ന്യൂസിലാന്‍ഡിനെതിരായ ടി-20 മത്സരത്തില്‍ ഇന്ത്യ വമ്പന്‍ വിജയം നേടി. ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശവും വന്നെത്തിക്കഴിഞ്ഞു. സഞ്ജു സാംസണ്‍ എന്ന മലയാളിയോട് ബി.സി.സി.ഐ കാണിക്കുന്ന നെറികേടുകളും നീതികേടുകളുമെല്ലൊം ഇതിനിടയില്‍ നാം മറന്നുപോയേക്കാം. അങ്ങനെ സംഭവിക്കരുത്. സഞ്ജുവിനുവേണ്ടി സംസാരിക്കാന്‍ നമ്മള്‍ മാത്രമേയുള്ളൂ.
സഞ്ജുവിന് പകരം കിവീസിനെതിരെ കളിക്കാനിറങ്ങിയ റിഷബ് പന്ത് നേടിയത് കേവലം 6 റണ്‍സാണ്. 64 ടി-20 മാച്ചുകള്‍ പന്ത് ഇന്ത്യക്കുവേണ്ടി കളിച്ചുകഴിഞ്ഞു. എന്നിട്ടും ആ ഫോര്‍മാറ്റില്‍ ഓര്‍ത്തുവെയ്ക്കാവുന്ന ഒരു ഇന്നിങ്‌സ് പോലും പന്തിനില്ല!
ക്രിക്കറ്റ് പ്രൊഫഷനായി സ്വീകരിച്ച പതിനായിരക്കണക്കിന് കളിക്കാര്‍ ഇന്ത്യയിലുണ്ട്. റിഷബിന് ലഭിക്കുന്ന അനര്‍ഹമായ പിന്തുണ അവരോടുള്ള പരിഹാസമല്ലേ? ഇന്ത്യയുടെ എല്ലാ കളികളും മുടങ്ങാതെ കാണുന്ന നമ്മളെ നോക്കി ബി.സി.സി.ഐ കൊഞ്ഞനം കാണിക്കുകയല്ലേ?
റിഷബിനോട് ആര്‍ക്കും വ്യക്തിപരമായ വിദ്വേഷമില്ല. ടെസ്റ്റ് ക്രിക്കറ്റിലെ അയാളുടെ ചില പ്രകടനങ്ങള്‍ ഇതിഹാസതുല്യമാണ്. പക്ഷേ അതിന്റെ പേരില്‍ കുട്ടി ക്രിക്കറ്റില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടോ?
റിഷബിന്റെ ആരാധകര്‍ പതിവായി പറയുന്ന ഒരു കാര്യമുണ്ട്- ഇന്ത്യന്‍ ടീമില്‍ ഒരു ഇടംകൈ ബാറ്റര്‍ നിര്‍ബന്ധമാണ്. അതുകൊണ്ടാണ് റിഷബിന് ഇത്രയേറെ അവസരങ്ങള്‍ കിട്ടുന്നത്…!
ആ വാദത്തോട് അന്നും ഇന്നും കടുത്ത വിയോജിപ്പാണ്. ഒരു ലെഫ്റ്റ് ഹാന്റര്‍ ടീമിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അതിന്റെ പേരില്‍ ഫോമിന്റെ സൂചന പോലും ഇല്ലാത്ത കളിക്കാരനെ വര്‍ഷങ്ങളോളം ചുമക്കുന്ന ഏര്‍പ്പാട് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവുമോ!?
ടോപ് ഓര്‍ഡറില്‍ ഇടംകൈ ബാറ്റര്‍ ഇല്ലാതെയാണ് ഇന്ത്യ ടി-20 ലോകകപ്പിലെ ഭൂരിപക്ഷം മത്സരങ്ങളും കളിച്ചത്. എന്താണ് അതിന്റെ അര്‍ത്ഥം? റിഷബിന് ലഭിച്ചുകൊണ്ടിരിക്കുന്ന അതിരുകവിഞ്ഞ തഴുകലും തലോടലും വിലകുറഞ്ഞ പൊളിറ്റിക്‌സ് മാത്രമല്ലേ?
ടി-20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ്ങ് നിരാശ മാത്രമാണ് സമ്മാനിച്ചത്. റിഷബ് പന്തും ദിനേഷ് കാര്‍ത്തിക്കും പരാജയം രുചിച്ചു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് സഞ്ജു എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരസ്യമായി സൂചിപ്പിച്ചതാണ്. അങ്ങനെയുള്ള സഞ്ജു പുറത്തിരിക്കുമ്പോഴാണ് കാര്‍ത്തിക്കും റിഷഭും നമ്മുടെ ക്ഷമയെ പരീക്ഷിച്ചത്!
സഞ്ജുവിനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്നുണ്ട്. ടഫ് ആയ ന്യൂസിലാന്‍ഡ് ടൂറിനുള്ള ടീമില്‍ അവര്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി. താരതമ്യേന എളുപ്പമായ ബംഗ്ലാദേശ് പര്യടനത്തില്‍നിന്ന് സഞ്ജുവിനെ തഴയുകയും ചെയ്തു. ഈ ദുഷ്ടബുദ്ധി ആര്‍ക്കും മനസ്സിലാവില്ല എന്നാണോ ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്!?
അടിസ്ഥാനപരമായി സഞ്ജു ഒരു മുന്‍നിര ബാറ്ററാണ്. പക്ഷേ അയാളെ ഇപ്പോള്‍ ഫിനിഷര്‍ ആയിട്ടാണ് ടീം ഇന്ത്യ കളിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജുവിന്റെ ഒന്നോ രണ്ടോ പരാജയങ്ങള്‍ക്കുവേണ്ടിയാണ് ബി.സി.സി.ഐ തമ്പുരാക്കന്‍മാര്‍ കാത്തിരിക്കുന്നത്. അതോടെ അയാളുടെ ഗളഛേദം നടത്താമല്ലോ!
ഈ പദ്ധതി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സീരീസില്‍ സഞ്ജു തകര്‍ത്തെറിഞ്ഞിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളിലും ഫിനിഷര്‍ എന്ന നിലയില്‍ അയാള്‍ തിളങ്ങി. അതിനുപിന്നാലെ പ്ലെയിംഗ് ഇലവനില്‍നിന്ന് തന്നെ സഞ്ജു ഒഴിവാക്കപ്പെട്ടു!