| Sunday, 27th November 2022, 5:07 am

ചാമ്പ്യന്‍മാരുടെ പോരാട്ടവീര്യത്തെ തടയാനാകില്ല; മെസി ആ ജനുസില്‍ ഉള്‍പ്പെടുന്നവനാണ്!

സന്ദീപ് ദാസ്

‘എവിടെയാണ് ലയണല്‍ മെസി? ഞങ്ങള്‍ അയാളുടെ നെഞ്ചകം തകര്‍ത്തില്ലേ?’ അര്‍ജന്റീനക്കുമേല്‍ സൗദി അറേബ്യ അട്ടിമറി വിജയം നേടിയതിനുശേഷം ദോഹയിലെ തെരുവുകളിലും ഫാന്‍ പാര്‍ക്കുകളിലും ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു. അപ്രകാരമാണ് ചില സൗദി ഫാന്‍സ് അവരുടെ ആനന്ദം പ്രകടിപ്പിച്ചത്. അതിനുപിന്നാലെ മെക്‌സിക്കോയുടെ ആരാധകരും അര്‍ജന്റീന ഫാന്‍സും തെരുവില്‍ ഏറ്റുമുട്ടി. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവിടെയും മെസി തന്നെയാണ് തെറി കേട്ടത്.

മെക്‌സിക്കോയുടെ പരിശീലകനായ ജെറാര്‍ഡ് മാര്‍ട്ടിനോയും വാക്‌പോരില്‍നിന്ന് മാറിനിന്നില്ല. മെസിക്ക് ലോകകപ്പ് നിഷേധിക്കാന്‍ തന്റെ പയ്യന്‍മാര്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്.
മെസിയുടെ അവസ്ഥ കണ്ടപ്പോള്‍ ബോക്‌സിങ്ങ് റിങ്ങിലെ ഇതിഹാസമായിരുന്ന മുഹമ്മദ് അലിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് ഓര്‍മവന്നത്.

36 വയസുള്ള സമയത്ത് അലി ഒരു അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു. 24-കാരനായ ലിയോണ്‍ സ്പിങ്ക്‌സ് അലിയെ ഇടിച്ചുവീഴ്ത്തി. അലിക്ക് ഹെവിവെയ്റ്റ് കിരീടം നഷ്ടമായി.
ആ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍ എഴുതി-

‘അലിയുടെ ചുണ്ടില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. അയാളുടെ നെറ്റിയില്‍ ചതവിന്റെ പാടുകളുണ്ടായിരുന്നു,’

പക്ഷേ ആ നാണക്കേടിന്റെ കറ അലി മാസങ്ങള്‍ക്കകം കഴുകിക്കളഞ്ഞു. സ്പിങ്ക്‌സിനെ അടിയറവ് പറയിച്ച് അലി കിരീടം തിരിച്ചുപിടിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖത്തിനുപോലും അലിയുടെ പോരാട്ടവീര്യത്തെ തടയാനായില്ല!

ചാമ്പ്യന്‍മാര്‍ അങ്ങനെയാണ്. അലി ഒരു ചാമ്പ്യനായിരുന്നു. മെസിയും ആ ജനുസ്സില്‍ ഉള്‍പ്പെടുന്നവനാണ്!
മെക്‌സിക്കോക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ജയം എന്ന ഓപ്ഷന്‍ മാത്രമേ അര്‍ജന്റീനയുടെ മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ. തോറ്റാല്‍ അവര്‍ക്ക് നാട്ടിലേയ്ക്ക് വിമാനം കയറാമായിരുന്നു. തുടരെ 36 മത്സരങ്ങള്‍ ജയിച്ച് ലോകകപ്പിനെത്തിയ, ഫേവറിറ്റ്‌സ് എന്ന ടാഗ് പേറുന്ന ടീമിനാണ് ഡൂ ഓര്‍ ഡൈ എന്ന അവസ്ഥ വന്നത്!

ഗുള്ളീര്‍മോ ഒച്ചാവോ എന്ന ഗോള്‍കീപ്പറായിരുന്നു നീലപ്പടയുടെ ഏറ്റവും വലിയ തലവേദന. കളിക്കുന്ന എല്ലാ ലോകകപ്പുകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിക്കുന്ന മഹാപ്രതിഭ. ഒരു ഗജവീരന്റെ ഗാംഭീര്യത്തോടെ ഗോള്‍വല കാക്കുന്നവന്‍…!

മെക്‌സിക്കോയുടെ പദ്ധതികള്‍ക്കനുസരിച്ചാണ് ആദ്യ പകുതിയില്‍ കാര്യങ്ങള്‍ നടന്നത്. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ മെസിക്കും സംഘത്തിനും കഴിഞ്ഞില്ല. മെസിക്കെതിരായ പുതിയ ട്രോളുകള്‍ അണിയറകളില്‍ രൂപം കൊള്ളാന്‍ തുടങ്ങിയിരുന്നു.

പെട്ടന്നാണ് അത് സംഭവിച്ചത്. കളിയുടെ അറുപത്തിനാലാം മിനുറ്റില്‍ എങ്ങുനിന്നോ ഒരു പന്ത് മെസിയുടെ ഇടംകാലില്‍ വന്നുചേര്‍ന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അയാള്‍ നിറയൊഴിച്ചു. എന്താണ് സംഭവിച്ചത് എന്ന് പലര്‍ക്കും മനസിലായില്ല! പോസ്റ്റിന്റെ മൂലയിലേക്ക് അളന്നുമുറിച്ച ഷോട്ട്. ഒച്ചാവോ നിസഹായനാകുന്നു! ഗോള്‍!

ഒറ്റ ഷോട്ട് ! ബോക്‌സറുടെ പെര്‍ഫെക്റ്റ് പഞ്ച് പോലെ ഒരെണ്ണം! മെക്‌സിക്കോയുടെ പോസ്റ്റിലെ ഗജവീരന്റെ മസ്തകം തകര്‍ക്കുന്നത് പോലുള്ള കിക്ക്! മാന്ത്രിക സ്പര്‍ശം!

അതുകൊണ്ടും അവസാനിച്ചില്ല. അര്‍ജന്റീനയുടെ അടുത്ത ഗോളിന് വഴിയൊരുക്കിയതും മെസി തന്നെ!
ബൈബിളില്‍ യേശുവിന്റെ മരണത്തെക്കുറിച്ചുള്ള വിവരണമുണ്ട്-

‘ശത്രുക്കള്‍ യേശുവിനെ ചാട്ട കൊണ്ട് തല്ലി. മുള്‍ക്കിരീടമുണ്ടാക്കി തലയില്‍ വെച്ചു. വലിയ കുരിശ് ചുമപ്പിച്ച് മലയിലേയ്ക്ക് നടത്തിച്ചു. കൈകാലുകള്‍ ആണി തറച്ച് ഉറപ്പിച്ചു. അവസാനം യേശു പ്രാണന്‍ വെടിഞ്ഞു. ആ ചേതനയറ്റ ശരീരത്തെപ്പോലും ശത്രുക്കള്‍ മുറിവേല്‍പ്പിച്ചു,’

പക്ഷേ മൂന്നാം നാള്‍ യേശു ഉയിര്‍ത്തെഴുന്നേറ്റു. മെസിയെ ചിലര്‍ മിശിഹാ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അയാള്‍ക്കും ഉയിര്‍ത്തെഴുന്നേല്‍പ്പാണ് വിധി അര്‍ജന്റീനയുടെ പരിശീലകന്‍ സ്‌കലോണി മത്സരത്തിനുമുമ്പ് ഒരു കാര്യം പറഞ്ഞിരുന്നു-

‘ഡീഗോ മറഡോണ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളെ നോക്കുന്നുണ്ടാവും’
ഇനി സ്‌കലോണി അതിനൊരു കൂട്ടിച്ചേര്‍ക്കല്‍ നടത്തുമായിരിക്കും- ‘ഡീഗോ ഇപ്പോള്‍ ചിരിക്കുകയാണ്. മെസിയാണ് അതിന്റെ കാരണം!”

Content Highlight: Sandeep Das’s write up about Argentina and Lionel Messi
സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more