തന്റെ കുട്ടിക്കാലത്ത് നടന്ന പേടിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍താരമായ റാഷിദ് ഖാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അയാളുടെ വാക്കുകള്‍ ഇങ്ങനെ-
”ഞാനൊരു അണ്ടര്‍-19 ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു. അര്‍ധരാത്രിയില്‍ ഒരു ബോംബ് പൊട്ടുന്ന ഒച്ച കേട്ട് ഞാനും കൂട്ടുകാരും ഞെട്ടിയുണര്‍ന്നു. ഭയം പടര്‍ന്നുകയറി. അക്രമികള്‍ ഞങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് വിചാരിച്ചു. പിറ്റേന്ന് രാവിലെ 8 മണി വരെ ഞങ്ങള്‍ മുറി പൂട്ടി ഉറങ്ങാതിരുന്നു. ഇന്നും ആ ബോംബിന്റെ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങാറുണ്ട്!”
റാഷിദ് ഖാന്‍ ഉള്‍പ്പടെയുള്ള എല്ലാ അഫ്ഗാനിസ്ഥാന്‍ താരങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത് ആ തീച്ചൂളയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അവരുടെ പോരാട്ടവീര്യം അവിശ്വസനീയമാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ പുരോഗതി ഉണ്ടാക്കിയ മറ്റൊരു ടീം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഉണ്ടാവില്ല.
2022 ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ നേരിടുമ്പോഴേക്കും അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞിരുന്നു. പക്ഷേ ഉപഭൂഖണ്ഡത്തിലെ വമ്പന്‍മാരായ ശ്രീലങ്കയോടും പാകിസ്ഥാനോടും ഇഞ്ചോടിഞ്ച് പൊരുതിയിട്ടാണ് മുഹമ്മദ് നബിയുടെ സംഘം കീഴടങ്ങിയത്. ഇന്ത്യയ്‌ക്കെതിരെ വിജയം നേടണമെന്ന് അവര്‍ വല്ലാതെ മോഹിച്ചിരുന്നു.
സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയതിനുശേഷം ഫരീദ് അഹമ്മദ് എന്ന ലെഫ്റ്റ് ആം സീമര്‍ നടത്തിയ ആഹ്ലാദപ്രകടനം കണ്ടാല്‍ അക്കാര്യം മനസ്സിലാക്കാമായിരുന്നു. യാതൊരു പ്രസക്തിയുമില്ലാത്ത ഒരു മാച്ച് കളിക്കുകയാണ് എന്ന് അഫ്ഗാന്‍ ചിന്തിച്ചിരുന്നതേയില്ല. അന്തസ്സോടെ മടങ്ങാനാണ് അവര്‍ പൊരുതിയിരുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയില്‍ അഫ്ഗാന്‍ കൂടുതല്‍ അപകടകാരികളായിരുന്നു.
മറുഭാഗത്തുള്ള ഇന്ത്യന്‍ ടീമിന്റെ കാര്യം പരിതാപകരമായിരുന്നു. കിരീടപ്രതീക്ഷയുമായി എത്തിയിട്ട് ഫൈനല്‍ പോലും കളിക്കാനായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാല്‍ കെ.എല്‍. രാഹുലാണ് ടീമിനെ നയിച്ചത്. റാഷിദ് ഖാനും മുജീബ് ഉര്‍ റഹ്‌മാനും അടങ്ങിയ അതിശക്തമായ ബൗളിങ്ങ് ആക്രമണത്തെയാണ് ഇന്ത്യയ്ക്ക് നേരിടാനുണ്ടായിരുന്നത്.
ഇതിനേക്കാള്‍ വലിയ വെല്ലുവിളികളെ തകര്‍ത്തുകളയാന്‍ ശേഷിയുള്ള ഒരു ബാറ്റര്‍ ഇന്ത്യയുടെ നിരയിലുണ്ടായിരുന്നു-വിരാട് കോഹ്‌ലി! പക്ഷേ ‘വില്ലന്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പോലെയായിരുന്നു വിരാടിന്റെ സ്ഥിതി. അയാള്‍ നിശബ്ദനായി പരിതപിക്കുന്നുണ്ടായിരുന്നു-
”ഓര്‍മകള്‍. എനിക്കിപ്പോള്‍ ആകെയുള്ളത് അതാണ്. ഞാന്‍ ഭൂതകാലത്തിലാണ് ജീവിക്കുന്നത്…!”
ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും ഇല്ലാതെ ആയിരത്തിലേറെ ദിവസങ്ങള്‍ വിരാട് പിന്നിട്ടിരുന്നു. ഫോം നഷ്ടം മാനസിക ആരോഗ്യത്തെ ബാധിച്ചുവെന്ന് വിരാട് വെളിപ്പെടുത്തിയിരുന്നു. ഒരു മാസത്തേയ്ക്ക് ബാറ്റ് കൈ കൊണ്ട് തൊടാതെ അയാള്‍ ജീവിച്ചിരുന്നു. നിറയെ ആളുകള്‍ ഉളള മുറിയില്‍ പോലും വിരാടിന് ഏകാന്തത അനുഭവപ്പെട്ടിരുന്നു!
ഈ നിലയിലുള്ള വിരാട് സകലതും സംഹരിച്ചുതള്ളാന്‍ വെമ്പിനില്‍ക്കുന്ന അഫ്ഗാനെതിരെ എങ്ങനെ തിളങ്ങാനാണ്!? പാകിസ്ഥാനെതിരെ കയ്യാങ്കളിക്കുപോലും മുതിര്‍ന്ന ഭ്രാന്തമായ അഫ്ഗാന്‍ വാശിയെ വിരാടിന് മറികടക്കാനാവുമോ!? കടുത്ത ആരാധകര്‍ പോലും സ്വയം ചോദിച്ചു.
എന്നാല്‍ വിരാട് റാഷിദിനെതിരെ ഒരു സിക്‌സര്‍ അടിച്ചു. ക്രീസില്‍നിന്ന് ചാടിയിറങ്ങുന്ന ബാറ്ററെ കണ്ട് റാഷിദ് കൗശലപൂര്‍വ്വം ഡെലിവെറിയുടെ വേഗത കൂട്ടി. എന്നിട്ടും പന്ത് കൗ കോര്‍ണര്‍ ദിശയിലൂടെ സ്റ്റാന്‍ഡ്‌സിലെത്തി!
അതൊരു സൂചനയായിരുന്നു. ബോംബുകളെ പോലും അതിജീവിച്ചുവന്ന അഫ്ഗാന്‍ ധീരന്‍മാരെ മെരുക്കാനുള്ള വെടിമരുന്ന് വിരാടിന്റെ പക്കല്‍ ഇപ്പോഴും ശേഷിക്കുന്നു എന്നതിന്റെ സൂചന!
പിന്നീട് കണ്ടത് ആ പഴയ വിരാടിനെയാണ്.
ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുമ്പോഴും വല്ലാത്ത സുരക്ഷിതത്വം ഉറപ്പുതരുന്ന പ്രതാപകാലത്തെ വിരാടിനെ…! കടുത്ത ചൂടിലും അനായാസം ഡബിളുകള്‍ ഓടിയെടുക്കുന്ന സൂപ്രീം അത്‌ലറ്റിനെ!
ഒരു സര്‍ജന്റെ മികവോടെ മൈതാനത്തിലെ ഗ്യാപ്പുകള്‍ കണ്ടെത്തുന്ന പ്രൊഫഷണലിനെ! 94-ല്‍ നില്‍ക്കുമ്പോള്‍ തട്ടിയും മുട്ടിയും സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനുപകരം സിക്‌സര്‍ പായിക്കുന്ന നിസ്വാര്‍ത്ഥനായ പോരാളിയെ!
സച്ചിന്റെ നൂറാം സെഞ്ച്വറിക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് നമ്മെ ഇതിനുമുമ്പ് ഇതുപോലെ വിഷമിപ്പിച്ചിട്ടുള്ളത്. ആ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ലിറ്റില്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു-
”നൂറാമത്തെ സെഞ്ച്വറി സ്വന്തമായപ്പോള്‍ ഞാന്‍ വായുവില്‍ ഉയര്‍ന്നുചാടി ആഘോഷിച്ചിരുന്നില്ല. ഞാന്‍ ആകാശത്തേയ്ക്ക് നോക്കി ചോദിച്ചു. എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിച്ചത്? ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്…!”
ആ ചോദ്യം വിരാടിനും നമുക്കും ഉന്നയിക്കാം. ഇങ്ങനെയൊരു സെഞ്ച്വറി വരള്‍ച്ചയുണ്ടാകാന്‍ മാത്രം വിരാട് എന്ത് അപരാധമാണ് ചെയ്തത്? അയാളുടെ ബാറ്റിങ്ങില്‍ ആനന്ദം കണ്ടെത്തിയിരുന്ന കളിപ്രേമികളായ നമ്മള്‍ എന്തു പിഴച്ചു!? എന്തിനായിരുന്നു ഇത്രയും കഠിനമായ പരീക്ഷണം! ആര്‍ക്കുമറിയില്ല!
കേവലം ഫോം നഷ്ടം മാത്രമല്ല വിരാടിന് സംഭവിച്ചിരുന്നത്. അയാളില്‍നിന്ന് ക്യാപ്റ്റന്‍സി പിടിച്ചുവാങ്ങി. വിരാടിന്റെ ഓരോ പ്രസ്താവനകളെയും പുച്ഛിക്കാന്‍ ബി.സി.സി.ഐയുടെ ഭാരവാഹികള്‍ തന്നെ മുന്നിട്ടുനിന്നു. മതത്തിന്റെ പേരില്‍ ആക്രമണം നേരിട്ട മുഹമ്മദ് ഷമിയെ പിന്തുണച്ച് സംസാരിച്ചതിനും വിരാട് തെറി കേട്ടു.
അയാളുടെ ഫോം മങ്ങലിനെക്കുറിച്ച് നൂറായിരം തിയറികള്‍ പുറത്തുവന്നു. വിരാടിന്റെ കാഴ്ച്ചശക്തി കുറഞ്ഞു എന്ന നിരീക്ഷണം ചിലര്‍ മുന്നോട്ടുവെച്ചു. അയാള്‍ വെജിറ്റേറിയനായതാണ് പ്രശ്‌നം എന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ വിരാടിന്റെ യഥാര്‍ത്ഥ പ്രശ്‌നം വേറെയായിരുന്നു. വിരാട് ഡിപ്രഷന്‍ എന്ന രോഗാവസ്ഥയിലേയ്ക്കുള്ള സഞ്ചാരത്തിലായിരുന്നു. അയാള്‍ക്ക് വേണ്ടിയിരുന്നത് ഒരു തലോടലായിരുന്നു. ”നിന്റെ കൂടെ ഞാനുണ്ട് ” എന്ന സാന്ത്വനമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് മനസിലാക്കാന്‍ മുന്‍ നായകന്‍ എം.എസ്. ധോണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ടെസ്റ്റ് ക്യാപ്റ്റന്‍സി കൈവിട്ടുപോയ സമയത്ത് തന്നോട് സംസാരിച്ചത് ധോണി മാത്രമാണെന്ന വിരാടിന്റെ പ്രസ്താവന പോലും വിവാദമായി. സുനില്‍ ഗവാസ്‌കറിനെപ്പോലുള്ള മുന്‍ താരങ്ങള്‍ വിരാടിനെതിരെ രംഗത്തെത്തി. വിരാട് ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായതിന്റെ പേരില്‍ അനുഷ്‌ക ശര്‍മയെ പരിഹസിച്ച ആളാണ് ഗാവസ്‌കര്‍ എന്നത് ഓര്‍ക്കണം.
എല്ലാ കടല്‍ക്കിഴവന്‍മാര്‍ക്കുമുള്ള മറുപടി വിരാട് അന്തസ്സായി തന്നെ നല്‍കി. 71-ാം സെഞ്ച്വറി കടന്നപ്പോള്‍ അയാള്‍ സ്വന്തം വിവാഹമാലയില്‍ ചുംബിച്ചു. അനുഷ്‌കയ്ക്കും മകള്‍ വാമികയ്ക്കും ഈ ഇന്നിംഗ്‌സ് സമര്‍പ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.
ഗാവസ്‌കര്‍മാര്‍ സ്ത്രീവിരുദ്ധതയും അമ്മാവന്‍ കോംപ്ലക്‌സും വെറുപ്പും പ്രചരിപ്പിക്കുമ്പോള്‍ വിരാട് അതിനെ സ്‌നേഹം കൊണ്ട് ജയിക്കുകയാണ്!
ഡെഡ് റബ്ബര്‍ മാച്ചില്‍ പിറന്നു എന്നതുകൊണ്ട് ഈ സെഞ്ച്വറിയുടെ മൂല്യം കുറയുന്നില്ല. 1999ലെ ലോകകപ്പില്‍ സച്ചിന്‍ കെനിയക്കെതിരെ ശതകം നേടിയിരുന്നു. സച്ചിന്റെ അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സായിരുന്നു അത്. സച്ചിന്റെ അച്ഛന്‍ മരിച്ചതിന്റെ നാലാംദിവസമാണ് കളി നടന്നത്. അത്തരമൊരു മാനസികാവസ്ഥയില്‍ പുറത്തെടുത്ത പ്രകടനത്തിനെ എതിരാളികളുടെ വലിപ്പം നോക്കി താഴ്ത്തിക്കെട്ടാന്‍ കഴിയില്ലല്ലോ!
വിരാടിന്റെ സെഞ്ച്വറി ഒരുപാട് കിടിലന്‍ ഇന്നിംഗ്‌സുകള്‍ക്കുള്ള വഴി വെട്ടിയിട്ടുണ്ട്. വിരാട് വീണ്ടും മൈതാനങ്ങളെ അടക്കിഭരിക്കാന്‍ പോവുകയാണ്. ആയതിനാല്‍ ഈ പ്രയത്‌നത്തെ ആഘോഷമാക്കുക തന്നെ വേണം.
ആരവങ്ങളടങ്ങുമ്പോള്‍ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ഇങ്ങനെ തിരിച്ചുവരാനുള്ള ശക്തി വിരാടിന് എങ്ങനെ ലഭിച്ചു? ആ കഥയും റാഷിദ് ഖാന്‍ തന്നെ പറയും. അയാള്‍ പണ്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്-
”ഒരിക്കല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഞങ്ങള്‍ക്ക് മത്സരമുണ്ടായിരുന്നു. വിരാടിന്റെ നെറ്റ്‌സിലെ പരിശീലനം ഞാന്‍ കണ്ടു. ഞങ്ങളുടെ പ്രാക്റ്റീസ് അവസാനിച്ചിട്ടും വിരാട് ബാറ്റിങ്ങ് തുടര്‍ന്നു. രണ്ട് മണിക്കൂറിലധികമാണ് അയാള്‍ അവിടെ ചെലവഴിച്ചത്! അത്ഭുതത്തോടെയും ആദരവോടെയും ഞാന്‍ അത് നോക്കിനിന്നു!”
ദുബായിലെ വിരാടിന്റെ സിക്‌സര്‍ കണ്ടപ്പോള്‍ റാഷിദിന്റെ മുഖത്ത് പ്രതിഫലിച്ചത് അത്ഭുതം തന്നെയായിരുന്നു! തന്നെ പ്രഹരിക്കുന്ന ബാറ്റര്‍മാരോട് കയര്‍ക്കുന്ന സ്വഭാവക്കാരനായ റാഷീദ് വിരാടിനുനേരെ പ്രകടിപ്പിച്ചത് ഒരേയൊരു വികാരമായിരുന്നു-ആദരവ്!
അങ്ങകലെ മുംബൈയിലെ വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അഞ്ഞൂറാന്‍ ശൈലിയില്‍ വിരാടിനെ നീട്ടിവിളിക്കുന്നു- ”കേറിവാടാ മോനേ…കേറിവാ…! ”
Content highlight: Sandeep Das about Afghanistan and Virat Kohli