലെ ഫുട്‌ബോള്‍ ലോകകപ്പിലാണ് അത് സംഭവിച്ചത്.

അന്നത്തെ ഫൈനലില്‍ യുറുഗ്വായ് ആയിരുന്നു ബ്രസീലിന്റെ എതിരാളികള്‍. മഞ്ഞപ്പടയുടെ വിജയം കാണുന്നതിനുവേണ്ടി രണ്ട് ലക്ഷം ബ്രസീല്‍ സ്വദേശികളാണ് മാറക്കാന സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. പക്ഷേ കലാശപ്പോരില്‍ ബ്രസീല്‍ തോറ്റു!

പക്ഷേ ബ്രസീലിന്റെ ലോകം അവിടം കൊണ്ട് അവസാനിച്ചില്ല. ആ തോല്‍വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പെലെ എന്ന ഫുട്‌ബോള്‍ ഇതിഹാസം പന്തുതട്ടിയത്. ബ്രസീല്‍ പിന്നീട് അഞ്ച് തവണ ലോകകപ്പ് ജയിക്കുകയും ചെയ്തു. ഇന്ത്യയുടെ കാര്യവും അതുപോലെയാണ്.

നമ്മുടെ ടീം ലോകകപ്പില്‍ കാഴ്ച്ചവെച്ച പ്രകടനം അഭിമാനം ഉണര്‍ത്തുന്നത് തന്നെയാണ്. ഒരേയൊരു ദിവസത്തെ മോശം പ്രകടനമാണ് ഇന്ത്യയെ ചതിച്ചത്. ഫൈനലില്‍ നന്നായി കളിച്ച ഓസീസ് കിരീടം അര്‍ഹിക്കുന്നു.

ഫൈനല്‍ ജയിച്ച ടീമുകള്‍ മാത്രമാണോ സ്‌പോര്‍ട്‌സില്‍ ഓര്‍മ്മിക്കപ്പെടുന്നത്? 1992-ലെ ലോകകപ്പ് പാക്കിസ്ഥാനാണ് കരസ്ഥമാക്കിയത്. പക്ഷേ ആ ടൂര്‍ണ്ണമെന്റിലെ ന്യൂസിലാന്‍ഡ് ടീമിനെയും മാര്‍ട്ടിന്‍ ക്രോ എന്ന അനശ്വരനായ നായകനെയും ലോകം ഇന്നും സ്മരിക്കുന്നുണ്ട്.

2019-ലെ ലോകകപ്പില്‍ ഇംഗ്ലണ്ടാണ് വിജയിച്ചത്. പക്ഷേ അന്ന് ബൗണ്ടറിയുടെ എണ്ണത്തിന്റെ പേരില്‍ തോറ്റുപോയ കിവീസ് ഇന്നും നോവായി അവശേഷിക്കുന്നില്ലേ?

2006-ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലിയാണ് മുത്തമിട്ടത്. പക്ഷേ ആ ടൂര്‍ണ്ണമെന്റില്‍ സിനദിന്‍ സിദാന്‍ നടത്തിയ അവിശ്വസനീയമായ പ്രകടനങ്ങള്‍ ഫുട്‌ബോള്‍ ഫോക് ലോറിന്റെ ഭാഗമായി മാറിയില്ലേ?

2023-ലെ ലോകകപ്പില്‍ ഇന്ത്യ പ്രദര്‍ശത്തിനുവെച്ച ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടും. ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇനിയും വരും. ഇതേ കളി കെട്ടഴിച്ചാല്‍ ഇന്ത്യയ്ക്ക് കിരീടങ്ങള്‍ നേടാനും സാധിക്കും.

ഒന്നാന്തരമായി കളിച്ച രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, മൊഹമ്മദ് ഷമി തുടങ്ങിയ നിരവധി ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ നമ്മുടെ ചങ്ക് പിടയും. ഇനിയൊരു ലോകകപ്പ് ജയിക്കാനുള്ള ബാല്യം അവരില്‍ ബാക്കിയുണ്ടോ എന്ന ചിന്ത നമ്മളെ അസ്വസ്ഥരാക്കും.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുപ്പത്തിയെട്ടാം വയസ്സിലാണ് ലോകകപ്പ് ജയിച്ചത്. അതുകൊണ്ട് ഐ.സി.സി ട്രോഫികള്‍ നേടാനുള്ള അവസരങ്ങള്‍ നമ്മുടെ ലെജന്‍ഡ്‌സിന് ഇനിയും കിട്ടും.

രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിലോ? അതുകൊണ്ട് അവരുടെ മഹത്വം കുറയുമോ? ബ്രയന്‍ ലാറ,ജാക് കാലിസ്, ഷോണ്‍ പോളക്, വഖാര്‍ യൂനീസ്, കോട്‌നി വാല്‍ഷ്, കര്‍ട്‌ലി ആംബ്രോസ് തുടങ്ങിയവര്‍ക്കൊന്നും ലോകകപ്പില്‍ സ്പര്‍ശിക്കാനായിട്ടില്ല. അവര്‍ കളിയിലെ ഇതിഹാസങ്ങളല്ലേ?

ഓസീസിനെ അഭിനന്ദിക്കാം. ഇന്ത്യയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാം. നാം അത്രയേ ചെയ്യേണ്ടതുള്ളൂ. ഈ തോല്‍വിയുടെ പേരില്‍ നമ്മുടെ മാനസിക ആരോഗ്യം നശിപ്പിക്കേണ്ടതില്ല.

ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്‌പോര്‍ട്‌സ് നിലകൊള്ളുന്നത്. അതിന്റെ പേരില്‍ കണ്ണുനീര്‍ വീഴാതിരിക്കട്ടെ…

Content Highlight: Sandeep das write up about ICC Worldcup final match and indian team

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more