| Sunday, 13th November 2022, 7:32 pm

ഡിപ്രഷനെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ സ്റ്റോക്‌സ് ഒരു പാഠപുസ്തകമാണ്

സന്ദീപ് ദാസ്

ടി-20 ലോകകപ്പ് ട്രോഫിയുമായി ബെന്‍ സ്റ്റോക്‌സ് നില്‍ക്കുന്നത് കാണുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു. ജീവിതത്തില്‍ തോറ്റുപോയി എന്ന് സങ്കടപ്പെടുന്ന സകലര്‍ക്കും സ്റ്റോക്‌സിനെ ഉറ്റുനോക്കാവുന്നതാണ്.

ആറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്‍ക്കത്തയില്‍വെച്ച് ഒരു ടി-20 ലോകകപ്പ് ഫൈനല്‍ നടന്നിരുന്നു. അന്ന് സ്റ്റോക്‌സിന്റെ ഓവറിലാണ് വിന്‍ഡീസ് വിജയം തട്ടിയെടുത്തത്. കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് സ്റ്റോക്‌സിനെ നിര്‍ദ്ദയം തല്ലിച്ചതച്ചു. തുടരെ നാല് സിക്‌സറുകള്‍!

‘ബ്രാത്‌വെയ്റ്റ്‌ ; റിമെമ്പര്‍ ദ നെയിം” എന്ന് ഇയന്‍ ബിഷപ്പ് കമന്ററി ബോക്‌സിലൂടെ അലറി. കരീബിയന്‍ പട ലോകചാമ്പ്യന്‍മാരായി. നാണംകെട്ട തോല്‍വിയ്ക്ക് കാരണക്കാരനായ സ്റ്റോക്‌സ് വെറുക്കപ്പെട്ടവനായി.
ആ നാല് സിക്‌സറുകള്‍ ഇന്നും തന്റെ ഉറക്കം കെടുത്താറുണ്ടെന്ന് മുന്‍ ഇംഗ്ലിഷ് ഓഫ്‌സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ഈയിടെ പറഞ്ഞിരുന്നു. നിരവധി വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണിട്ടും ഉണങ്ങാത്തൊരു മുറിവ്! അത് സ്റ്റോക്‌സില്‍ ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കണം!

അതിനുപിന്നാലെ സ്റ്റോക്‌സിന്റെ മാനസിക ആരോഗ്യം മോശമായി. അയാള്‍ക്ക് ക്രിക്കറ്റില്‍നിന്ന് അനിശ്ചിതകാല അവധി എടുക്കേണ്ടിവന്നു. ഡിപ്രഷനെ മറികടക്കാന്‍ സ്റ്റോക്‌സ് ദിവസവും മരുന്ന് കഴിച്ചു.
താന്‍ ഏറെ സ്‌നേഹിച്ച പിതാവിനെയും സ്റ്റോക്‌സിന് നഷ്ടമായി. തലച്ചോറിലെ അര്‍ബുദം മൂലമാണ് സ്റ്റോക്‌സിന്റെ അച്ഛന്‍ അന്തരിച്ചത്. ആ വിയോഗത്തെക്കുറിച്ച് സ്റ്റോക്‌സ് പറഞ്ഞത് ഇങ്ങനെയാണ്.

‘ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ അച്ഛന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ കളിയുടെ തിരക്കുകള്‍ മൂലം അവസാന കാലത്ത് എനിക്ക് അച്ഛനെ പരിചരിക്കാനായില്ല. അതോടെ ഈ കളിയെ ഞാന്‍ വെറുത്തുപോയി’

ഇത്രയെല്ലാം തിരിച്ചടികള്‍ നേരിട്ടുവെങ്കിലും ബിഗ് ബെന്‍ തളര്‍ന്നില്ല. കുരിശുമരണത്തില്‍നിന്ന് അയാള്‍ ഉയിര്‍ത്തെഴുന്നേറ്റു!

ഇപ്പോള്‍ സ്റ്റോക്‌സിന്റെ മികവില്‍ ഇംഗ്ലണ്ട് രണ്ട് ലോകകപ്പുകള്‍ വിജയിച്ചുകഴിഞ്ഞു. പണ്ട് സ്റ്റോക്‌സിനെ ഒരു മണ്‍തരിയോളം ചെറുതാക്കിയ ബ്രാത്ത്വെയ്റ്റ് കമന്റേറ്ററായി മാറിയിരിക്കുന്നു. ഇതല്ലേ യഥാര്‍ത്ഥ ജീവിത വിജയം!

ഡിപ്രഷനെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ സ്റ്റോക്‌സ് ഒരു പാഠപുസ്തകമാണ്. മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ച് നമ്മുടെ സമൂഹത്തിന് വലിയ ജ്ഞാനമില്ല. ചികിത്സ ആവശ്യമുള്ള രോഗമാണ് ഡിപ്രഷന്‍ എന്ന കാര്യം പലര്‍ക്കും അറിയില്ല. പാട്ട് കേട്ടാല്‍ ഡിപ്രഷന്‍ മാറും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരെ കണ്ടിട്ടില്ലേ?

അസാധാരണമായ മനഃക്കരുത്തുള്ള കളിക്കാരനാണ് സ്റ്റോക്‌സ്. ലോകകപ്പും ആഷസ്സും പോലുള്ള ഹൈ പ്രഷര്‍ വേദികളില്‍ നാം അത് കണ്ടറിഞ്ഞിട്ടുള്ളതാണ്. അങ്ങനെയുള്ള സ്റ്റോക്‌സ് പോലും ഡിപ്രഷന്‍ മൂലം ബുദ്ധിമുട്ടി എന്ന് പറയുമ്പോള്‍ ആ രോഗത്തിന്റെ ഗൗരവം ഊഹിക്കാം.
രോഗത്തെപ്പറ്റി സ്റ്റോക്‌സ് മനസ്സ് തുറന്നിരുന്നു-

‘മാനസിക ആരോഗ്യം മോശമാണെന്ന് സമ്മതിക്കാന്‍ പലര്‍ക്കും മടിയാണ്. പക്ഷേ എനിക്ക് മടിയില്ല. മനസ്സ് തളര്‍ന്നുപോയപ്പോള്‍ എനിക്ക് ഡോക്ടറുടെ സഹായം ആവശ്യമുണ്ടായിരുന്നു. ഞാന്‍ അത് സ്വീകരിക്കുകയും ചെയ്തു’

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും സ്റ്റോക്‌സ് ഏറ്റവും മികച്ച മാതൃകയാണ്.
ജന്മം കൊണ്ട് ന്യൂസിലാന്‍ഡുകാരനാണ് സ്റ്റോക്‌സ്.

അയാള്‍ മൂലമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ഏറ്റവും തിളക്കമുള്ള നേട്ടങ്ങളുണ്ടായത്! സ്‌പോര്‍ട്‌സിന് അതിരുകളില്ല എന്ന് സ്റ്റോക്‌സ് വിളംബരം ചെയ്യുകയാണ്.

ജീവിതത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിക്കൊള്ളട്ടെ. എന്നെങ്കിലും ഒരു സ്റ്റോക്‌സ് ആവാനുള്ള അവസരവും ജീവിതം നമുക്ക് തന്നേക്കാം. അത് മറക്കരുത്!

CONTENT HIGHLIGHT: Sandeep Das’s Write up bout England cricketer Ben Stokes

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more